യു.എൻ സുരക്ഷാസമിതി അടിയന്തരമായി പരിഷ്കരിക്കണം; സ്ഥിരാംഗങ്ങളുടെ എണ്ണം കൂട്ടണമെന്ന് ജി4
ന്യൂയോർക്ക്: നിലവിലെ ഘടന ഇന്നത്തെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി യു.എൻ സുരക്ഷാസമിതിയിൽ അടിയന്തര പരിഷ്കരണം ആവശ്യപ്പെട്ട് ഇന്ത്യ, ജപ്പാൻ, ജർമനി, ബ്രസീൽ എന്നീ ജി4 രാജ്യങ്ങൾ. സുരക്ഷാസമിതിയിൽ സ്ഥിരാംഗങ്ങളുടെയും താൽക്കാലിക അംഗങ്ങളുടെയും എണ്ണം വർധിപ്പിക്കണമെന്നും നാല് രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ ആവശ്യപ്പെട്ടു.
81-ാമത് യു.എൻ പൊതുസഭാ സമ്മേളനത്തിനിടെ സെപ്റ്റംബർ 22ന് ന്യൂയോർക്കിലാണ് ജി4 വിദേശകാര്യ മന്ത്രിമാരുടെ യോഗം ചേർന്നത്. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അധ്യക്ഷത വഹിച്ചു. ബ്രസീൽ വിദേശകാര്യ മന്ത്രി മൗറോ വിയേര, ജർമൻ വിദേശകാര്യ മന്ത്രി യോഹാൻ ഡേവിഡ് വാഡെഫുൽ, ജപ്പാൻ വിദേശകാര്യ മന്ത്രി മൊതേഗി തോഷിമിത്സു എന്നിവരും യോഗത്തിൽ പങ്കെടുത്തു.
നിലവിലെ സുരക്ഷാസമിതിക്ക് അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ഉറപ്പാക്കുകയെന്ന പ്രധാന ഉത്തരവാദിത്വം ഫലപ്രദമായി നിർവഹിക്കാൻ കഴിയുന്നില്ലെന്ന് സംയുക്ത പ്രസ്താവനയിൽ ജി4 രാജ്യങ്ങൾ പറഞ്ഞു. സുരക്ഷാസമിതിയുടെ പ്രാതിനിധ്യം, നിയമസാധുത, വിശ്വാസ്യത, കാര്യക്ഷമത എന്നിവ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണെന്നും അവർ ചൂണ്ടിക്കാട്ടി.
എട്ട് പതിറ്റാണ്ട് പഴക്കമുള്ള സുരക്ഷാസമിതിയുടെ ഘടന കാലഹരണപ്പെട്ടതാണെന്നും മാറിയ ആഗോള സാഹചര്യത്തിന് അനുസരിച്ച് പരിഷ്കരണം അനിവാര്യമാണെന്നും ജി4 വ്യക്തമാക്കി. പരിഷ്കരണ ചർച്ചകൾ കൂടുതൽ വൈകാതെ കൃത്യമായ തീരുമാനങ്ങളിലേക്കും ടെക്സ്റ്റ് അധിഷ്ഠിത ചർച്ചകളിലേക്കും നീങ്ങണമെന്നും ആവശ്യപ്പെട്ടു.
ഇന്ത്യയുടെ സ്ഥിരാംഗത്വ ആവശ്യത്തിന് പ്രാധാന്യം
സുരക്ഷാസമിതിയിൽ സ്ഥിരാംഗങ്ങളെയും താൽക്കാലിക അംഗങ്ങളെയും ഉൾപ്പെടുത്തി വിപുലീകരിക്കണമെന്നാണ് ജി4യുടെ പ്രധാന ആവശ്യം. ആഫ്രിക്ക, ഏഷ്യ-പസഫിക്, ലാറ്റിൻ അമേരിക്ക, കരീബിയൻ മേഖലകൾക്ക് കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും രാജ്യങ്ങൾ ആവശ്യപ്പെട്ടു.
സുരക്ഷാസമിതിയിൽ സ്ഥിരാംഗത്വത്തിനായി വർഷങ്ങളായി ഇന്ത്യ നടത്തുന്ന ശ്രമങ്ങൾക്ക് ജി4 നിലപാട് കൂടുതൽ പ്രാധാന്യമേകുന്നതാണ്. ഇന്ത്യ, ബ്രസീൽ, ജർമനി, ജപ്പാൻ എന്നീ രാജ്യങ്ങൾ സുരക്ഷാസമിതി പരിഷ്കരണത്തിനായി ഏകോപിച്ചാണ് പ്രവർത്തിക്കുന്നത്.
18 വർഷത്തെ ചർച്ചകളിൽ പുരോഗതിയില്ലെന്ന് വിമർശനം
സുരക്ഷാസമിതി പരിഷ്കരണവുമായി ബന്ധപ്പെട്ട ഇൻ്റർ ഗവൺമെൻറൽ നെഗോഷ്യഷൻസ് ചർച്ചകൾ18 വർഷമായി തുടരുകയാണെങ്കിലും കാര്യമായ ഫലമുണ്ടായിട്ടില്ലെന്ന് ജി4 വിമർശിച്ചു. നിലവിലെ ചർച്ചാ സംവിധാനം ഫലപ്രദമല്ലെന്നും രാജ്യങ്ങൾ പറഞ്ഞു.
ടെക്സ്റ്റ് അധിഷ്ഠിത ചർച്ചകൾ ആരംഭിക്കുന്നതിന് മുമ്പ് മുന്നോട്ടുവച്ച ‘ബ്രിഡ്ജിങ് പ്രൊപ്പോസൽ’ സംബന്ധിച്ചും ജി4 ആശങ്ക പ്രകടിപ്പിച്ചു. സുരക്ഷാസമിതിയിൽ സ്ഥിരാംഗങ്ങളുടെയും താൽക്കാലിക അംഗങ്ങളുടെയും എണ്ണം വർധിപ്പിക്കണമെന്ന ഭൂരിപക്ഷം അംഗരാജ്യങ്ങളുടെ നിലപാട് ഇതിൽ വേണ്ടത്ര പ്രതിഫലിക്കുന്നില്ലെന്നാണ് ജി4യുടെ വാദം.
ആഫ്രിക്കയുടെ സ്ഥിരാംഗത്വത്തിനും പിന്തുണ
സുരക്ഷാസമിതിയിൽ ആഫ്രിക്കക്ക് കൂടുതൽ പ്രാതിനിധ്യം നൽകണമെന്ന ആഫ്രിക്കൻ രാജ്യങ്ങളുടെ ആവശ്യത്തിന് ജി4 പിന്തുണ ആവർത്തിച്ചു. സ്ഥിരാംഗ വിഭാഗത്തിലും ആഫ്രിക്കക്ക് പ്രാതിനിധ്യം നൽകണമെന്നാണ് നിലപാട്.
ഭൂരിപക്ഷം യു.എൻ അംഗരാജ്യങ്ങളുടെ അഭിപ്രായം പ്രതിഫലിപ്പിക്കുന്ന ഏകീകൃത പരിഷ്കരണ മാതൃക രൂപപ്പെടുത്തുന്നതിനായി മറ്റ് രാജ്യങ്ങളുമായി സഹകരിക്കുമെന്നും ജി4 അറിയിച്ചു. നിലവിലെ സ്ഥിരാംഗരാജ്യങ്ങളുമായും ആഫ്രിക്കൻ രാജ്യങ്ങളുമായും ചർച്ച നടത്താനും തയ്യാറാണെന്ന് ജപ്പാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
സുരക്ഷാസമിതി പരിഷ്കരണ ചർച്ചകൾ ഐജിഎൻ നടപടിക്രമത്തിൽ മാത്രം ഒതുക്കാതെ യു.എൻ പൊതുസഭ ഉൾപ്പെടെയുള്ള വേദികളിലും ചർച്ച ചെയ്യണമെന്നും ജി4 ആവശ്യപ്പെട്ടു. 81-ാമത് പൊതുസഭാ സമ്മേളനത്തിനിടെ നാല് രാജ്യങ്ങളും ഏകോപനം തുടരുമെന്നും അടുത്ത ഡയറക്ടർ ജനറൽ തല യോഗത്തിൽ പുരോഗതി വിലയിരുത്തുമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.