തീവ്ര വലതുപക്ഷക്കാരനായ മുൻ ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു

റിയോ ഡി ജനീറോ: ബ്രസീലിന്റെ മുൻ തീവ്ര വലതുപക്ഷ പ്രസിഡന്റ് ജെയർ ബോൾസോനാരോ തലസ്ഥാനമായ ബ്രസീലിയയിലെ വില്ലയിൽ നിന്ന് അറസ്റ്റിലായി. സുപ്രീംകോടതിയുടെ അഭ്യർഥനപ്രകാരം ഉദ്യോഗസ്ഥർ ഒരു പ്രതിരോധ അറസ്റ്റ് വാറന്റ് നടപ്പിലാക്കിയതായി ഫെഡറൽ പൊലീസ് സ്ഥിരീകരിച്ചു. 2019 മുതൽ 2022 വരെ ബോൾസോനാരോ കൈവശപ്പെടുത്തിയിരുന്ന പ്രസിഡന്റ് കൊട്ടാരത്തിൽ നിന്ന് ഏഴ് മൈൽ അകലെയുള്ള ഫെഡറൽ പൊലീസ് ബേസിലേക്ക് കൊണ്ടുപോയതായി ബ്രസീലിയൻ മാധ്യമ റിപ്പോർട്ടുകൾ പറഞ്ഞു.

70 കാരനായ മുൻ പ്രസിഡന്റിനെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിട്ടത് എന്തുകൊണ്ടാണെന്ന് പെട്ടെന്ന് വ്യക്തമല്ല. ‘അദ്ദേഹത്തെ ജയിലിലടച്ചു, പക്ഷേ അതെന്തിനാണെന്ന് അറിയില്ല’ എന്ന് മുൻ പ്രസിഡന്റിന്റെ അഭിഭാഷകരിൽ ഒരാളായ സെൽസോ വിലാർഡി പ്രതികരിച്ചു.

2022ലെ തെരഞ്ഞെടുപ്പ് വിജയിയായ ലൂയിസ് ഇനാസിയോ ലുല ഡ സിൽവ അധികാരമേൽക്കുന്നത് തടയാൻ അട്ടിമറി ആസൂത്രണം ചെയ്തതിന് സെപ്റ്റംബറിൽ ബോൾസോനാരോക്ക് 27 വർഷവും മൂന്ന് മാസവും തടവ് ശിക്ഷ വിധിച്ചിരുന്നു. എങ്കിലും നിരവധി നിയമപരമായ നടപടിക്രമങ്ങളും അപ്പീലുകളും ഉള്ളതിനാൽ ആ കുറ്റകൃത്യങ്ങൾക്ക് ബോൾസോനാരോയെ തടവിലാക്കാൻ കോടതി ഇതുവരെ ഉത്തരവിട്ടിട്ടില്ല. ശനിയാഴ്ച നടന്ന ബോൾസോനാരോയുടെ തടങ്കൽ അദ്ദേഹത്തിന്റെ അട്ടിമറി ശിക്ഷയുമായി നേരിട്ട് ബന്ധപ്പെട്ടതല്ലെന്ന് റിപ്പോർട്ടുണ്ട്.

ആഗസ്റ്റ് മുതൽ തങ്ങളുടെ നേതാവ് വീട്ടുതടങ്കലിൽ കഴിയുന്ന ആഡംബര ‘കോണ്ടോമിനിയത്തിന്’ പുറത്ത് ശനിയാഴ്ച രാത്രി മുതൽ ബോൾസോനാരോ അനുകൂലികൾ ജാഗ്രതയോടെ നിലയുറപ്പിച്ചിരുന്നു. ബോൾസോനാരോയുടെ സെനറ്റർ കൂടിയായ മകൻ ഫ്ലാവിയോ ബോൾസോനാരോ ഒരു സോഷ്യൽ മീഡിയ വിഡിയോയിലൂടെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതിനെ ​തുടർന്നായിരുന്നു ഇത്. ‘നിങ്ങൾ നിങ്ങളുടെ രാജ്യത്തിനായി പോരാടാൻ പോകുകയാണോ അതോ നിങ്ങളുടെ സോഫയിൽ വീട്ടിൽ ഇരുന്നുകൊണ്ട് മൊബൈൽ ഫോണിൽ എല്ലാം കാണുമോ?’ എന്ന് ചോദിച്ച മകൻ ‘ഞങ്ങളോടൊപ്പം വന്ന് പോരാടാൻ’ ക്ഷണിച്ചു. മുൻ പ്രസിഡന്റിനെ ജയിലിൽ അടച്ചതിൽ ലുല അനുയായികൾ സംതൃപ്തി പ്രകടിപ്പിച്ചു.

Tags:    
News Summary - Far-right former president Jair Bolsonaro arrested in Brazil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.