തുർക്കി കാർബോംബ്​ സ്ഫോടനം; മരണം 34 ആയി

അങ്കാറ: തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ ഞായറാഴ്ച വൈകീട്ടുണ്ടായ ഉഗ്രസ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 34 ആയി. 125ലധികം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ 19 പേരുടെ നില ഗുരുതരമാണ്. 30 പേർ സംഭവസ്ഥലത്തും നാല്പേർ ആശുപത്രിയിലുമാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രി മഹ്മൂദ് മുഹ്സിൻ ഒഗ്ലു പറഞ്ഞു. കൊല്ലപ്പെട്ടവരിൽ രണ്ടു പേർ ചാവേറുകളാണ്.

നഗരത്തിലെ പ്രധാന വ്യാപാരകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന കിസിലായിക്കു സമീപം കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് പ്രാഥമിക വിവരം. പ്രസിദ്ധമായ ഗുവന്‍ പാര്‍ക്കിലേക്കുള്ള ബസ്കാത്തിരിപ്പുകേന്ദ്രത്തിന് സമീപമാണ് സ്ഫോടനമുണ്ടായത്. ഇവിടെ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളില്‍ പലതും പൂര്‍ണമായും അഗ്നിക്കിരയായി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് അങ്കാറ ഗവര്‍ണര്‍ പറഞ്ഞു. അതേസമയം, സംഭവത്തിന് പിന്നിലാരെന്ന് വ്യക്തമല്ല. ചാവേര്‍ സ്ഫോടനമാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.  പൊലീസും സുരക്ഷാസൈനികരും സ്ഥലത്തത്തെി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

കുർദിഷ് തീവ്രവാദികൾക്കെതിരെ വൻതോതിലുള്ള സൈനിക നടപടി നടത്താനിരിക്കെയാണ് ആക്രമണമുണ്ടായതെന്ന് ആഭ്യന്തരമന്ത്രി ഇക്ഫാൻ അല പറഞ്ഞു. ചാവേർ ആക്രമണമുണ്ടായെങ്കിലും സൈനിക നടപടിയിൽ നിന്ന് പിൻമാറില്ല. സാധാരണക്കാരെ കൊന്നൊടുക്കുന്ന തീവ്രവാദികൾക്കെതിരെ സൈന്യം ശക്തമായ നടപടിളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. ആക്രമണം നടത്തിയവരെക്കുറിച്ച് വ്യക്തമായ വിവരം കിട്ടിയിട്ടുണ്ടെങ്കിലും അന്വേഷണം പൂർത്തിയായതിന് ശേഷം വിവരങ്ങൾ പുറത്തുവിടുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

മൂന്നാഴ്ച മുമ്പ് അങ്കാറയില്‍ സൈനികരുമായി പോയ ബസിനുനേരെയുണ്ടായ ചാവേറാക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടിരുന്നു. കുര്‍ദ് വിമത ഗ്രൂപ്പായിരുന്നു ഈ സ്ഫോടനത്തിനു പിന്നില്‍. ഏതാനും ദിവസംമുമ്പ് തുര്‍ക്കിയിലെ യു.എസ് എംബസി, തലസ്ഥാനത്ത് ഭീകരാക്രമണത്തിന് സാധ്യതയുള്ളതായി മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന്, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും മറ്റും കനത്ത സുരക്ഷയൊരുക്കുകയും മേഖലയില്‍ താമസിക്കുന്നവരോട് കുറച്ച് ദിവസത്തേക്ക് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.