ഖദ്ദാഫിയുമായുള്ള പണമിടപാടില്‍ കുടുങ്ങി സാര്‍കോസി

പാരിസ്: ഫ്രഞ്ച് പ്രസിഡന്‍റ് പദത്തിലേക്ക് രണ്ടാമൂഴത്തിന് അണിയറനീക്കം നടത്തുന്ന നികളസ് സാര്‍കോസിക്കെതിരെ തെരഞ്ഞെടുപ്പ് ഫണ്ട് വിവാദം പുകയുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്  ഫ്രാന്‍സ് മുന്‍ പ്രസിഡന്‍റ് നികളസ് സാര്‍കോസി ലിബിയന്‍ ഭരണാധികാരിയായിരുന്ന മുഅമ്മര്‍ ഖദ്ദാഫിയില്‍നിന്ന് പണം സ്വീകരിച്ചതായാണ് ആരോപണമുയര്‍ന്നത്.

2006നും 2007നുമിടയില്‍ ഖദ്ദാഫിക്ക് പണം നല്‍കിയതായി ഫ്രഞ്ച്-ലബനീസ് ബിസിനസുകാരനാണ് വെളിപ്പെടുത്തിയത്. ഫ്രഞ്ച് വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തിലാണ് ബിസിനസുകാരനായ സിയാദ് തകിയ്യുദ്ദീന്‍  ഇക്കാര്യം വെളിപ്പെടുത്തിയത്. പണം നല്‍കുന്നതിനായി മൂന്നു തവണ ലിബിയന്‍ തലസ്ഥാനമായ ട്രിപളിയില്‍നിന്ന് പാരിസിലേക്ക് യാത്ര ചെയ്തതായും തകിയ്യുദ്ദീന്‍ പറഞ്ഞു. ഓരോ തവണയും സ്യൂട്ട്കേസില്‍ 15-20 ലക്ഷത്തോളം യൂറോ ആണ് ഉണ്ടായിരുന്നത്.

ഖദ്ദാഫിയുടെ സൈനിക ഇന്‍റലിജന്‍സ് മേധാവിയായിരുന്ന അബ്ദുല്ല സെനൂസിയാണ് തകിയ്യുദ്ദീന് പണം നല്‍കിയത്. എന്നാല്‍, ആരോപണം കെട്ടിച്ചമച്ചതാണെന്ന് സാര്‍കോസി ആരോപിച്ചു.  ജയിലില്‍ കഴിയുന്ന ഖദ്ദാഫിയുടെ മകന്‍ സൈഫുല്‍ ഇസ്ലാമും സാര്‍കോസിക്ക് പണം നല്‍കിയത് ശരിവെച്ചിരുന്നു.

2011 മാര്‍ച്ചിലാണ് സാര്‍കോസിക്കെതിരെ ഫണ്ട് വിവാദം തലപൊക്കിയത്. ആരോപണങ്ങള്‍ നിഷേധിച്ചിട്ടും സാര്‍കോസി 2012ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു.

 

Tags:    
News Summary - french sarkozy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.