മോസ്കോ: പന്തയംവെക്കാത്ത മനുഷ്യരുണ്ടാവില്ല. ചിലർക്ക് തമാശയും ചിലർക്ക് ജീവിതവുമാണ് പന്തയങ്ങൾ. അത്തരത്തിലൊരു പന്തയമാണ് റഷ്യയിൽ നടന്നത്. പ്രസിഡൻറ് തെരഞ്ഞെടുപ്പ് കൊടുമ്പിരികൊണ്ടിരിക്കുന്ന സമയം. കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥിയായ പാവൽ ഗ്രുദിനിനും റഷ്യയിലെ പ്രമുഖ ഒാൺലൈൻ മാധ്യമപ്രവർത്തകൻ യൂറി ഡൂഡുമായി വെറുതെ ഒരു പന്തയംവെച്ചു.
18ന് നടന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ 15 ശതമാനത്തിൽ കുറഞ്ഞ വോട്ട് ലഭിച്ചാൽ തെൻറ മീശ വടിക്കാമെന്ന് ഗ്രുദിനിനും, ഗ്രുദിനിന് പതിനഞ്ചോ അതിൽ കൂടുതലോ ശതമാനം വോട്ട് ലഭിച്ചാൽ തെൻറ തല മൊട്ടയടിക്കാമെന്ന് ഡൂഡും സമ്മതിച്ചു. വിധി എന്നല്ലാതെ എന്തു പറയാൻ, തിങ്കളാഴ്ച പുറത്തുവന്ന പ്രാഥമിക ഫലങ്ങളിൽ ഗ്രുദിനിന് ലഭിച്ചത് ആകെ 12 ശതമാനം വോട്ട്. ഇതാകട്ടെ ആധുനിക റഷ്യയിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിലെതന്നെ ഏറ്റവും കുറഞ്ഞ ശതമാനം വോട്ട്. റിസൽട്ട് വന്നപ്പോൾതന്നെ നമ്മുടെ പത്രപ്രവർത്തകൻ ഡൂഡ് പന്തയം ഒാർമപ്പെടുത്തി ഷേവിങ് റേസറിെൻറ ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു.
സംഭവം നാണക്കേടായെന്ന് സമ്മതിച്ചില്ലെങ്കിലും താൻ ഉടൻതന്നെ യൂറി ഡൂഡിനെ കാണുമെന്ന് ഗ്രൂദിനിൻ പറഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പ് നീതിപൂർവമാണെന്ന് ഡൂഡ് പറഞ്ഞാൽ അടുത്ത നിമിഷം താൻ മീശ വടിക്കുമെന്നും ഗ്രൂദിനിൻ അറിയിച്ചിട്ടുണ്ട്. റഷ്യയിൽ ഇത്തരം പുലിവാലുപിടിത്തങ്ങൾ പുതിയ സംഭവമൊന്നുമല്ല. തെൻറ മകളുടെ സ്കൂൾ പരീക്ഷഫലം മികച്ചതാണെങ്കിൽ തെൻറ ട്രേഡ് മാർക്ക് മീശ വടിക്കാമെന്ന് പന്തയംവെച്ച് ഒടുവിൽ ഉള്ള മീശകൂടി പോയ, വ്ലാദിമിർ പുടിെൻറ പ്രസ് സെക്രട്ടറിയും രാജ്യത്തെ ഒന്നാന്തരം പന്തയ സ്മാരകങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.