ആഫ്രിക്കൻ യുവാവിനെ വെടിവെച്ചുകൊന്ന സംഭവം; കുടുംബാംഗങ്ങളോട് മാപ്പ് പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥൻ

പാരീസ്: ഫ്രാൻസിൽ പൊലീസ് ഉദ്യോഗസ്ഥൻ 17 കാരനായ ആഫ്രിക്കൻ യുവാവിനെ വെടിവെച്ചു​കൊന്ന സംഭവത്തിൽ പ്രതിഷേധങ്ങൾ അക്രമാസക്തമായതോടെ, ഉദ്യോഗസ്ഥൻ യുവാവിന്റെ കുടുംബത്തോട് മാപ്പ് പറഞ്ഞു. ഉദ്യോഗസ്ഥൻ മാപ്പ് പറഞ്ഞതായി അദ്ദേഹത്തിന്റെ അഭിഭാഷകനാണ് അറിയിച്ചത്. മാപ്പ്, കുടുംബത്തോട് മാപ്പ് എന്നാണ് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതെന്ന് അഭിഭാഷകനായ ലോറന്റ്-ഫ്രാങ്ക് ലിയനാർഡ് ബി.എഫ്.എം.ടി.വിയോട് പറഞ്ഞു.

ഉദ്യോഗസ്ഥൻ ആകെ തകർന്നിരിക്കുകയാണെന്നും അദ്ദേഹം ആരെയും കൊല്ലാൻ വേണ്ടിയല്ല രാവിലെ ഉറക്കമെഴുന്നേൽക്കുന്നതെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് പാരീസിനടുത്ത് അൾജീരിയൻ -മൊറോക്കൻ വംശജനായ നഹെൽ എം എന്ന കൗമാരക്കാരനെ നാന്ററെ ട്രാഫിക്ക് സ്റ്റോപ്പിൽ വെച്ച് പൊലീസ് ഉദ്യോഗസ്ഥൻ വെടിവെച്ചുകൊന്നത്. ട്രാഫിക് സ്റ്റോപ്പിൽ വാഹനം നിർത്താൻ പൊലീസ് ആവശ്യപ്പെട്ടിട്ടും യാത്ര തുടർന്നതാണ് വെടിവെപ്പിനിടയാക്കിയത്.

ഇടതുകൈയിലൂടെ നെഞ്ചിൽ തുളഞ്ഞ് കയറിയ ഒറ്റ വെടിയേറ്റാണ് നഹേൽ മരിച്ചത്. നിർത്താൻ ആവശ്യപ്പെട്ടിട്ടും വാഹനം നിർത്താതെ, തനിക്കോ മറ്റ് ഉദ്യോഗസ്ഥർക്കോ യുവാവ് അപകടം വരുത്തുമെന്ന് ഭയന്നാണ് വെടിവെച്ചതെന്നാണ് ​​പരിക്കേൽക്കുമെന്ന് ഭയന്നാണ് പൊലീസ് ഉദ്യോഗസ്ഥന്റെ മൊഴി. പൊലീസുകാരനെതിരെ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്.

സംഭവത്തെ തുടർന്ന് ചൊവ്വാഴ്ച അക്രമം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഫ്രാൻസിലെ പ്രധാന നഗരങ്ങളിൽ രൂക്ഷമായ അക്രമങ്ങളാണ് ഉണ്ടായത്. വ്യാപകമായ തീവെപ്പും കൊള്ളയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അക്രമം നിയന്ത്രിക്കാൻ പൊലീസ് കഠിനശ്രമത്തിലാണ്. പ്രതിഷേധവുമായി ബന്ധപ്പെട്ട് 400 ഓളം പേരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. അക്രമം തടയുന്നതിനായി രാജ്യത്തുടനീളം 40,000 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

സെൻട്രൽ പാരീസിൽ ഒരു ഷൂ സ്റ്റോർ തകർത്തതിന് 14 പേരെ അറസ്റ്റ് ചെയ്യുകയും റൂ ഡി റിവോലി ഷോപ്പിങ് സ്ട്രീറ്റിൽ സ്റ്റോർ ജനലുകൾ തകർത്ത ശേഷം മോഷണം നടത്തിയതിന് 16 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

Tags:    
News Summary - France unrest: Cop who shot dead African teen says sorry to family, over 400 arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.