വാഷിങ്ടൺ: യു.എസിൽ തദ്ദേശീയരായ തൊഴിലാളികൾക്ക് പകരം കുറഞ്ഞവേതനത്തിന് വിദേശ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള എച്ച്1-ബി വിസ പ്രോഗ്രാം മൂന്ന് വർഷത്തേക്ക് താൽക്കാലികമായി നിർത്തണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക്കൻ പ്രതിനിധികൾ യു.എസ് കോൺഗ്രസിൽ ബിൽ അവതരിപ്പിച്ചു.
അരിസോണയിൽ നിന്നുള്ള എലി ക്രെയിൻ ആണ് എൻഡ് എച്ച്-1ബി വിസ അബ്യൂസ് ആക്റ്റ് ബിൽ അവതരിപ്പിച്ചത്. മറ്റ് ഏഴ് റിപ്പബ്ലിക്കൻ പ്രതിനിധികൾ ഇതിനെ പിന്തുണച്ചു. വിദേശ തൊഴിലാളികളുടെ വേതന വാർഷിക പരിധി 65,000 ൽ നിന്ന് 25,000 വരെആയി കുറയ്ക്കുന്നതും പ്രതിവർഷം 2,00,000 യുഎസ് ഡോളറിൽ കൂടരുതെന്നും നിർദേശിക്കുന്നതാണ് ബിൽ. എച്ച്-1ബി വിസ ഉടമകൾ ആശ്രിതരെ യു.എസിലേക്ക് കൊണ്ടുവരുന്നത് തടയണമെന്നും ബിൽ നിർദ്ദേശിക്കുന്നു. റിപ്പബ്ലിക്കൻ അംഗങ്ങളായ ബ്രയാൻ ബാബിൻ, ബ്രാൻഡൻ ഗിൽ, വെസ്ലി ഹണ്ട്, കീത്ത് സെൽഫ് , ആൻഡി ഓഗിൾസ്, പോൾ ഗോസർ , ടോം മക്ലിന്റോക്ക് എന്നിവരാണ് ബില്ലിനെ പിന്തുച്ചത്.
കുറഞ്ഞ വേതനത്തിൽ വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് അമേരിക്കൻ ടെക് കമ്പനികൾ എച്ച്-1 ബി വിസ വ്യാപകമായി ഉപയോഗിക്കുന്നണ്ട്. ടെക്കികളും ഫിസിഷ്യൻമാരും ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രൊഫഷണലുകൾ എച്ച്-1 ബി വിസ വൻതോതിൽ പ്രയോജനപ്പെടുത്തുന്നു. വിദേശിയെ ജോലിക്കു നിയമിക്കുന്നതിനു മുമ്പ് യോഗ്യതയുള്ള ഒരു അമേരിക്കൻ തൊഴിലാളിയെ കണ്ടെത്താൻ കഴിയുന്നില്ലെന്നും പിരിച്ചുവിടലുകൾ നടത്തിയിട്ടില്ലെന്നും തൊഴിലുടമകൾ സാക്ഷ്യപ്പെടുത്തണമെന്നും ബിൽ നിർദേശിക്കുന്നു. എച്ച്-1 ബി വിസ ഉടമകൾ ഒന്നിലധികം ജോലികൾ ചെയ്യുന്നതും സ്റ്റാഫിങ് ഏജൻസികൾ പോലുള്ള മൂന്നാം കക്ഷികൾ വഴിയുള്ള നിയമനത്തിനും വിലക്കേർപ്പെടുത്തണമെന്നും ബിൽ നിര്‍ദേശിക്കുന്നു.
ഫെഡറൽ ഏജൻസികൾ കുടിയേറ്റക്കാരല്ലാത്ത തൊഴിലാളികളെ സ്പോൺസർ ചെയ്യുന്നതോ ജോലി ചെയ്യുന്നതോ നിരോധിക്കുക, എച്ച്-1 ബി വിസ ഉടമകളുടെ സ്റ്റാറ്റസ് സ്ഥിര താമസത്തിലേക്ക് ക്രമീകരിക്കുന്നത് വിലക്കുക എന്നിവയും ബിൽ ലക്ഷ്യമിടുന്നു. വിസ മാറ്റുന്നതിനിടെ അമേരിക്ക വിട്ടുപോകണമെന്നും ആവശ്യപ്പെടുന്നു.
"ഫെഡറൽ ഗവൺമെന്റ് പൗരന്മാർക്ക് വേണ്ടിയാണ് പ്രവർത്തിക്കേണ്ടത്. വൻകിട കോർപ്പറേഷനുകൾക്ക് ലാഭമുണ്ടാക്കാൻ വേണ്ടിയല്ല. തകർന്ന എച്ച്-1 ബി വിസ സംവിധാനം അവരെ യോഗ്യതയുള്ള ജോലികളിൽ നിന്ന് പുറത്താക്കുന്നത് തടയാൻ നമ്മൾ അമേരിക്കൻ ജനതയോട് കടപ്പെട്ടിരിക്കുന്നു," ക്രെയിൻ പറഞ്ഞു."ഞങ്ങൾ കോർപ്പറേഷനുകൾക്ക് മുന്നിൽ മുട്ടുകുത്തുകയില്ല, അമേരിക്കക്കാരെ അവരുടെ സ്വന്തം രാജ്യത്ത് അപരിചിതരാകാൻ ഞങ്ങൾ അനുവദിക്കുകയുമില്ല. എച്ച്-1ബി അഴിമതി അവസാനിപ്പിക്കുക," പ്രതിനിധി ആൻഡി ഓഗിൾസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.