ലണ്ടൻ: റഷ്യക്കെതിരെ ഗുരുതര ആരോപണവുമായി ബ്രിട്ടനും വിവിധ പടിഞ്ഞാറൻ രാജ്യങ്ങളും രംഗത്ത്. റഷ്യ ലോകത്തെ വൻശക്തി രാജ്യത്തിെൻറ പ്രവർത്തനമല്ല നടത്തുന്നതെന്നും ‘നീചരാഷ്ട്ര’ത്തിെൻറ നിലപാടാണ് സ്വീകരിക്കുന്നതെന്നും യു.കെ പ്രതിരോധമന്ത്രി ആരോപിച്ചു. ലോകത്തെ പ്രമുഖ സ്ഥാപനങ്ങൾക്കും രാജ്യങ്ങൾക്കും നേരെയുണ്ടായ സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ റഷ്യൻ സൈനിക രഹസ്യാന്വേഷണ വിഭാഗമാണെന്ന് ബ്രിട്ടൻ സൈബർ വിഭാഗം വെളിപ്പെടുത്തിയതിന് തൊട്ടുടനെയാണ് മന്ത്രിയുടെ പ്രതികരണം.
സഖ്യരാജ്യങ്ങളുമായി സഹകരിച്ച് റഷ്യയെ ഒറ്റപ്പെടുത്താൻ ശ്രമം തുടരുമെന്നും ബ്രസൽസിൽ നാറ്റോ രാജ്യങ്ങളുടെ കൂടിക്കാഴ്ചക്കെത്തിയ അദ്ദേഹം പറഞ്ഞു. വീണ്ടുവിചാരമില്ലാത്ത നിലപാടുകളിൽനിന്ന് റഷ്യ പിന്മാറണമെന്ന് നാറ്റോ മേധാവി ജെനസ് സ്റ്റോൾട്ടൻബർഗും പ്രസ്താവനയിൽ പറഞ്ഞു. യു.എസ് ഡെമോക്രാറ്റിക് പാർട്ടി, ബ്രിട്ടനിലെ ടി.വി നെറ്റ്വർക്, യുെക്രയ്നിലെയും റഷ്യയിലെയും സ്ഥാപനങ്ങൾ, ലോക മയക്കുമരുന്ന് വിരുദ്ധ ഏജൻസി എന്നിവക്ക് നേരെ നടന്ന ആക്രമണങ്ങളിലാണ് റഷ്യൻ പങ്ക് ആരോപിച്ചിരിക്കുന്നത്. സുരക്ഷാ താൽപര്യങ്ങളില്ലാത്ത സ്ഥാപനങ്ങൾക്കെതിരായാണ് ആക്രമണങ്ങളുണ്ടായതെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെറമി ഹൻറ് പറഞ്ഞു.
പടിഞ്ഞാറൻ രാജ്യങ്ങളുടെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ വരെ ഇടപെടാനുള്ള ശ്രമം നടന്നതായ ഗുരുതരാരോപണമാണ് ഉയർന്നിരിക്കുന്നത്. 2016ലെ യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ വിവരങ്ങൾ ചോർത്തി റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിനെ സഹായിച്ചതായി നേരത്തേതന്നെ ആരോപണമുണ്ട്. ഇക്കാര്യത്തിൽ യു.എസിൽ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് ബ്രിട്ടൻ ഇതുമായി ബന്ധപ്പെട്ട്് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ആഗോളതലത്തിൽ പ്രവർത്തിക്കുന്ന റഷ്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ ‘ഗ്രൂ’ എന്നപേരുള്ള സംഘത്തെക്കുറിച്ച് നേരത്തെയും വിവിധ രാജ്യങ്ങൾ ആരോപണമുയർത്തിയിരുന്നു.
അതിനിടെ കഴിഞ്ഞ മാർച്ചിൽ ബ്രിട്ടനിൽ രാസായുധാക്രമണത്തിനിരയായ മുൻ റഷ്യൻ ചാരൻ സെർജി സ്ക്രിപാൽ രാജ്യദ്രോഹിയും നികൃഷ്ടനുമാണെന്ന് റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിൻ പ്രസ്താവിച്ചു. ഇയാൾക്കെതിരെ ആക്രമണമുണ്ടായശേഷം ആദ്യമായാണ് പുടിൻ പ്രതികരിക്കുന്നത്. രാസായുധാക്രമണം യു.കെ-റഷ്യൻ ബന്ധം വഷളാവാൻ കാരണമായിരുന്നു. റഷ്യൻ രഹസ്യാന്വേഷണ ഏജൻസിയാണ് ഇൗ ആക്രമണത്തിനും പിന്നിലെന്നാണ് ബ്രിട്ടെൻറ ആരോപണം. ബ്രിട്ടെൻറ പുതിയ വെളിപ്പെടുത്തൽ ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം വീണ്ടും പ്രതിസന്ധിയിലാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതിനിടെ ഹേഗിലെ അന്താരാഷ്ട്ര രാസായുധ വിരുദ്ധ സംഘടനയെ ലക്ഷ്യംവെച്ച് സൈബർ ആക്രമണം നടത്താൻ റഷ്യ പദ്ധതിയിട്ടതായി ഡച്ച് സുരക്ഷാവിഭാഗം വെളിപ്പെടുത്തി. സംഭവത്തിൽ നാലു റഷ്യൻ പൗരന്മാരെ രാജ്യത്തുനിന്ന് പുറത്താക്കുകയും റഷ്യൻ അംബാസിഡറെ വിളിച്ചുവരുത്തുകയും ചെയ്തതായും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.