കിയവ്: 1986 ഏപ്രിൽ 26, ലോകം നടുക്കിയ ഏറ്റവും വലിയ ആണവ ദുരന്തങ്ങളിലൊന്ന് സംഭവിച്ച രാത്രി. അന്നാണ് ചെർണോബിലിൽനിന്ന് ആണവ വികിരണങ്ങൾ ജീവനുകൾക്കുമേൽ ഒഴുകിയെത്തിയത്. അമേരിക്ക ഹിരോഷിമയിൽ വർഷിച്ച അണു ബോംബിന്റെ 500 മടങ്ങിലധികം തീവ്രതയുണ്ടായിരുന്നു ആ ദുരന്തത്തിന്. റിയാക്ടറിലെ അഞ്ച് ശതമാനം ഇന്ധനം മാത്രം ചോർന്നപ്പോഴേക്ക് മരണപ്പെട്ടത് ആയിരങ്ങൾ. വിവിധ സംഘടനകളുടെ കണക്കുകൾ പ്രകാരം ചെർണോബിൽ ആണവികിരണമേൽപ്പിച്ച ദുരന്തത്തിൽ കഴിഞ്ഞ നാലുപതിറ്റാണ്ടിനിടെ മരിച്ചത് ഏകദേശം രണ്ടുലക്ഷത്തോളം ആളുകൾ.
ചെർണോബിൽ ആണവദുരന്തം നടന്നിട്ട് നാലു പതിറ്റാണ്ടാകുന്നു. ആണവശക്തി ലോകത്തിന് എത്ര അപകടകരമാണെന്ന് പലതവണ ലോകം കണ്ടു. എന്നാൽ വീണ്ടും ആ ഭീഷണി നമ്മുടെ കൺമുന്നിൽതന്നെ എത്തിനോക്കിക്കൊണ്ടിരിക്കുന്നു. അന്നൊരു ചെറിയ പിഴവ് തീർത്തത് ലോകംകണ്ട ഏറ്റവും വലിയ ദുരന്തമായിരുന്നെങ്കിൽ ഇന്ന് ചെർണോബിൽ ആണവനിലയമിരിക്കുന്ന യുക്രൈനിൽ നടന്നത് ഏറ്റവും ക്രൂരമായ യുദ്ധക്കലിതന്നെയായിരുന്നു.
2025ൽ റഷ്യ ഡ്രോൺ ആക്രമണത്തിലൂടെ ലക്ഷ്യമിട്ടത് ചെർണോബിൽ ആണവനിലയത്തെയായിരുന്നു. ഒരുനാൾ സോവിയറ്റ് യൂനിയൻ ലോകത്തിനുമുന്നിൽനിന്ന് മൂടിവെക്കാൻ ശ്രമിച്ച അതേ ചെർണോബിലിനെ. റഷ്യയുടെ ഡ്രോൺ ആക്രമണത്തിൽ തകർന്ന ചെർണോബിൽ ആണവനിലയത്തിന്റെ ഒരു ഭാഗം ഇപ്പോഴും പൂർണമായി അറ്റകുറ്റപ്പണി ചെയ്യാനായിട്ടില്ല. റേഡിയോ ആക്ടീവ് സൈറ്റ് പൂർണമായി സംരക്ഷിക്കുന്നതിന് ചെലവേറിയ അറ്റകുറ്റപ്പണികൾ ആവശ്യമാണ്. ലോകത്തിലെ ഏറ്റവും വലിയ ആണവ ദുരന്തത്തിന് ഇരയായ ചെർണോബിൽ ആണവ നിലയത്തിന്റെ ഭാഗം മൂടുന്ന സംരക്ഷണ കമാനത്തിലേക്കാണ് കഴിഞ്ഞ വർഷം റഷ്യൻ സ്ട്രൈക്ക് ഡ്രോൺ ഇടിച്ചുകയറിയത്. ഒഴിവായത് മറ്റൊരു വലിയ ലോക ദുരന്തംതന്നെയായിരുന്നു. ഇപ്പോഴും ആണവവികിരണച്ചോർച്ചയുള്ള റിയാക്ടർ ലോകത്തിന് ഭീഷണിതന്നെയാണ്. അതുകൊണ്ടുതന്നെയാണ് വികിരണങ്ങൾ ചോർന്നുപോകാതെ സംരക്ഷിത കവചത്തിനുള്ളിൽ റിയാക്ടറുകളെ ഒളിപ്പിച്ചുവെച്ചിരുന്നത്. കിയവിൽനിന്ന് ഏകദേശം 100 കിലോമീറ്റർ വടക്ക് മാറി ആൾതാമസമില്ലാത്ത വനപ്രദേശത്താണ് ഈ പ്ലാന്റ്. ഇവിടുത്തെ കേടായ റിയാക്ടറുകൾ മൂടുന്ന 256 മീറ്റർ വീതിയുള്ള ഉരുക്ക് പാനലിനാണ് ഡ്രോൺ ആക്രമണത്തിൽ ദ്വാരമുണ്ടായത്. തൊഴിലാളികൾ ഈ ദ്വാരം അടക്കാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാൽ അപകടകരമായ അന്തരീക്ഷം പൂർണമായും ഒഴിവാക്കണമെങ്കിൽ ഇനിയും ഒരുപാട് അറ്റകുറ്റപ്പണികൾ വേണം.
മിക്കയിടങ്ങളിലും ആണവവികിരണച്ചോർച്ചയുടെ അളവ് സാധാരണ നിലയിലാണെങ്കിലും പണ്ട് അപകടമുണ്ടായ റിയാക്ടറിന് ചുറ്റുമുള്ള ഇടങ്ങളിൽ ചോർച്ച ഇപ്പോഴും വലിയ ഭീഷണിയുയർത്തുന്നുണ്ട്. അറ്റകുറ്റപ്പണി നടത്തുന്നവർക്കും അതിന് മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥർക്കും കുറച്ച് മിനിറ്റുകൾ അല്ലെങ്കിൽ മണിക്കൂറുകൾ മാത്രമേ ഇവിടെ ജോലി ചെയ്യാൻ സാധിക്കൂ. അറ്റകുറ്റപ്പണികൾക്ക് ധാരാളം തൊഴിലാളികൾ ആവശ്യമാണ്, എന്നാൽ അത് എളുപ്പത്തിൽ ലഭ്യമാവുന്നുമില്ല.
2025 ഫെബ്രുവരി 14ന് നടന്ന ഡ്രോൺ ആക്രമണത്തിൽ ഈ പ്രദേശത്ത് ആഴ്ചകളോളം നീണ്ടുനിന്ന തീപിടുത്തമുണ്ടായിരുന്നു. 1986ൽ സോവിയറ്റ് അധികൃതർ റിയാക്ടറിന് മുകളിൽ തിടുക്കത്തിൽ നിർമിച്ച സ്റ്റീൽ-കോൺക്രീറ്റ് ഘടനയുടെ സീലിങ്ങിൽ കേടുപാടുകൾ സംഭവിച്ചു. 100 വർഷം ആണവചോർച്ചയിൽനിന്ന് സുരക്ഷ ഉറപ്പാക്കാനായി 2016ൽ നിർമിച്ച കവചത്തിനാണ് ഇപ്പോൾവീണ്ടും കേടുപാടുകൾ പറ്റിയിരിക്കുന്നത്.
‘നാശനഷ്ടങ്ങൾ ഏറെയാണ്. അപകടസാധ്യത കൂടുതലാണ്. ആക്രമണംമൂലം ആണവറിയാക്ടറിന്റെ ഭീഷണി വീണ്ടും കൂടുകയാണ്. ആണവ സുരക്ഷയുടെ കാര്യത്തിൽ അപകടസാധ്യത നിലനിൽക്കുന്നുണ്ട്’ -യൂറോപ്യൻ ബാങ്ക് ഫോർ റീകൺസ്ട്രക്ഷൻ ആൻഡ് ഡെവലപ്‌മെന്റ് പ്രസിഡന്റ് ഒഡൈൽ റെനോഡ്-ബാസോ പറയുന്നു. ആണവ പ്ലാന്റിന്റെ അറ്റകുറ്റപ്പണികൾക്കായി ഫണ്ട് സ്വരൂപിക്കാനാണ് ബാങ്ക് ശ്രമിക്കുന്നതെന്നും ഇതിന് കുറഞ്ഞത് 500 ദശലക്ഷം യൂറോയെങ്കിലും ചിലവ് വരുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
അതേസമയം ആണവ റിയാക്ടറിനുനേരെയുള്ള ആക്രമണത്തിൽ പങ്കില്ലെന്നാണ് റഷ്യയുടെ വാദം. യുക്രൈൻ, പടിഞ്ഞാറൻ രാജ്യങ്ങളിൽനിന്ന് കൂടുതൽ ആയുധവും പണവും ലഭിക്കുന്നതിനായി നടത്തിയ ആക്രമണമാണിതെന്നാണ് റഷ്യയുടെ വാദം. എന്നാൽ യുക്രൈൻ ഇത് നിഷേധിച്ചിട്ടുണ്ട്.
റഷ്യ ആവർത്തിച്ച് ഡ്രോണുകളും മിസൈലുകളും ഈ കേന്ദ്രത്തിന് സമീപത്തേക്ക് അയച്ചിട്ടുണ്ടെന്നും 2024 ജൂൺ മുതൽ ആണവ ഷീൽഡിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ കുറഞ്ഞത് 92 റഷ്യൻ ഡ്രോണുകളെങ്കിലും പറന്നതായി റഡാറുകൾ കണ്ടെത്തിയിട്ടുണ്ടെന്നും യുക്രൈൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.