എൻജമീന: ആഫ്രിക്കൻ രാഷ്ട്രമായ കിഴക്കൻ ചാഡിൽ വെള്ളത്തിന് വേണ്ടിയുള്ള തർക്കം വംശീയ കലാപമായി മാറി. രണ്ട് കുടുംബങ്ങൾ തമ്മിലുണ്ടായ തർക്കത്തെത്തുടർന്നുണ്ടായ പ്രതികാര ആക്രമണങ്ങളിൽ കുറഞ്ഞത് 42 പേർ കൊല്ലപ്പെട്ടതായി ചാഡ് ഉപപ്രധാനമന്ത്രി ലിമാനെ മഹാമതിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സുഡാൻ അതിർത്തിക്കടുത്തുള്ള വാദി ഫിറ പ്രവിശ്യയിലെ ഇഗോട്ട് ഗ്രാമത്തിലാണ് നാടിനെ നടുക്കിയ കൂട്ടക്കുരുതി നടന്നത്.
കഴിഞ്ഞ ശനിയാഴ്ചയാണ് പ്രദേശത്ത് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. തിങ്കളാഴ്ച അക്രമം നടന്ന ഗ്രാമം സന്ദർശിച്ച ശേഷമാണ് ഉപപ്രധാനമന്ത്രി മരണസംഖ്യ സ്ഥിരീകരിച്ചത്. പരിക്കേറ്റ 10 പേരെ വിദഗ്ധ ചികിത്സക്കായി പ്രവിശ്യാ ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
ആക്രമണം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിച്ചതോടെ സൈന്യം ഇടപെടുകയായിരുന്നു. സുരക്ഷാ സേനയുടെ സമയോചിതമായ ഇടപെടൽ അക്രമം നിയന്ത്രിക്കാൻ സഹായിച്ചുവെന്നും നിലവിൽ സ്ഥിതിഗതികൾ ശാന്തമാണെന്നും മഹാമത് പറഞ്ഞു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും സമാധാനം പുനഃസ്ഥാപിക്കാൻ മധ്യസ്ഥ ചർച്ചകൾ തുടങ്ങിയതായും സർക്കാർ വ്യക്തമാക്കി.
ചാഡിൽ ഭൂമിക്കും വെള്ളത്തിനും വേണ്ടിയുള്ള വംശീയ സംഘർഷങ്ങൾ പതിവാണ്. കഴിഞ്ഞ വർഷം തെക്കുപടിഞ്ഞാറൻ ചാഡിൽ കർഷകരും ഇടയൻമാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നിരവധി പേർ കൊല്ലപ്പെടുകയും വീടുകൾ അഗ്നിക്കിരയാവുകയും ചെയ്തിരുന്നു. കിഴക്കൻ അതിർത്തി മേഖലയിൽ സമാധാനം നിലനിർത്താൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സർക്കാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.