ഗസ്സയിൽ നിന്ന് ഫലസ്തീനികളെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ ‘ഫലസ്തീൻ വിൽപനക്കല്ല’ എന്ന മുദ്രാവാക്യമുയർത്തി വൈറ്റ് ഹൗസിനുമുന്നിൽ പ്രതിഷേധിക്കുന്നവർ
വാഷിങ്ടൺ: അയൽപക്കത്തെ ഗ്രീൻലൻഡ് ദ്വീപും പനാമ കനാലും പിടിച്ചടക്കുമെന്നും കാനഡയെ 51ാം യു.എസ് സംസ്ഥാനമാക്കി മാറ്റുമെന്നും പ്രഖ്യാപിച്ച് അധികാരമേറിയയാളുടെ പുതിയ വിളംബരമായി ഗസ്സ ഏറ്റെടുക്കൽ. 20 ലക്ഷത്തിലേറെ ഗസ്സക്കാരെ നാടുകടത്തി തുരുത്തിനെ അമേരിക്ക ഭരിക്കുന്ന പശ്ചിമേഷ്യയുടെ കടൽത്തീര സുഖവാസ കേന്ദ്രമാക്കി മാറ്റാൻ സേനയെ അയക്കാൻ ഒരുക്കമാണെന്ന് പ്രമുഖ റിയൽ എസ്റ്റേറ്റ് വ്യവസായി കൂടിയായ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറയുന്നു.
തരിപ്പണമായി കിടക്കുന്ന ഗസ്സയിൽ നാട്ടുകാർക്കിനി ജീവിക്കാനാകില്ലെന്നും സമാധാനവും സന്തോഷവും വേണമെങ്കിൽ അവരെ മറ്റുള്ളവർ ഏറ്റെടുത്ത് കുടിയിരുത്തണമെന്നുമാണ് നിർദേശം. മരുമകൻ ജാരെഡ് കുഷ്നർ കഴിഞ്ഞവർഷം അവതരിപ്പിച്ച ഗസ്സ സുഖവാസ കേന്ദ്ര പദ്ധതിയാണ് വൈറ്റ്ഹൗസിൽ നെതന്യാഹുവിനെ അരികിൽ നിർത്തി നൂറുകണക്കിന് മാധ്യമപ്രവർത്തകർക്ക് മുന്നിൽ ട്രംപ് വീണ്ടും പ്രഖ്യാപിച്ചത്.
ജോർഡൻ, ഈജിപ്ത് എന്നിവരും മറ്റ് അറബ് രാജ്യങ്ങളും ചേർന്ന് 20 ലക്ഷം ഗസ്സക്കാരെ ഏറ്റെടുത്ത് സ്ഥലം കൈമാറണമെന്നാണ് നിർദേശം. അതുകഴിഞ്ഞ്, അവിടെയെത്തി ഗസ്സയിൽ പൊട്ടാതെ കിടക്കുന്ന ബോംബുകൾ നിർവീര്യമാക്കുന്നതുൾപ്പെടെ ജോലികൾ നടത്തുമെന്നും ലോകത്തെവിടെയുമുള്ളവരുടെ ഇഷ്ടവിനോദസഞ്ചാര കേന്ദ്രമായി മാറ്റുമെന്നുമാണ് ട്രംപിന്റെ വാക്കുകൾ.
വൈറ്റ്ഹൗസിലെ ഏറ്റവും വലിയ സുഹൃത്താണ് ഇതെല്ലാം പറഞ്ഞതെന്ന് നെതന്യാഹു വാഴ്ത്തിയതിനുപിന്നാലെ പുതിയ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയും ട്രംപിനെ പിന്തുണച്ച് സമൂഹമാധ്യമത്തിൽ എത്തിയിട്ടുണ്ട്. ‘ഗസ്സയെ വീണ്ടും സുന്ദരമാക്കാം’ ദൗത്യം ഏറ്റെടുക്കാൻ യു.എസ് സന്നദ്ധമാണെന്നും മേഖലയിൽ ഏവർക്കും സമാധാനമാണ് ലക്ഷ്യമെന്നും ‘എക്സി’ൽ റൂബിയോ കുറിച്ചു.
ഗസ്സക്കാരെ കുടിയൊഴിപ്പിക്കണമെന്ന ഇസ്രായേൽ തീവ്രവലതുപക്ഷത്തിന്റെ ആവശ്യം മുൻ പ്രസിഡന്റ് ജോ ബൈഡൻ പോലും അംഗീകരിച്ചിരുന്നില്ല. എന്നാൽ, അതല്ല തന്റെ വഴിയെന്ന് പ്രഖ്യാപിച്ച ട്രംപ്, ഗസ്സയെ ഏറ്റെടുക്കുന്നതിൽ സൈനിക നീക്കമടക്കം ആവശ്യമായതെല്ലാം ചെയ്യുമെന്ന് ആവർത്തിക്കുന്നു. പശ്ചിമേഷ്യയിലും അഫ്ഗാനിലും ലിബിയയിലും സമീപകാലത്ത് നിരവധി സൈനിക നീക്കങ്ങൾ നടത്തിയ യു.എസിന് ഗസ്സ പിടിച്ചടക്കാനും എളുപ്പമാണെന്നതാകാം ട്രംപിനെ കൊതിപ്പിക്കുന്നത്. പശ്ചിമേഷ്യയിൽ സമാധാനത്തിന് എന്തും ചെയ്യുമെന്നും അനുബന്ധമായി അദ്ദേഹം പറയുന്നു.
എന്നാൽ, ഫലസ്തീനികളില്ലാത്ത ഗസ്സയെന്ന മോഹം അംഗീകരിക്കില്ലെന്ന് എന്നും എപ്പോഴും കൂടെനിൽക്കാറുള്ള ബ്രിട്ടനടക്കം അറിയിച്ചിട്ടുണ്ട്. അറബ് രാജ്യങ്ങൾ ഏറ്റവും കടുത്തഭാഷയിലാണ് വിയോജിപ്പ് രേഖപ്പെടുത്തിയത്. സ്വന്തം രാജ്യത്തെ അനധികൃത കുടിയേറ്റക്കാരെ ഗ്വണ്ടാനമോയിലേക്ക് വിമാനം കയറ്റിവിട്ട പ്രസിഡന്റ് ട്രംപ്, നെതന്യാഹുവിനുവേണ്ടി ഗസ്സയിൽ എന്തെല്ലാം കാണിക്കുമെന്ന ആശങ്ക മേഖലയിൽ നിലനിൽക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.