സവാഹിരി: നേത്രരോഗ വിദഗ്ധനിൽനിന്ന് ഭീകരസംഘടനയുടെ അമരത്തേക്ക്

കാബൂൾ: ഈജിപ്തിന്റെ തലസ്ഥാനനഗരമായ കൈറോയുടെ പ്രാന്തപ്രദേശത്ത് കണ്ണ് ശസ്ത്രക്രിയ വിദഗ്ധനായി സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കെ എത്തിയ സന്ദർശകനാണ് അയ്മൻ അൽസവാഹിരിയുടെ ജീവിതം മാറ്റിമറിച്ചത്. അഫ്ഗാനിസ്താനിൽ സോവിയറ്റ് സേനക്കെതിരെ പൊരുതുന്ന പോരാളികൾക്ക് ചികിത്സ നൽകാൻ അങ്ങോട്ടു പോരുമോയെന്നായിരുന്നു ചോദ്യം. അന്ന് ഈജിപ്തിൽനിന്ന് വിമാനം കയറിയയാൾ മൂന്നുപതിറ്റാണ്ടുകാലം അഫ്ഗാനിൽ കഴിഞ്ഞു. അഫ്ഗാൻ-പാക് മേഖലകളിൽ കണ്ടുപരിചയപ്പെട്ട ഉസാമ ബിൻലാദിനൊപ്പം ഉപദേഷ്ടാവായും വ്യക്തിഗത ഭിഷഗ്വരനായും ചെലവിട്ട ആ കാലം സവാഹിരിയെ ശരിക്കും രൂപപ്പെടുത്തിയിരുന്നു. 1993ൽ ഇസ്‍ലാമിക് ജിഹാദ് എന്ന സംഘടനയുടെ തലപ്പത്തെത്തിയ അദ്ദേഹം 1990കളിൽ ഈജിപ്തിലെ ഭരണകൂടത്തിനെതിരെ പ്രവർത്തിച്ചും ശ്രദ്ധനേടി.

1998ൽ ബിൻലാദിനൊപ്പം നിർണായക ചുമതലകളുള്ള ഉപനേതാവായാണ് അൽഖാഇദയിൽ തുടക്കം. കെനിയയിലെയും ടാൻസാനിയയിലെയും അമേരിക്കൻ എംബസികളിൽ അതേവർഷം നടന്ന ബോംബാക്രമണങ്ങളോടെയാണ് അമേരിക്കക്കെതിരെ പരസ്യ ആക്രമണവുമായി രംഗത്തെത്തുന്നത്. ഇരുവരും ഒന്നിച്ച് പദ്ധതിയിട്ട് 2001 സെപ്റ്റംബർ 11ന് അമേരിക്കയിൽ നടത്തിയ ഭീകരാക്രമണങ്ങളോടെ അൽഖാഇദയെ ലോകം കൂടുതൽ ഭീതിയോടെ കണ്ടുതുടങ്ങി.

ലോക വ്യാപാരകേന്ദ്രവും പെന്റഗണും ആക്രമിക്കപ്പെട്ടതോടെ ഉസാമ ബിൻലാദിൻ അമേരിക്കയുടെ ഒന്നാം നമ്പർ ശത്രുവായി. മുന്നിൽ ഉസാമ നയിച്ചപ്പോൾ തന്ത്രങ്ങളും സംഘാടന മികവുമായി സവാഹിരി എല്ലാറ്റിനും ചുക്കാൻപിടിച്ചു. ലോകം മുഴുക്കെ പടർന്നുപിടിച്ചതായിരുന്നു അൽഖാഇദയുടെ ലോകം. അമേരിക്ക കൊടുംകുറ്റവാളികളുടെ പട്ടികയിൽപെടുത്തി 2.5 കോടി ഡോളറാണ് സവാഹിരിയുടെ തലക്ക് വിലയിട്ടത്. അൽഖാഇദക്കായി നിരന്തരം വിഡിയോകൾ പുറത്തുവിട്ട് നിറഞ്ഞുനിന്നപ്പോഴും സവാഹിരി സ്വയം വിധിച്ചത് ഒളിവുജീവിതമായിരുന്നു. പശ്ചിമേഷ്യയിലും ഉത്തര ആഫ്രിക്കയിലും ഏഷ്യയിലും യൂറോപ്പിലുമായി അൽഖാഇദ നടത്തിയ എണ്ണമറ്റ ആക്രമണങ്ങൾക്കും സവാഹിരി ചുക്കാൻപിടിച്ചു. 2004ലെ മഡ്രിഡ് ട്രെയിൻ ബോംബാക്രമണവും 2005ലെ ലണ്ടൻ ബോംബിങ്ങും ഇതിന്റെ തുടർച്ചയായിരുന്നു.

2011ൽ പാക് നഗരമായ അബട്ടാബാദിൽ യു.എസ് ആക്രമണത്തിൽ ഉസാമ കൊല്ലപ്പെട്ടപ്പോൾ സംഘടനയുടെ തലപ്പത്ത് സവാഹിരി ഒറ്റയാനായി. പിന്നീടും ഒളിവിൽതന്നെയായിരുന്നു ഒരുപതിറ്റാണ്ടിലേറെ നീണ്ടകാലത്തെ ജീവിതം. വർഷങ്ങൾ ദുരൂഹതയായി തുടർന്ന അദ്ദേഹത്തിന്റെ സാന്നിധ്യം പാകിസ്താനും അഫ്ഗാനിസ്താനുമിടയിൽ എവിടെയോ ആണെന്ന് യു.എസ് മനസ്സിലാക്കിയിരുന്നു. ഇതിന്റെ ഭാഗമായി 2006ൽ നടന്ന യു.എസ് ആക്രമണത്തിൽനിന്ന് അദ്ദേഹം രക്ഷപ്പെട്ടു. നാല് അൽഖാഇദ അംഗങ്ങൾ സംഭവത്തിൽ കൊല്ലപ്പെട്ടു.

ഒടുവിൽ കഴിഞ്ഞ വർഷം താലിബാനെ ഏൽപിച്ച് അഫ്ഗാനിൽനിന്ന് മടങ്ങിയ യു.എസ് പക്ഷേ, അവിടെ സവാഹിരിയെ കൃത്യമായി പിന്തുടരുന്നുണ്ടായിരുന്നു. അതാണ് മാസങ്ങൾ നീണ്ട ആസൂത്രണങ്ങൾക്കൊടുവിൽ ഞായറാഴ്ച ഹെൽഫയർ മിസൈലിന്റെ രുപത്തിൽ എത്തുന്നത്.

ഡോക്ടർമാരും പണ്ഡിതരുമേറെയുള്ള കുടുംബത്തിൽ 1951ലാണ് സവാഹിരിയുടെ ജനനം. പിതാവ് ഫാർമക്കോളജി പ്രഫസറായിരുന്നു.

വധിച്ചത് മാസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിൽ

കാബൂൾ: നീണ്ട ആസൂത്രണത്തിനൊടുവിലാണ് യു.എസ് രഹസ്യാന്വേഷണ വിഭാഗം സവാഹിരിയെ കണ്ടെത്തുന്നതും ഇല്ലാതാക്കുന്നതും. കഴിഞ്ഞ വർഷം ആഗസ്റ്റിൽ താലിബാൻ അഫ്ഗാനിൽ വീണ്ടും ഭരണം പിടിക്കുന്നതോടെ മറ്റ് അൽഖാഇദ നേതാക്കളെപ്പോലെ സവാഹിരിയും രാജ്യത്ത് മടങ്ങിയെത്തുമെന്ന് സൂചനയുണ്ടായിരുന്നു. മാസങ്ങൾക്കുമുമ്പാണ് സവാഹിരി ചൂർപൂരിലെ വീട്ടിലേക്ക് മാറുന്നത്. കാബൂൾ നഗരത്തിൽ സുരക്ഷ മതിലുകളുള്ള, സമ്പന്നർ താമസിക്കുന്ന ചൂർപൂരിലെ വീട്ടിൽ ഭാര്യയും മക്കളും കൂടെ താമസിച്ചിരുന്നു. വിദേശ എംബസികൾ, നയതന്ത്ര പ്രതിനിധികളുടെ വസതികൾ എന്നിവയൊക്കെയുമുള്ള പ്രദേശമാണിത്. താലിബാൻ നേതൃത്വവും ഇവിടെത്തന്നെയായിരുന്നു താമസം.

ഈ വീട്ടിലെത്തിയശേഷം സവാഹിരി ഒരിക്കൽപോലും പുറത്തിറങ്ങിയില്ല. എന്നാൽ, ചിലപ്പോഴെങ്കിലും ബാൽക്കണിക്ക് പുറത്തിറങ്ങിയിരുന്നതായി കണ്ടെത്തി. ഈസമയം തിരിച്ചറിഞ്ഞായിരുന്നു കൃത്യം നടപ്പാക്കൽ.

മേയ്, ജൂൺ മാസങ്ങളിൽ യു.എസ് നേതൃത്വം യുക്രെയ്നിൽ 'കുടുങ്ങി'യതാണ് കൃത്യം നടപ്പാക്കൽ വൈകിച്ചത്. അതിനിടെയും സവാഹിരിയുമായി ബന്ധപ്പെട്ട നേതൃതല ആശയവിനിമയം തുടർന്നു. സവാഹിരി കൊല്ലപ്പെടുമ്പോൾ കൂടെ സിവിലിയന്മാർ മരിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതായിരുന്നു നിർണായകം. ജൂലൈ ഒന്നിന് സി.ഐ.എ ഡയറക്ടർ വില്യം ബേൺസടക്കം പ്രമുഖരെ ബൈഡൻ വിളിപ്പിച്ചു. കെട്ടിടവും സ്ഥലവുമുൾപ്പെടെ എല്ലാ വിവരങ്ങളും യോഗം ചർച്ചചെയ്തു. പിന്നീടുള്ള ദിവസങ്ങളിലും വൈറ്റ്ഹൗസിലെ മുറിയിലിരുന്ന് തിരക്കിട്ട നീങ്ങൾ. ജൂലൈ 28നായിരുന്നു ബൈഡൻ അന്തിമ അനുമതിയിൽ ഒപ്പുവെച്ചത്. ഞായറാഴ്ച രാവിലെ 6.18നായിരുന്നു ബാൽക്കണിയിലുണ്ടായിരുന്ന സവാഹിരിയെത്തേടി രണ്ട് മിസൈലുകൾ പാഞ്ഞെത്തിയത്. 

സവാഹിരിയുടെ മൃതദേഹം എവിടെ?

കാബൂൾ: സവാഹിരിയുടെ മൃതശരീരത്തിന് എന്തു സംഭവിച്ചുവെന്നത് സംബന്ധിച്ച് ഇനിയും വ്യക്തതയില്ല. ഉസാമ ബിൻലാദിനെ വധിച്ച ശേഷം ചെയ്തപോലെ ശരീരാവശിഷ്ടങ്ങൾ വീണ്ടെടുക്കാൻ ശ്രമിച്ചിട്ടില്ലെന്ന് യു.എസ് സേന വ്യക്തമാക്കുന്നു. സ്ഥലം പിന്നീട് വളഞ്ഞ താലിബാനും ഇതേ കുറിച്ച് പ്രതികരിച്ചിട്ടില്ല. സവാഹിരിക്കുനേരെയാണ് ആക്രമണം നടന്നതെന്നുപോലും വ്യക്തമാക്കുന്നില്ല. സ്ഥലം ഇപ്പോഴും താലിബാൻ സുരക്ഷ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാണ്.

Tags:    
News Summary - From Ophthalmologist to Head of Terrorist Organisation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.