വാഷിങ്ടൺ: അമേരിക്കയിലെ ടെക്സസ് സ്റ്റേറ്റിലെ മിന്നൽ പ്രളയ ദുരിതം ഇതുവരെ അവസാനച്ചിട്ടില്ല. ടെക്സസിലെ ദുരിത ബാധിത കൗണ്ടികളിൽ കാണാതായവർക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. ഇതിനിടെ മറ്റൊരു സ്റ്റേറ്റായ ന്യൂ മെക്സിക്കോയിൽനിന്നും സമാനമായ വാർത്തകളാണ് വരുന്നത്.
അൽബക്കർക്കിയുടെ തെക്ക് ഭാഗത്തുള്ള ചെറിയ നഗരമായ റുയിഡോസോയിൽ യു.എസ് ദേശീയ കാലാവസ്ഥ സർവീസ് വെള്ളപ്പൊക്ക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. റിയോ റുയിഡോസോ നദി 20 അടിയിൽ കൂടുതൽ ഉയരത്തിൽ ഒഴുകിയെത്തിയതായും പ്രദേശത്തെ നിരവധി പാലങ്ങൾ വെള്ളത്തിനടിയിലായതായും അധികൃതർ അറിയിച്ചു. ഇതുവരെ പ്രദേശത്ത് ആളപായമോ മരണമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
വെള്ളപ്പൊക്കത്തെ തുടർന്നുണ്ടായ ശക്തമായ ഒഴുക്കിൽ നിരവധി വീടുകൾ ഒലിച്ചുപോയി. വീടുകൾ മുഴുവനായി ഒലിച്ചുപോകുന്നതിന്‍റെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
BREAKING 🚨 MASSIVE flooding is now currently unfolding in Ruidoso, New Mexico. It is sweeping structures away in seconds
— MAGA Voice (@MAGAVoice) July 9, 2025
Please pray for them 🙏
pic.twitter.com/YjFBOuLFJO
വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയതോ കേടുപാടുകൾ സംഭവിച്ചതോ ആയ വീടുകളിൽ മണ്ണിടിച്ചിലും വാതക ചോർച്ചയും ഉണ്ടായതായി റിപ്പോർട്ടുണ്ടെന്ന് റൂയിഡോസോ മേയർ ലിൻ ക്രോഫോർഡ് പറഞ്ഞു. കഴിഞ്ഞ വർഷം ഉണ്ടായ കാട്ടുതീയിൽ കത്തിനശിച്ച പ്രദേശങ്ങളിൽ കനത്ത മഴ പെയ്തതോടെയാണ് വെള്ളം കുത്തിയൊലിച്ചത്. പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിൽ നിരവധി പേർ കുടുങ്ങി.
ന്യൂ മെക്സിക്കോയുടെ അയൽ സ്റ്റേറ്റായ ടെക്സസിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ട്. മരണം 109 ആയതായി ഗവർണർ ഗ്രെഗ് ആബട്ട് അറിയിച്ചു. 160-ലധികം പേരെയാണ് കാണാതായത്. ഗ്വാഡലൂപ്പെ നദിയിലാണ് ജലനിരപ്പ് ഉയർന്ന് മിന്നിൽ പ്രളയമുണ്ടായത്. നദിക്കരയിൽ നടന്ന സമ്മർ ക്യാമ്പിൽ പങ്കെടുത്ത നിരവധി പെൺകുട്ടികളെ ഇനിയും കണ്ടെത്താനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.