ക്രിസ്മസോടെ കിഴക്കന്‍ അലപ്പോ തകരുമെന്ന് യു.എന്‍ മുന്നറിയിപ്പ്

ഡമസ്കസ്: റഷ്യന്‍ പിന്തുണയോടെ സര്‍ക്കാര്‍ സൈന്യം ആക്രമണം തുടരുകയാണെങ്കില്‍ ക്രിസ്മസോടെ കിഴക്കന്‍ അലപ്പോ സമ്പൂര്‍ണമായി തകര്‍ന്നടിയുമെന്ന് യു.എന്‍ മുന്നറിയിപ്പ്. ദുരന്തത്തില്‍ ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെടും.

 ‘രണ്ടരമാസമാണതിന്‍െറ കാലാവധി. അതിനുള്ളില്‍ ആയിരിക്കണക്കിനുപേര്‍ കൊല്ലപ്പെടും. തീവ്രവാദികളല്ല, നിരപരാധികളായ സിവിലിയന്മാര്‍’ ഉപരോധ നഗരത്തിലെ മാനുഷികദുരന്തം വിവരണാതീതമാണെന്നും സ്രെബ്രെനികയിലും റുവാണ്ടയിലുമുണ്ടായ നരഹത്യ പോലൊന്ന് ആവര്‍ത്തിക്കാതിരിക്കാന്‍ ലോകം ശ്രദ്ധിക്കണമെന്നും യു.എന്‍ പ്രത്യേക ദൂതന്‍ സ്റ്റെഫാന്‍ ഡി മിസ്തൂര ആവശ്യപ്പെട്ടു. തീവ്രവാദികളുടെ പേരുംപറഞ്ഞ് റഷ്യയും യു.എസും ചരിത്രനഗരം തകര്‍ക്കുകയാണ്. യുദ്ധമുഖ നഗരത്തില്‍ 2,75,000 ആളുകള്‍ ഉപരോധത്തില്‍ കഴിയുകയാണ്.

റഷ്യയും സിറിയന്‍ സൈന്യവും ബോംബാക്രമണം നിര്‍ത്തിവെക്കാന്‍ തയാറാണെങ്കില്‍ ഐ.എസ് ഭീകരരെ തുരത്താന്‍ അലപ്പോയിലേക്ക് പോകാന്‍ തയാറാണെന്നും മിസ്തൂര വ്യക്തമാക്കി.
ചരിത്രനഗരം ബോംബിട്ട് തകര്‍ക്കുന്ന ഹീന നടപടിക്ക് മാപ്പില്ല. നിരപരാധികളെ കൊന്നൊടുക്കാന്‍ തീരുമാനിച്ചുറപ്പിച്ചതാണോ? നഗരം വിട്ടുപോകാന്‍ കൂട്ടാക്കാത്ത നുസ്റ ഫ്രണ്ടിനോടും ആക്രമണം തുടരുന്ന റഷ്യയോടുമായിരുന്നു ചോദ്യം. ‘രണ്ടാഴ്ചത്തെ ആക്രമണത്തില്‍ 376 സിവിലിയന്മാര്‍ കൊല്ലപ്പെട്ടു. 1266 പേര്‍ക്ക് പരിക്കേറ്റു. രണ്ട് പ്രധാന ആശുപത്രികള്‍ തകര്‍ന്നു.
600ലേറെ രോഗികള്‍ ചികിത്സകിട്ടാതെ വലയുന്നു’ -മിസ്തൂര ചൂണ്ടിക്കാട്ടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.