'ഞങ്ങളുടെ വിമാന സർവീസുകൾ തടഞ്ഞാൽ അയൽരാജ്യങ്ങളിലെ വിമാനത്താവളങ്ങൾ സ്തംഭിപ്പിക്കും'; കടുത്ത മുന്നറിയിപ്പുമായി ഇറാൻ
വാഷിങ്ടൺ: അമേരിക്കൻ സമ്മർദത്തിന് കീഴടങ്ങി ഇറാനിയൻ വിമാന സർവീസുകൾ തടയാൻ അയൽരാജ്യങ്ങൾ തയാറായാൽ, ആ രാജ്യങ്ങളിലെ വിമാനത്താവളങ്ങളുടെ പ്രവർത്തനം തന്നെ സ്തംഭിപ്പിക്കുമെന്ന് ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി മുഹ്‌സിൻ റസായി. ഇറാൻ സ്റ്റേറ്റ് ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം അയൽരാജ്യങ്ങൾക്ക് കടുത്ത മുന്നറിയിപ്പ് നൽകിയത്. അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ഏഴ് മാസങ്ങൾ പിന്നിടുമ്പോഴാണ് വ്യോമയാന മേഖലയെ കേന്ദ്രീകരിച്ച് പുതിയ സംഘർഷങ്ങൾ ഉടലെടുത്തിരിക്കുന്നത്.
ഇറാനിയൻ എയർലൈനുകളെ ആഗോളതലത്തിൽ പൂർണമായി ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റാണ് നിർണായക ഉപരോധ പ്രഖ്യാപനം നടത്തിയത്. സെപ്റ്റംബർ 23-ഓടെ എല്ലാ ഇറാനിയൻ എയർലൈനുകളുടെയും പ്രവർത്തനം ആഗോളതലത്തിൽ നിലക്കുമെന്നും, ഇറാനിയൻ വിമാനങ്ങൾക്ക് ലാൻഡിങ് സൗകര്യമോ ഇന്ധനമോ നൽകുന്ന വിമാനത്താവളങ്ങൾക്കും ദാതാക്കൾക്കും എതിരെ ശക്തമായ ഉപരോധം ഏർപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. അമേരിക്കയുടെ ഈ സെക്കൻഡറി ഉപരോധ ഭീഷണിയെത്തുടർന്ന് വിദേശ രാജ്യങ്ങളിലെ എയർപോർട്ടുകളും ഗ്രൗണ്ട് ഹാൻഡ്‌ലിങ് ഏജൻസികളും ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്താൻ നിർബന്ധിതരാകുന്ന സാഹചര്യത്തിലാണ് ഇറാന്റെ ഭാഗത്തുനിന്നും കടുത്ത പ്രതിരോധ നടപടിയുണ്ടായിരിക്കുന്നത്.
അമേരിക്കയുടെ ഈ സാമ്പത്തിക യുദ്ധത്തിനും ഉപരോധ ഭീഷണികൾക്കും വഴങ്ങി അയൽരാജ്യങ്ങൾ ആരെങ്കിലും ഇറാനിയൻ വിമാനങ്ങളെ തടയാൻ മുതിർന്നാൽ കനത്ത വില നൽകേണ്ടിവരുമെന്ന് മുഹ്‌സിൻ റസായി വ്യക്തമാക്കി. "ഞങ്ങളുടെ സുഹൃത്തുക്കളായ അയൽരാജ്യങ്ങൾ അമേരിക്കയുടെ ഈ നീക്കത്തിന്റെ ഭാഗമാകരുത്. അല്ലാത്തപക്ഷം അവരുടെ സ്വന്തം വിമാനത്താവളങ്ങൾക്കും വിമാന സർവീസുകൾ നടത്താൻ കഴിയാത്ത സാഹചര്യം ഞങ്ങൾ ഉണ്ടാക്കും" എന്ന് അദ്ദേഹം താക്കീത് നൽകി.
ആയുധങ്ങളും ഉദ്യോഗസ്ഥരെയും രഹസ്യമായി കടത്താൻ ഐ.ആർ.ജി.സി ഈ പ്രൈവറ്റ് എയർലൈനുകളെ ഉപയോഗിക്കുന്നുവെന്നാരോപിച്ചാണ് യു.എസ് ഈ കടുത്ത നടപടി സ്വീകരിച്ചത്. ഇതിന്റെ തുടർച്ചയായാണ് വിമാനത്താവളങ്ങളും ഇന്ധന ദാതാക്കളും ലക്ഷ്യമിടപ്പെടുന്നതത്. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാന്തരീക്ഷം വ്യോമയാന മേഖലയിലേക്കും വ്യാപിക്കുന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.