ലേബര്‍ പാര്‍ട്ടിയില്‍ കോര്‍ബിനെതിരെ പടനീക്കം

ലണ്ടന്‍: പ്രധാനമന്ത്രി ഡേവിഡ് കാമറണിന്‍െറ രാജിപ്രഖ്യാപനത്തിനു വഴിയൊരുക്കിയ ബ്രെക്സിറ്റ് പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിന്‍െറ കസേരയും തെറിപ്പിച്ചേക്കും. ലേബര്‍ പാര്‍ട്ടി നേതൃത്വത്തില്‍നിന്ന് കോര്‍ബിനെ പടിയിറക്കാന്‍ പാര്‍ട്ടിക്കുള്ളില്‍തന്നെ നീക്കം തുടങ്ങി.  കോര്‍ബിന്‍െറ നേതൃത്വത്തിനു വെല്ലുവിളിയുയര്‍ത്തി നിഴല്‍ (ഷാഡോ) മന്ത്രിസഭയില്‍നിന്ന് വിദേശകാര്യ സെക്രട്ടറിയും മുതിര്‍ന്ന മൂന്നംഗങ്ങളും രാജിവെച്ചു.

‘പാര്‍ട്ടി നേതാവെന്ന നിലക്ക് കോര്‍ബിനിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. കോര്‍ബിന്‍ മാന്യനായ വ്യക്തിയാണ്, എന്നാല്‍ നല്ല നേതാവല്ളെന്നും രാജിപ്രഖ്യാപനത്തിനുശേഷം ഷാഡോ മന്ത്രിസഭയുടെ വിദേശകാര്യ സെക്രട്ടറി ഹിലരി ബെന്‍ ആരോപിച്ചു. മണിക്കൂറുകള്‍ക്കുശേഷം ഷാഡോ ആരോഗ്യ സെക്രട്ടറി ഹെയ്ദി അലക്സാണ്ടറും രാജിപ്രഖ്യാപിച്ചു.  തൊട്ടുപിന്നാലെ ഷാഡോ മന്ത്രിസഭയില്‍  പദവി ഒഴിയുന്നതായി പാര്‍ലമെന്‍റംഗങ്ങളായ  ഗ്ളോറിയോ ദി പിയറൊയും ഇയാന്‍ മുറെയും അറിയിച്ചു. കൂടുതല്‍ അംഗങ്ങള്‍ രാജിസന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാല്‍, കോര്‍ബിനെ പുറത്താക്കില്ളെന്ന് ഷാഡോ ചാന്‍സലര്‍ ജോണ്‍ മക്ഡോനല്‍ അറിയിച്ചു.

പാര്‍ട്ടിക്കുള്ളില്‍ ഭിന്നതയുണ്ടെന്നും ജെറമി കോര്‍ബിനെതിരെ അവിശ്വാസപ്രമേയത്തിനുമേല്‍ വോട്ടെടുപ്പിന് സാധ്യതയുണ്ടെന്നും അദ്ദേഹം വിജയിക്കുമെന്നും പാര്‍ട്ടി അംഗത്തെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോര്‍ട്ട്ചെയ്തു. കോര്‍ബിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരുന്നതിന് ബെന്‍ ലേബര്‍ പാര്‍ട്ടി അംഗങ്ങളെ സ്വാധീനിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

കാമറണിനൊപ്പം ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനൊപ്പം നില്‍ക്കണമെന്ന് ശക്തമായി വാദിച്ചയാളാണ് കോര്‍ബിന്‍. എന്നാല്‍, പ്രചാരണത്തിലൂടെ ഇത് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ അദ്ദേഹം പരാജയപ്പെട്ടെന്നാരോപിച്ച്  ലേബര്‍ പാര്‍ട്ടി എം.പിമാരായ ഡെയിം മാര്‍ഗരറ്റ് ഹോഡ്ജും ആന്‍ കോഫിയും അവിശ്വാസപ്രമേയത്തിന് കത്തുനല്‍കിയിരുന്നു.

തിങ്കളാഴ്ച നടക്കുന്ന പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയാകും. അവിശ്വാസപ്രമേയത്തിന് അനുമതി ലഭിച്ചാല്‍ രഹസ്യബാലറ്റിലൂടെ ചൊവ്വാഴ്ച വോട്ടെടുപ്പ് നടത്തും. ഇംഗ്ളണ്ടിലും വെയ്ല്‍സിലും ലേബര്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ ബ്രെക്സിറ്റ് അനുകൂലികള്‍ക്കാണ് മേല്‍ക്കൈ ലഭിച്ചത്.
ബ്രെക്സിറ്റിനെതിരെ ശക്തമായി നിലകൊണ്ട ലേബര്‍ പാര്‍ട്ടിയുടെ സന്ദേശം ജനങ്ങളിലത്തെിക്കാന്‍ കോര്‍ബിന് കഴിഞ്ഞില്ളെന്നാണ് ആരോപണം. തുടര്‍ന്നാണ്, കോര്‍ബിന്‍െറ നേതൃത്വം ചോദ്യംചെയ്യപ്പെട്ടത്. അതേസമയം, രാജിവെക്കുന്നുവെന്ന അഭ്യൂഹം കോര്‍ബിന്‍ തള്ളി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.