കൊറോണ വൈറസിന്‍റെ ജനിതകമാറ്റം സംഭവിച്ച വകഭേദമായ ഒമിക്രോൺ ബാധിച്ചുള്ള ആദ്യ മരണം യു.കെയിൽ സ്ഥിരീകരിച്ചു. പ്രധാനമന്ത്രി ബോറിസ് ജോൺസണാണ് ഇക്കാര്യം അറിയിച്ചത്.
ഒമിക്രോൺ വകഭേദത്തിന്‍റെ വലിയ വ്യാപനം വരാനിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഒമിക്രോൺ കരുതുന്നപോലെ നിസ്സാരമല്ല. എല്ലാവരും എത്രയും വേഗം കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് സ്വീകരിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം നിർദേശിച്ചു. യു.കെയിൽ പരമാവധി പേർക്ക് ബൂസ്റ്റർ ഡോസ് നൽകുക ലക്ഷ്യമിട്ടുള്ള കാമ്പയിൻ ആരംഭിച്ചുകഴിഞ്ഞു. ഡിസംബര്‍ അവസാനമാകുമ്പോഴേക്കും 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കുകയാണ് ലക്ഷ്യം.
ഇന്ത്യയിൽ 38 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കേരളത്തിലും ഒമിക്രോൺ റിപ്പോർട്ട് ചെയ്തിരുന്നു. യു.കെയിൽ നിന്ന് നെടുമ്പാശേരിയിലെത്തിയ എറണാകുളം സ്വദേശിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് സംസ്ഥാനത്ത് ജാഗ്രത ശക്തമാക്കി.
തിരുവനന്തപുരം: വാക്സിനേഷൻ നിരക്ക് കുറഞ്ഞ പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ അത് വർധിപ്പിക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകനയോഗത്തിൽ ബന്ധപ്പെട്ട ജില്ല കലക്ടർമാർക്ക് നിർദ്ദേശം നൽകി. സംസ്ഥാനത്ത് 97 ശതമാനം പേർ ആദ്യ ഡോസ് വാക്സിനും 70 ശതമാനം പേർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്. 70 ലക്ഷം പേർക്ക് രണ്ടാം ഡോസ് നൽകാനുണ്ട്. അത് എത്രയും വേഗം പൂർത്തീകരിക്കാൻ മുഖ്യമന്ത്രി ആരോഗ്യ വകുപ്പിനോട് നിർദ്ദേശിച്ചു.
ഒമിക്രോൺ പശ്ചാത്തലത്തിൽ ക്ലസ്റ്ററുകൾ രൂപപ്പെടുന്നത് കണ്ടെത്തണം. അവിടങ്ങളിൽ ജനിതക സീക്വൻസിങ് വർധിപ്പിക്കണം. എറണാകുളത്ത് ഒമിക്രോൺ സ്ഥിരീകരിച്ച രോഗിയുമായി ബന്ധപ്പെട്ട 36 പേരും ഐസൊലേഷനിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.