സഖറോവ് പുരസ്കാരം യസീദി വനിതകള്‍ക്ക്

ലണ്ടന്‍: ഐ.എസ് ഭീകരരുടെ ലൈംഗിക അടിമത്തത്തില്‍നിന്ന് രക്ഷപ്പെട്ട രണ്ട് യസീദി സ്ത്രീകള്‍ക്ക് യൂറോപ്യന്‍ യൂനിയന്‍െറ ഇത്തവണത്തെ സഖറോവ് പുരസ്കാരം. നാദില മുറാദ് ബസീം, ലാമിയ അജി ബഷാര്‍ എന്നിവരാണ് പുരസ്കാരത്തിന് അര്‍ഹരായത്. 2014ല്‍ ഐ.എസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി ലൈംഗിക അടിമകളാക്കിയ ആയിരക്കണക്കിന് യസീദി സ്ത്രീകളിലുള്‍പ്പെട്ടവരാണിവര്‍. എന്നാല്‍, പീഡനങ്ങളെ അതിജീവിച്ച ഇരുവരും ഇപ്പോള്‍ യസീദി സമൂഹത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലാണ്. സോവിയറ്റ് ശാസ്ത്രജ്ഞനും വിമതനുമായ ആന്‍ഡ്രേ സഖറോവിന്‍െറ ഓര്‍മക്കായാണ് ഈ പുരസ്കാരം എല്ലാ വര്‍ഷവും നല്‍കിവരുന്നത്.   യൂറോപ്യന്‍ പാര്‍ലമെന്‍റില്‍ ആല്‍ഡേ വിഭാഗമാണ് ഇവരെ നാമനിര്‍ദേശം ചെയ്തത്.

ക്രൂരതയെ അസാമാന്യധീരതകൊണ്ട് നേരിട്ട ഈ വനിതകള്‍ പ്രചോദനമാണെന്ന് അഭിപ്രായമുയര്‍ന്നു. 2014 ആഗസ്റ്റ് മൂന്നിന് ഇറാഖിലെ സിന്‍ജാര്‍ ജില്ലയിലെ കൊച്ചോ ഗ്രാമത്തില്‍ പുരുഷന്മാരെ മുഴുവന്‍ കൊലപ്പെടുത്തിയശേഷമാണ് ഐ.എസ് ഭീകരര്‍ രണ്ട് സ്ത്രീകളെയും പിടികൂടിയത്. ഇവര്‍ മറ്റ് സ്ത്രീകളോടൊപ്പം ലൈംഗിക അടിമകളായി പലവട്ടം വില്‍പനക്കിരയായി. മുറാദിന്‍െറ ആറ് സഹോദരങ്ങളെയും വൃദ്ധയായ മാതാവിനെയും ഐ.എസ് കൊലപ്പെടുത്തി. അജി ബഷാറിനെ തീവ്രവാദികള്‍ക്കിടയില്‍ അഞ്ച് പ്രാവശ്യം വില്‍ക്കുകയും ബോംബുകളുണ്ടാക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. പിന്നീടവര്‍ സാഹസികമായി രക്ഷപ്പെടുകയായിരുന്നു.

 

Tags:    
News Summary - sagharov prize yaseedhi womens

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.