കുടുംബബന്ധങ്ങള്‍ ശിഥിലമാക്കിയ ബ്രെക്സിറ്റ്

ബ്രിട്ടനെ രണ്ടായി പിളര്‍ത്തിയ ബ്രെക്സിറ്റിനുശേഷം ആയിരക്കണക്കിന് കുടുംബബന്ധങ്ങള്‍ ശിഥിലമായി. ഫലപ്രഖ്യാപനത്തിനുശേഷം ബ്രിട്ടന്‍ പുറത്തുപോകുന്നതിനായി വാദിച്ച മുതിര്‍ന്നവരുമായി കലഹിച്ച യുവാക്കള്‍ തിരിച്ചുവരില്ളെന്ന് പറഞ്ഞ് പല കുടുംബങ്ങളില്‍നിന്നും ഇറങ്ങിപ്പോയി. പഴയ തലമുറ സ്വാര്‍ഥരാണെന്നും ബ്രെക്സിറ്റിനെ അനുകൂലിച്ച വൃദ്ധമാതാപിതാക്കളെക്കുറിച്ച് ലജ്ജിക്കുന്നുവെന്നും പുതുതലമുറ പരാതിപ്പെട്ടു.

വെള്ളിയാഴ്ചത്തെ ഹിതപരിശോധനാഫലത്തിന്‍െറ ഞെട്ടലില്‍നിന്ന് മുക്തരായിട്ടില്ലാത്ത യുവതികള്‍  ബ്രെക്സിറ്റ് മൂലം വൃദ്ധരായിത്തീരുമെന്ന് ആശങ്കപ്പെട്ടു. യുവാക്കളില്‍ പലരും പെട്ടെന്നുണ്ടായ ഞെട്ടലില്‍നിന്ന് മോചിതരായിട്ടില്ല. എന്നാല്‍,  പഴയതലമുറ ആഘോഷം തുടരുകയാണ്. ഹിതപരിശോധനക്ക് ദിവസങ്ങള്‍ക്കുമുമ്പ് വെയ്ല്‍സ് നഗരത്തിലെ 21കാരിയായ സ്റ്റെഫാനി മാതാപിതാക്കളോട് ബ്രിട്ടന് അനുകൂലമായി വോട്ട് ചെയ്യണമെന്ന് അഭ്യര്‍ഥിച്ചു. എന്നാല്‍, പ്രതിപക്ഷ ബഹുമാനം പോലുമില്ലാതെ അവളെ അധിക്ഷേപിക്കുകയായിരുന്നു അവര്‍. ഫലമറിഞ്ഞതിനുശേഷവും അത് തുടരുന്നു. ബ്രിട്ടന്‍ തുടരണമെന്ന സ്റ്റെഫാനിയുടെയും സുഹൃത്തുക്കളുടെയും അഭിപ്രായം മണ്ടത്തരമാണെന്നായിരുന്നു അവരുടെ പക്ഷം. ഒരു സന്ദര്‍ഭത്തില്‍, യൂറോപ്യന്‍ യൂനിയന്‍ പൗരത്വമുള്ള കുടുംബസൃഹൃത്തിനോട് സങ്കടം അടക്കാന്‍ കഴിയുന്നില്ളെങ്കില്‍ മാറിത്താമസിക്കാന്‍വരെ പറഞ്ഞുകളഞ്ഞു. മാതാപിതാക്കളുടെ ശകാരം സഹിക്കവയ്യാതെ സ്റ്റെഫാനി താമസം മാറ്റി. മാതാപിതാക്കളെ ഏറെ സ്നേഹിച്ചിരുന്ന സ്റ്റെഫാനിക്ക് ബ്രെക്സിറ്റിനുശേഷം അവരോട് വെറുപ്പാണത്രെ.

ഇക്കാര്യത്തില്‍ സ്റ്റെഫാനി ഒറ്റക്കായിരുന്നില്ല. ‘ബ്രെക്സിറ്റിന് അനുകൂലമായി വോട്ട് ചെയ്യരുതെന്ന് പറഞ്ഞിട്ടും പപ്പയും മമ്മയും ചെവിക്കൊണ്ടില്ല. ഇപ്പോള്‍ അവരുടെ വഴക്ക് സഹിക്കാന്‍ കഴിയുന്നില്ല -അവളുടെ സുഹൃത്ത് അലക്സ് പറഞ്ഞു. ‘ഓരോ തവണയും ബ്രിട്ടന്‍ തുടര്‍ന്നാലുണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ച് ഞാന്‍ പറഞ്ഞുകൊണ്ടിരുന്നു. എന്നാല്‍, അതെല്ലാം വാദപ്രതിവാദങ്ങളിലാണ് അവസാനിച്ചത്. ഇപ്പോള്‍ അവരെ നേരിടാനാവാതെ മാറിനില്‍ക്കുകയാണ്’.
‘മമ്മക്ക് കുടിയേറ്റക്കാരെ ഒട്ടും ഇഷ്ടമല്ല. അതിനാല്‍ ബ്രിട്ടന്‍െറ പിന്മാറ്റത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. ഞാനും സഹോദരനും വാദിച്ചിട്ടും ഫലമുണ്ടായില്ല. മമ്മയുടെ നിലപാട് മാറിയില്ല. ഞങ്ങളെ വളര്‍ത്താന്‍ ഏറെ കഷ്ടപ്പെട്ടതാണ് മമ്മ. ദയാലുവും മഹാമനസ്കയും തമാശക്കാരിയുമൊക്കെയായിരുന്ന മമ്മയെ ഇപ്പോള്‍ സഹിക്കാന്‍ വയ്യാതായി’ -ജാമീ പറയുന്നു. കുടിയേറ്റക്കാരെക്കുറിച്ച് വെറുപ്പോടെ മമ്മ വിവരിക്കുമ്പോള്‍ മന്ദഹാസത്തോടെ തിരുത്താന്‍ ശ്രമിക്കുമായിരുന്നു ഞാന്‍. ഞങ്ങളുടെ കുടുംബത്തില്‍ ഒരാള്‍ക്ക് അസുഖം വന്നാല്‍പോലും മമ്മ സങ്കടപ്പെടും. എന്നാല്‍, കുടിയേറ്റക്കാരെ കണ്ണിനു കണ്ടുകൂട. മമ്മയുടെ ഈ നിലപാട് ഞങ്ങളെ നിരാശപ്പെടുത്തി  -ലണ്ടനില്‍ താമസിക്കുന്ന ജാമീ തുടര്‍ന്നു.

 ഭാവിയില്‍ ഉണ്ടായേക്കാവുന്ന മെച്ചപ്പെട്ട ജീവിതസൗകര്യങ്ങളെക്കൂടിയാണ് മുതിര്‍ന്നവര്‍ വോട്ട് ചെയ്ത് തോല്‍പിച്ചതെന്നാണ് യുവതലമുറയുടെ അഭിപ്രായം. ബ്രിട്ടന്‍ യൂനിയന്‍െറ ഭാഗമായി തുടര്‍ന്നാല്‍ യുവാക്കള്‍ക്ക് വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ പഠിക്കാം. ജോലി ചെയ്യാം. അതാണ് ഇല്ലാതാവുന്നത്.
ലോകത്തേറ്റവും കൂടുതല്‍ ട്യൂഷന്‍ ഫീസ് ഈടാക്കുന്നത് ബ്രിട്ടനിലാണ്. വര്‍ഷം ആറായിരത്തോളം ഡോളര്‍ വരും. ഇക്കാരണത്താല്‍ ബ്രിട്ടീഷ് വിദ്യാര്‍ഥികള്‍ പഠനച്ചെലവ് കുറവുള്ള യൂറോപ്പിലെ മറ്റേതെങ്കിലും സര്‍വകലാശാലകളെ തിരഞ്ഞെടുക്കുകയാണ് പതിവ്. ഇനി വിസ എന്ന കടമ്പയും മറ്റു ചെലവുകളും വരുന്നതോടെ പുറംപഠനത്തിനുള്ള മോഹങ്ങള്‍ക്കും മങ്ങലേറ്റിരിക്കുകയാണ്.

‘ഞങ്ങള്‍ ബിരുദധാരികളാണ്. ഉപരിപഠനത്തോടൊപ്പം കരിയറും തുടങ്ങി. വിവാഹിതരുമാണ്. 10 കൊല്ലത്തിനകം കുടുംബത്തിലെ അംഗസംഖ്യ വര്‍ധിക്കും. ജീവിതച്ചെലവ് കൂടും. ഞങ്ങളുടെ മാതാപിതാക്കള്‍ എല്ലാം അവഗണിച്ച് ബ്രിട്ടനെ പുറത്താക്കാന്‍ വോട്ട് ചെയ്തിരിക്കയാണ്’ -ഒരു കൂട്ടം ബ്രിട്ടീഷ് യുവാക്കളുടെ സങ്കടഹരജിയാണിത്. എന്നാല്‍, എല്ലാ യുവാക്കളും ബ്രെക്സിറ്റ് വിരുദ്ധരാണെന്ന് ചിന്തിക്കരുത്. ചില കുടുംബങ്ങളില്‍ മുതിര്‍ന്നവര്‍ ബ്രിട്ടന്‍ തുടരുന്നത് പിന്തുണക്കുമ്പോള്‍ യുവതലമുറ അതിനെതിരെ നിലകൊണ്ടു. എമിലിയുടെയും അത്തരമൊരു കഥയാണ്. അവളുടെ മമ്മയും പപ്പയും ബ്രെക്സിറ്റിനെ എതിര്‍ത്തു. അവളും സഹോദരിമാരും ബ്രെക്സിറ്റിനെ പിന്തുണച്ച് വോട്ട് ചെയ്തു.  ബ്രിട്ടനില്‍ വീട്ടുവാടക സാധാരണക്കാര്‍ക്ക് താങ്ങാന്‍ പറ്റാത്തത്ര ഭീമമാണ്. വരുമാനത്തെക്കാള്‍ കൂടുതല്‍ ചെലവാണെന്നതാണ് മാറ്റിചിന്തിപ്പിച്ചതെന്ന് എമിലി പറഞ്ഞു.

കടപ്പാട്: ഗാര്‍ഡിയന്‍

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.