അഹമ്മദ് ബദറുദ്ദീൻ ഹസൂൻ
ഡമസ്കസ് : അധികാരത്തിനായി സ്വന്തം ജനങ്ങളെ കൂട്ടക്കൊല ചെയ്ത മുൻ സിറിയൻ പ്രസിഡന്റ് ബശ്ശാറുൽ അസദ് ഭരണകൂടത്തിന് മതത്തിന്റെ മറപിടിച്ച് ന്യായീകരണം നൽകിയ മുൻ സിറിയൻ ഗ്രാന്റ് മുഫ്തി അഹമ്മദ് ബദറുദ്ദീൻ ഹസൂന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. രാജ്യത്ത് നടന്ന 14 വർഷത്തോളം നീണ്ട ആഭ്യന്തരയുദ്ധത്തിനിടയിൽ അസദ് ഭരണകൂടം നടത്തിയ ക്രൂരമായ സൈനിക നടപടികൾക്കും, ജനവാസ മേഖലകളെ ലക്ഷ്യമിട്ട് നടത്തിയ ‘ബാരൽ ബോംബ്’ പ്രയോഗങ്ങൾക്കും മതപരമായ ന്യായീകരണം നൽകിയതിനാണ് ഡമസ്കസിലെ നാലാം ക്രിമിനൽ കോടതി ശിക്ഷ പ്രഖ്യാപിച്ചത്.
പ്രകോപനപരമായ പ്രസംഗങ്ങളിലൂടെ കൊലപാതകങ്ങൾക്ക് ആഹ്വാനം നൽകൽ, സ്വന്തം പദവി ദുരുപയോഗം ചെയ്യൽ, അക്രമങ്ങൾക്ക് കൂട്ടുനിൽക്കൽ തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ ഹസൂൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ജീവപര്യന്തം തടവിനു പുറമെ വിവിധ കുറ്റങ്ങളിലായി 30 വർഷത്തെ അധിക തടവും വിധിച്ചിട്ടുണ്ട്. ഇതിൽ കൊലപാതകങ്ങൾക്ക് ആഹ്വാനം ചെയ്തതിന് 20 വർഷവും കൊലപാതകങ്ങൾ നീട്ടകൊണ്ടുപോകാൻ ശ്രമിച്ചതിന് 10 വർഷവും തടവുശിക്ഷ ഉൾപ്പെടുന്നു. ചെയ്ത കുറ്റങ്ങളുടെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് ഇയാൾക്ക് പൊതുവായതോ പ്രത്യേകമായതോ ആയ യാതൊരുവിധ മാപ്പും നൽകരുതെന്നും സ്വത്തുക്കൾ കണ്ടുകെട്ടി ഇരകൾക്ക് നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.
അസദ് സൈന്യത്തിന്റെ എല്ലാവിധ ആക്രമണങ്ങൾക്കും മതപരമായ പരിരക്ഷ ഉറപ്പാക്കുകയായിരുന്നു ഹസൂന്റെ പ്രധാന പണിയെന്ന് ജഡ്ജി ഫഖ്ർ അൽ ദീൻ അൽ അരിയാൻ ചൂണ്ടിക്കാട്ടി. അലെപ്പോ, ഇദ്‌ലിബ് തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളെ കൊല്ലുമെന്നും കുടിയൊഴിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തുകയും, സാധാരണക്കാരുടെ ജീവനെടുക്കുന്ന ബോംബാക്രമണങ്ങളെ മതപ്രഭാഷണങ്ങളിലൂടെ ന്യായീകരിക്കുകയും ചെയ്ത ഇയാൾ രാജ്യാന്തര മാനുഷിക നിയമങ്ങളാണ് കാറ്റിൽപ്പറത്തിയത്.
2005 മുതൽ 2021 വരെ സിറിയയിലെ ഗ്രാന്റ് മുഫ്തിയായിരുന്ന ഹസൂൻ, 2024-ൽ അസദ് ഭരണകൂടം താഴെവീണതിനെത്തുടർന്ന് ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് 2025 മാർച്ച് മാസത്തിൽ ഡമസ്കസ് വിമാനത്താവളത്തിൽ വെച്ചാണ് ഇയാൾ അറസ്റ്റിലാവുന്നത്. ജൂൺ 25-നാണ് വിചാരണ ആരംഭിച്ചത്. വിധിന്യായത്തെ സ്വാഗതം ചെയ്ത സിറിയൻ വിദേശകാര്യ മന്ത്രി അസാദ് അൽ ഷൈബാനി, ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നത് വിശുദ്ധമായ കടമയാണെന്ന് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.