പാരിസ്: മുതിർന്ന ചൈനീസ് സുരക്ഷ ഉദ്യോഗസ്ഥനും ഇൻറർപോൾ പ്രസിഡൻറുമായി മെങ് ഹോങ്വെയിയെ (64) കാണാതായതായി പരാതി. ഫ്രാൻസിൽനിന്ന് ചൈനയിലേക്കുള്ള യാത്രമധ്യേ ആണ് കാണാതായതെന്ന് ഭാര്യ ഇൻറർപോളിനെ അറിയിച്ചു. സെപ്റ്റംബർ 29നാണ് മെങ് ഫ്രാൻസിൽ നിന്ന് ചൈനയിലേക്ക് പോയത്.പിന്നീട് വിവരമൊന്നും ഇല്ലാതായപ്പോൾ ഭാര്യ ഇൻറർപോൾ തലസ്ഥാനം സ്ഥിതിചെയ്യുന്ന ഫ്രാൻസിലെ ലിയോൺസ് നഗരത്തിലെ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഫ്രഞ്ച് റേഡിയോ യൂറോപ് 1 ആണ് വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്.
അന്വേഷണം പുരോഗമിക്കുന്നതിനാൽ ഉദ്യോഗസ്ഥർ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയില്ല. ചൈനീസ് വിദേശകാര്യമന്ത്രാലയവും മോചനവാർത്തയെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. 2016 നവംബറിലാണ് മെങിനെ ഇൻറർപോൾ പ്രസിഡൻറായി നിയമിച്ചത്. 2020ൽ കാലാവധി അവസാനിക്കും. ചൈനയിൽ പൊതുസുരക്ഷയുടെ ചുമതലയുള്ള ഉപമന്ത്രി സ്ഥാനമുൾപ്പെടെ തന്ത്രപ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഷി ജിൻപിങ് അധികാരത്തിലേറിയ ശേഷം മെങ്ങിെൻറ നേതൃത്വത്തിൽ നടന്ന അഴിമതി വിരുദ്ധ ഒാപറേഷനിൽ മുൻ നേതാക്കളടക്കം സുപ്രധാന വ്യക്തികളാണ് അറസ്റ്റിലായത്. ഇൻറർപോൾ മേധാവിയായി മെങിനെ നിയമിക്കുന്നതിനെതിരെ അന്താരാഷ്ട്രതലത്തിൽ എതിർപ്പുയർന്നിരുന്നു.
മെങ് ഇൻറർപോൾ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടാൽ ഷി യുടെ എതിരാളികളെ അടിച്ചമർത്തുന്ന രാഷ്ട്രീയ അജണ്ട തുടരുമോയെന്ന് മനുഷ്യാവകാശ സംഘടനകൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.