ഇസ്രായേലിന് സൈനിക സഹായം നൽകുന്നത് അമേരിക്ക പുനരാലോചിക്കണം -യൂറോപ്യൻ യൂണിയൻ

വാഷിങ്ടൺ: ഗസ്സയിലെ സാധാരണക്കാരെ കൂട്ടക്കശാപ്പ് ചെയ്യുന്നത് തടയാൻ ഇസ്രായേലിന് സൈനിക സഹായം നൽകുന്നത് അമേരിക്ക പുനർവിചിന്തനം ചെയ്യണമെന്ന് യൂറോപ്യൻ യൂണിയൻ വിദേശ നയ മേധാവി ജോസെപ് ബോറെൽ.

“ഒട്ടേറെ മനുഷ്യർ കൊല്ലപ്പെടുന്നുവെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ, ഇത്രയധികം ആളുകൾ കൊല്ലപ്പെടുന്നത് തടയാൻ നിങ്ങൾ ആയുധങ്ങൾ നൽകുന്നത് കുറക്കണം’ -ബ്രസ്സൽസിൽ നടന്ന യൂറോപ്യൻ യൂണിയൻ മന്ത്രിമാരുടെ യോഗത്തിന് ശേഷം ബോറെൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഗസ്സക്കെതിരായ ഇസ്രായേൽ ആക്രമണം അതിരുവിടുന്നതായി യു.എസ് പ്രസിഡൻ്റ് ജോ ബൈഡനും ഗസ്സയിൽ നിരവധി സാധാരണക്കാർ കൊല്ലപ്പെടുന്നുണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥരും പറഞ്ഞത് ഓർമിപ്പിച്ചാണ് ബോറെൽ ഈ ആവശ്യം ഉന്നയിച്ചത്.

‘ഇത് ഒരു കൂട്ടക്കശാപ്പ് ആണെന്നും നിരവധി ആളുകൾ കൊല്ലപ്പെടുന്നുവെന്നും അന്താരാഷ്ട്ര സമൂഹം വിശ്വസിക്കുന്നുണ്ടെങ്കിൽ, ആയുധങ്ങൾ നൽകുന്നതിനെക്കുറിച്ച് നമ്മൾ പുനർവിചിന്തനം നടത്തേണ്ടതുണ്ട്’ -അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനിടെ, വീടുംകുടിയും നഷ്ടമായ ലക്ഷക്കണക്കിന് മനുഷ്യർ തമ്പടിച്ച ഗസ്സയിലെ റഫയിൽ ഇസ്രായേൽ ആക്രമണം രൂക്ഷമാക്കി. തിങ്കളാഴ്ച പുലർച്ചെ വരെ റഫയിൽ ഇസ്രായേൽ അധിനിവേശ സേന നടത്തിയ വ്യോമ, കടൽ ആക്രമണങ്ങളിൽ 67 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാത്രി നടന്ന വ്യാപക ആക്രമണത്തിനിടെ എവിടെ പോകണമെന്ന് അറിയാതെ ആളുകൾ പരിഭ്രാന്തരായതായി അൽജസീറ റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ ബോംബാക്രമണത്തിൽ നിന്ന് സുരക്ഷിതമായ ഇടം തേടി കുഞ്ഞുങ്ങളെയുമെടുത്ത് സ്ത്രീകളും മുതിർന്നവരും തെരുവിലേക്ക് ഓടുകയായിരുന്നു. ഊഹിക്കാവുന്നതിലും അപ്പുറമായിരുന്നു ആക്രമണമെന്നും ഇസ്രായേൽ യുദ്ധവിമാനങ്ങളുടെയും നിരീക്ഷണ ഡ്രോണുകളുടെയും ശബ്ദം പ്രദേശത്തുടനീളം കേട്ടതായും ​റിപ്പോർട്ടിൽ പറയുന്നു. തുടരെ തുടരെ നടന്ന ഉഗ്ര സ്ഫോടനങ്ങളിൽ റഫയിലെ കെട്ടിടങ്ങൾ വിറച്ചു. ഇന്ന് രാത്രിയും ആക്രമണം ആവർത്തിച്ചേക്കുമെന്ന ഭയത്തിലാണ് ഗസ്സയിലെ അഭയാർഥി ജനത.

അതിനിടെ, ഗസ്സയിൽ യുദ്ധക്കുറ്റങ്ങൾക്ക് ഉപയോഗിക്കുന്നു​വെന്ന് ചൂണ്ടിക്കാട്ടി ഇസ്രായേലിലേക്ക് എഫ്-35 ജെറ്റ് വിമാനത്തിന്റെ കയറ്റുമതി നിർത്തിവെക്കാനുള്ള ഡച്ച് കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ ഡച്ച് സർക്കാർ തീരുമാനിച്ചു. ഇസ്രായേൽ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് നടത്തുന്ന യുദ്ധത്തിൽ ജെറ്റ് ഭാഗങ്ങൾ ഉപയോഗിച്ചുവെന്ന ആശങ്ക കണക്കിലെടുത്താണ് ഏഴ് ദിവസത്തിനുള്ളിൽ കയറ്റുമതി നിർത്തിവെക്കാൻ ഡച്ച് കോടതി ഉത്തരവിട്ടത്. എന്നാ​ൽ, ഇറാൻ, യെമൻ, സിറിയ, ലെബനൻ എന്നിവിടങ്ങളിൽ നിന്നുള്ള ഭീഷണികളിൽ നിന്ന് ഇസ്രായേലിന് സ്വയം സംരക്ഷണം നൽകാൻ എഫ്-35 നിർണായകമാണെന്ന് ഡച്ച് സർക്കാർ പറഞ്ഞു.

Tags:    
News Summary - EU’s foreign policy chief suggests US rethink military aid to Israel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.