മ്യൂണിക്: നാസി ജര്‍മനിയുടെ പ്രചാരകനും 20ാം നൂറ്റാണ്ടിലെ കുപ്രസിദ്ധ യുദ്ധക്കുറ്റവാളിയുമായ ജോസഫ് ഗീബല്‍സിന്‍െറ വനിത സെക്രട്ടറിക്ക് 106ാം വയസ്സില്‍ അന്ത്യം. നാസി ശൃംഖലയിലെ ജീവിച്ചിരുന്ന അവസാനത്തെ കണ്ണിയായ ബ്രുണ്‍ഹില്‍ഡെ പോംസല്‍ ആണ് 106ാം വയസ്സ് പിന്നിട്ട് ഏതാനും ആഴ്ചകള്‍ക്കുശേഷം മ്യൂണിക്കില്‍ വിടപറഞ്ഞത്. ആറു ദശലക്ഷം ജൂതന്മാരെ ഹോളോകോസ്റ്റിലൂടെ ഇല്ലായ്മ ചെയ്യാന്‍ നാസി ഏകാധിപതിയായ ഹിറ്റ്ലറുടെ വലങ്കൈയായി വര്‍ത്തിച്ച ഗീബല്‍സുമായി വളരെ അടുത്ത് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍, അടുത്തിടെ പുറത്തിറങ്ങിയ ‘എ ജര്‍മന്‍ ലൈഫ്’ എന്ന ഡോക്യുമെന്‍ററിയില്‍ ഈ വംശഹത്യയെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് അവര്‍ പറഞ്ഞത്. തനിക്ക് കുറ്റബോധം ഒന്നും തോന്നുന്നില്ളെന്നും അവര്‍ പറയുന്നു.
1911 ജനുവരിയില്‍ ജനിച്ച പോംസല്‍ ഗീബല്‍സിന്‍െറ സെക്രട്ടറിയാവുന്നതിനുമുമ്പ് ജൂതനായ ഇന്‍ഷുറന്‍സ് ബ്രോക്കറുടെ കീഴില്‍ ഇതേ ജോലി ചെയ്തിരുന്നു. രാഷ്ട്രീയ നിലപാടുകളൊന്നും ഇല്ലാതിരുന്ന അവര്‍ നാസി പാര്‍ട്ടി ജര്‍മനിയില്‍ അധികാരമേറ്റ 1933ല്‍ അതില്‍ ചേരുകയും ജര്‍മന്‍ നാഷനല്‍ റേഡിയോവില്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. ടൈപിസ്റ്റ് എന്നനിലയില്‍ കഴിവുതെളിയിച്ച ഇവര്‍ 1942ല്‍ യുദ്ധവേളയില്‍ ഗീബല്‍സിന്‍െറ സെക്രട്ടറിയായി. ‘‘പൊതു ബോധവത്കരണ-പ്രചാരണ വിഭാഗത്തിന്‍െറ മന്ത്രിയായിരുന്നു ഗീബല്‍സ് അപ്പോള്‍. കാഴ്ചക്ക് വെടിപ്പുള്ള ഒരാളായിരുന്നു ഗീബല്‍സ്. എല്ലായ്പോഴും മുടി നന്നായി ചീകി വൃത്തിയായി വസ്ത്രം ധരിച്ചിരുന്നു. എന്നാല്‍, ധിക്കാരിയായിരുന്നു അദ്ദേഹം’’ -പോംസല്‍ ഓര്‍ത്തെടുത്തു. താന്‍ വെറും സെക്രട്ടറി മാത്രമായിരുന്നുവെന്നും ഹോളോകോസ്റ്റ് സമയത്ത് നാസിപ്പടയുടെ കിരാതകൃത്യങ്ങളെക്കുറിച്ച് അറിഞ്ഞിരുന്നില്ളെന്നും ‘എ ജര്‍മന്‍ ലൈഫി’ല്‍ അവര്‍ പറയുന്നു. തന്‍െറ മേലധികാരികളെ കുറ്റപ്പെടുത്താനോ നാസി നേതാക്കളുമൊത്തുള്ള കാലത്തെക്കുറിച്ച് കൂടുതലൊന്നും പറയാനോ അവര്‍ തയാറായിരുന്നില്ല.
രണ്ടാം ലോകയുദ്ധത്തിന്‍െറ അവസാനം സോവിയറ്റ് സേനയുടെ പിടിയിലായ പോംസല്‍ അഞ്ചു വര്‍ഷം ഡിറ്റന്‍ഷന്‍ ക്യാമ്പില്‍ കഴിയുകയും അതിനുശേഷമുള്ള 20 വര്‍ഷം ജര്‍മന്‍ ബ്രോഡ്കാസ്റ്റിങ്ങില്‍ ജോലിചെയ്യുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.