ബ്രിട്ടനില്‍ അടുത്ത പ്രധാനമന്ത്രിയെ കുറിച്ച് ചര്‍ച്ചകള്‍ സജീവം

ലണ്ടന്‍: ബ്രെക്സിറ്റിന് ശേഷം  പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ രാജി പ്രഖ്യാപിച്ചതോടെ പിന്‍ഗാമിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ബ്രിട്ടനില്‍ സജീവമായി. ബ്രെക്സിറ്റ് അനുകൂലിയായിരുന്ന ലണ്ടന്‍ മുന്‍ മേയര്‍ ബോറിസ് ജോണ്‍സണിന്‍െറ പേരാണ് ഇപ്പോള്‍ പ്രധാനമായി പരിഗണനയിലുള്ളത്. യൂറോപ്യന്‍ യൂനിയനില്‍ തുടരണമെന്ന നിലപാട് സ്വീകരിച്ചിരുന്ന ഡേവിഡ് കാമറണ്‍ ഫലം പ്രതികൂലമായതോടെ ഒക്ടോബറില്‍ രാജിവെക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പിന്നാലെ അടുത്ത പ്രധാനമന്ത്രിയെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായി. ബ്രെക്സിറ്റിനായി മുന്നില്‍നിന്ന് നയിച്ച ലണ്ടന്‍ മുന്‍മേയര്‍ ബോറിസ് ജോണ്‍സണിന്‍െറ പേരിനാണ് നിലവില്‍ മുന്‍തൂക്കം. ബ്രെക്സിറ്റിന് അനുകൂലമായിരുന്ന 130 പാര്‍ട്ടി എം.പിമാരുടെ പിന്തുണ ജോണ്‍സണ്‍ ഉറപ്പാക്കിയിട്ടുണ്ട്. പാര്‍ട്ടിക്കകത്തും ബ്രെക്സിറ്റിനെ അനുകൂലിക്കുന്നവര്‍ക്കുമിടയിലും ബോറിസിന് പിന്തുണയുണ്ട്. ജസ്റ്റിസ് സെക്രട്ടറി മിഖായേല്‍ ഗോവ്, ആഭ്യന്തര സെക്രട്ടറി തെരേസ മായ്, ജോര്‍ജ് ഒസ്ബോണ്‍ എന്നിവരും പ്രധാനമന്ത്രി പദത്തിലേക്ക് പരിഗണനയിലുണ്ട്. ബ്രെക്സിറ്റ് ചര്‍ച്ച ചെയ്യാനായി ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി യൂറോപ്യന്‍ യൂനിയന്‍ ഉച്ചകോടി ബ്രസല്‍സില്‍ ചേരും. ബ്രെക്സിറ്റ് വോട്ടെടുപ്പ് ചര്‍ച്ച ചെയ്യാന്‍ യൂറോപ്യന്‍ പാര്‍ലമെന്‍റ് പ്രത്യേകമായി തിങ്കളാഴ്ച യോഗം ചേരുന്നുണ്ട്.

രണ്ടാം ഹിതപരിശോധനാ ഹരജിയില്‍
ഒപ്പുവെച്ചവരുടെ എണ്ണം 30 ലക്ഷം കവിഞ്ഞു

 ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍ വിട്ടുപോകണമോ എന്നതു സംബന്ധിച്ച് രണ്ടാം ഹിതപരിശോധന ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഓണ്‍ലൈന്‍ ഭീമഹരജിയില്‍ ഒപ്പുവെച്ചവരുടെ എണ്ണം 30 ലക്ഷം കവിഞ്ഞു. പാര്‍ലമെന്‍റ് വെബ്സൈറ്റ് വഴിയാണ് ഹരജി സമര്‍പ്പിച്ചത്. ഹൗസ് ഓഫ് കോമണ്‍സാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്.  

ലക്ഷം പേരെങ്കിലും ഒപ്പുവെച്ച ഒരു നിവേദനം വന്നാല്‍ അത് ഹൗസ് ഓഫ് കോമണ്‍സില്‍ ചര്‍ച്ചക്കെടുക്കണമെന്നാണ് ചട്ടം. ചൊവ്വാഴ്ച ഇക്കാര്യത്തില്‍ ഹൗസ് ഓഫ് കോമണ്‍സ് ഹരജി സെലക്ഷന്‍ കമ്മിറ്റി പരിഗണനക്കെടുക്കുമെന്ന് കണ്‍സര്‍വേറ്റീവ് എം.പി ബെന്‍ ഹൗലറ്റ് ട്വിറ്ററിലൂടെ അറിയിച്ചു.
75 ശതമാനത്തിലേറെ പേര്‍ പങ്കെടുക്കുന്ന വോട്ടെടുപ്പില്‍ വിജയിക്കുന്നവരുടെ വോട്ട് 60 ശതമാനത്തില്‍ താഴെയായ സാഹചര്യത്തിലാണ് വീണ്ടും ഹിതപരിശോധന നടത്തണമെന്നാവശ്യമുയര്‍ന്നത്.

ശനിയാഴ്ചയാണ് രാജ്യത്ത് വീണ്ടും ഹിതപരിശോധന വേണമെന്നാവശ്യപ്പെട്ട് ഭീമഹരജി സമര്‍പ്പിച്ചത്. ബ്രെക്സിറ്റിന് പിന്നാലെ ലണ്ടന് സ്വതന്ത്ര പദവിയാവശ്യപ്പെട്ട് 30,000ത്തോളം പേര്‍ ഒപ്പിട്ട ഓണ്‍ലൈന്‍ ഹരജി സമര്‍പ്പിച്ചിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.