അങ്കാറ: തുര്‍ക്കിയിലെ പടിഞ്ഞാറന്‍ നഗരമായ ഇസ്മിറിലെ കോടതിക്കു പുറത്ത് കാര്‍ബോംബ് ആക്രമണവും വെടിവെപ്പും. ആക്രമണങ്ങളില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പൊലീസുകാരനും സിവിലിയനുമാണ് കൊല്ലപ്പെട്ടത്. രണ്ടു കാറുകള്‍ കത്തുന്നതിന്‍േറതടക്കമുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ആക്രമണം നടത്തിയ രണ്ടുപേരെ പൊലീസ് സംഭവസ്ഥലത്ത് വെടിവെച്ചുകൊന്നു. ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കഴിഞ്ഞയാഴ്ചയില്‍ നടന്ന ഇസ്തംബുള്‍ നിശാക്ളബ് ആക്രമണവുമായി ബന്ധപ്പെട്ട് നിരവധി പേരെ ഇസ്മിറില്‍നിന്ന് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായവരില്‍ ചൈനയിലെ സിന്‍ഗ്യാങ്ങില്‍നിന്ന് വന്ന ഉയ്ഗുര്‍ വംശജരായ മുസ്ലിംകളും ഉണ്ടായിരുന്നെന്ന് വാര്‍ത്താ ഏജന്‍സിയായ അനഡോലു അറിയിച്ചു.
തുര്‍ക്കിയിലെ മറ്റൊരു നഗരമായ കോന്യയില്‍നിന്ന് നിരവധി കുടുംബങ്ങള്‍ അടുത്തിടെ ഇസ്മിറില്‍ വന്ന് താമസമാക്കിയതായും ഇസ്തംബുള്‍ ആക്രമണത്തിലെ പ്രധാനിയും ഇവിടെ താമസിച്ചിരുന്നുവെന്നും ഏജന്‍സി പറയുന്നു. ഇപ്പോള്‍ വെടിവെപ്പു നടത്തിയയാളും ഉയ്ഗുര്‍ വംശജനാണെന്ന് കരുതുന്നതായി ഉപപ്രധാനമന്ത്രി വെയ്സി കാന്യാക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.