'വ്യാജ വാർത്തയല്ല'; എബ്രഹാം ലിങ്കണിലെ എട്ട് നാവികർ ജീവനൊടുക്കാൻ ശ്രമിച്ചതായി സ്ഥിരീകരിച്ച് യു.എസ് നാവികസേന
വാഷിങ്ടൺ: ദീർഘ കാലത്തെ ദൗത്യത്തിനിടയിൽ യു.എസ്.എസ് എബ്രഹാം ലിങ്കൺ യുദ്ധക്കപ്പലിലെ സ്ട്രൈക്ക് ഗ്രൂപ്പിൽ ഉൾപ്പെട്ടിരുന്ന എട്ട് നാവികർ ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായി അമേരിക്കൻ നാവികസേന. പശ്ചിമേഷ്യയിലെ യുദ്ധമുഖത്ത് ദീർഘകാലമായി തുടർന്ന ഈ യുദ്ധക്കപ്പലിലെ നാവികരുടെ മാനസികാരോഗ്യവും ജീവിത സാഹചര്യങ്ങളും അപകടത്തിലാണെന്ന റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് നാവികസേന ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
ന്യൂയോർക്ക് സെനറ്റർ കിർസ്റ്റൻ ഗില്ലിബ്രാൻഡിന് അയച്ച കത്തിലൂടെയാണ് ആക്ടിങ് നേവി സെക്രട്ടറി ഹങ് കാവോ ഈ വിവരങ്ങൾ പുറത്തുവിട്ടത്. കപ്പലിലെ നാവികരുടെ ക്ഷേമത്തെക്കുറിച്ച് സെനറ്റർ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായാണ് ഈ വെളിപ്പെടുത്തൽ. ഇറാനിലെ അമേരിക്കൻ ഇടപെടലുകളുടെ ഭാഗമായി പശ്ചിമേഷ്യയിൽ ദീർഘകാലമായി തുടരുന്ന ദൗത്യത്തിനിടയിൽ കപ്പലിലെ സാഹചര്യം വളരെ മോശമാണെന്നും ഇത് നാവികരുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും സേനാംഗങ്ങളുടെ കുടുംബാംഗങ്ങൾ നേരത്തെ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
കഴിഞ്ഞ നവംബർ മുതൽ വിന്യസിക്കപ്പെട്ടിരുന്ന ഈ യുദ്ധക്കപ്പൽ നിലവിൽ അമേരിക്കയിലേക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണ്. അതേസമയം, കപ്പലിൽ മതപരമായ കാര്യങ്ങൾ നോക്കുന്ന അഞ്ച് ഉദ്യോഗസ്ഥരും നിരവധി മാനസികാരോഗ്യ വിദഗ്ധരും ജീവനക്കാരുടെ ആവശ്യങ്ങൾക്കായി ഉണ്ടായിരുന്നുവെന്ന് ഹങ് കാവോ തന്റെ കത്തിൽ വ്യക്തമാക്കുന്നു. ലിങ്കൺ കപ്പലിലെ ജീവനക്കാരെ കൂടാതെ എയർവിങ്, ഡിസ്ട്രോയർ സ്ക്വാഡ്രൻ സ്റ്റാഫ് തുടങ്ങിയവരിൽ ഉൾപ്പെട്ടവരാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
കപ്പലിൽ യാതൊരുവിധ മാനസികാരോഗ്യ പ്രതിസന്ധിയും നടക്കുന്നില്ലെന്ന നിലപാടാണ് നാവികസേന ഇതുവരെ സ്വീകരിച്ചിരുന്നതെങ്കിലും, വിതരണ ശൃംഖലയിലെ വെല്ലുവിളികൾ അവർ നേരത്തെ സമ്മതിച്ചിരുന്നു. ഏകദേശം 5,000ത്തോളം നാവികരാണ് ഈ കൂറ്റൻ കപ്പലിൽ ഉണ്ടായിരുന്നത്. കപ്പലിലെ തകർന്ന പ്ലംബിങ് സംവിധാനങ്ങളെക്കുറിച്ചും ഭക്ഷണ ലഭ്യതക്കുറവിനെക്കുറിച്ചും വ്യാപകമായി ഉയർന്ന പരാതികൾ ഹങ് കാവോ തന്റെ കത്തിൽ തള്ളിക്കളഞ്ഞെങ്കിലും, താൽക്കാലികമായി ചില പൈപ്പ് തകരാറുകളും ശുദ്ധജല യൂണിറ്റുകളിലെ പ്രശ്നങ്ങളും ഉണ്ടായിരുന്നതായി സമ്മതിച്ചിട്ടുണ്ട്.
എന്നാൽ സർക്കാരിന്റെയും സൈനിക നേതൃത്വത്തിന്റെയും മുൻകാല പ്രതികരണങ്ങളെ സെനറ്റർ ഗില്ലിബ്രാൻഡ് രൂക്ഷമായി വിമർശിച്ചു. സൈനികരുടെ ജീവിതാവസ്ഥയെക്കുറിച്ചുള്ള റിപ്പോർട്ടുകളെ 'വ്യാജ വാർത്തകൾ' എന്ന് തള്ളിക്കളഞ്ഞ ഭരണകൂടത്തിന്റെ നടപടി തികച്ചും അംഗീകരിക്കാനാവാത്തതാണെന്ന് അവർ കുറ്റപ്പെടുത്തി. രാജ്യത്തിനായി ജീവൻ പണയം വെച്ച് സേവനം അനുഷ്ഠിക്കുന്ന സൈനികരോട് പ്രസിഡന്റ് തികഞ്ഞ അനാദരവാണ് കാണിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ നവംബറിലാണ് ഈ യുദ്ധക്കപ്പൽ കാലിഫോർണിയയിൽ നിന്ന് ദൗത്യത്തിനായി പുറപ്പെട്ടത്. ഫെബ്രുവരിയിൽ ഇറാനിൽ ആക്രമണങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായാണ് കപ്പൽ പശ്ചിമേഷ്യയിലേക്ക് അയച്ചത്. മേയ് മാസത്തിൽ അവസാനിക്കേണ്ടിയിരുന്ന ഈ ദൗത്യം പിന്നീട് പലതവണ നീട്ടുകയായിരുന്നു. ഒടുവിൽ നീണ്ട 250 ദിവസത്തെ സമുദ്രവാസത്തിന് ശേഷം യു.എസ് നാവികർ തായ്ലൻഡിൽ എത്തിച്ചേരുകയും, അവിടെയുള്ള ബീച്ചുകളും ഷോപ്പിങ് കേന്ദ്രങ്ങളും സന്ദർശിച്ച് വിശ്രമവേളകൾ ചെലവഴിച്ച ശേഷമാണ് അമേരിക്കയിലേക്ക് മടങ്ങിത്തുടങ്ങിയത്.
നിലവിൽ യു.എസ് നാവികസേനയിലും മറൈൻ വിഭാഗത്തിലും ആത്മഹത്യകൾ വർധിച്ചുവരുന്നത് വലിയൊരു പ്രതിസന്ധിയായി തുടരുകയാണ്. മറ്റ് സൈനിക വിഭാഗങ്ങളെ അപേക്ഷിച്ച് യു.എസ് നാവികസേനയിലെ കപ്പലുകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ കടുത്ത മാനസിക സമ്മർദ്ദവും വിഷമങ്ങളും നേരിടുന്നതായി ഈ വർഷം ജനുവരിയിൽ പുറത്തിറങ്ങിയ ഒരു പഠനവും വ്യക്തമാക്കുന്നു. കൃത്യമായ ഉറക്കമില്ലായ്മയും കഠിനമായ ജോലി സമയവുമാണ് നാവികരിൽ മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.