ഹിതപരിശോധന: ബ്രിട്ടനെ രണ്ടായി പകുത്ത ദിനം

ലണ്ടന്‍: ബ്രിട്ടന് ഏറെ അസാധാരണത്വവും അനിശ്ചിതത്വവും നിറഞ്ഞ ദിവസമായിരുന്നു ഇന്നലെ. അക്ഷരാര്‍ഥത്തില്‍ ബ്രിട്ടനെ രാഷ്ട്രീയമായി രണ്ടായി പിളര്‍ത്ത ദിനം. കടുത്ത വംശീയവാദികളും കുടിയേറ്റവിരുദ്ധരുമായ ഒരുകൂട്ടം ജനത ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍നിന്നുള്ള പിന്മാറ്റത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. മറുവിഭാഗം ബ്രെക്സിറ്റിനെ എതിര്‍ത്തും വിധിയെഴുതി. രണ്ടു രാഷ്ട്രങ്ങളിലുള്ളവരെപ്പോലെയായിരുന്നു ഇക്കാര്യത്തില്‍ ബ്രിട്ടീഷ് ജനതയുടെ പെരുമാറ്റം. കോരിച്ചൊരിയുന്ന മഴയെപ്പോലും വകവെക്കാതെയാണ് കോടിക്കണക്കിന് വോട്ടര്‍മാര്‍ ബൂത്തുകളിലത്തെിയത്. കഴിഞ്ഞ അര്‍ധരാത്രി മുതല്‍ തുടങ്ങിയ മഴയില്‍ ചില നഗരങ്ങള്‍ മുങ്ങിപ്പോയി. വീടുകളും ബിസിനസ് സ്ഥാപനങ്ങളും വെള്ളക്കെട്ടിലാണ്. ഓഫിസുകളില്‍ കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തനരഹിതമായി. തെക്കുകിഴക്കന്‍ മേഖലകളില്‍ കാലാവസ്ഥാ വിഭാഗം വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി. പ്രായമുള്ളവര്‍ ബ്രെക്സിറ്റിനെ പിന്തുണക്കുമ്പോള്‍ പുതുതലമുറ ബ്രിട്ടന്‍ യൂനിയനില്‍ തുടരുന്നതിന്‍െറ വക്താക്കളാണ്.

കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി ഡേവിഡ് കാമറണാണ് ഹിതപരിശോധന പ്രഖ്യാപിച്ചത്. 1973ലാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ അംഗമായത്. 1975ല്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരണോ എന്നതു സംബന്ധിച്ച്  ഹിതപരിശോധന പ്രഖ്യാപിച്ചു. എന്നാല്‍, യൂറോപ്യന്‍ യൂനിയനോടൊപ്പം നില്‍ക്കണമെന്നായിരുന്നു ഹിതപരിശോധനാ ഫലം. യൂറോ സോണിന്‍െറ ഏകീകൃത നാണയമായ യൂറോ 1992ല്‍ നിലവില്‍വന്നെങ്കിലും 2002 മുതലാണ് ബ്രിട്ടനില്‍ യൂറോ സ്വീകാര്യമായത്. ബ്രിട്ടന്‍െറ ഒൗദ്യോഗിക നാണയമായ പൗണ്ട് അവര്‍ നിലനിര്‍ത്തുകയും ചെയ്തു. യൂറോപ്യന്‍ യൂനിയന്‍ സാമ്പത്തിക കൂട്ടായ്മയായ യൂറോസോണില്‍ അവര്‍ അംഗമല്ല.

അംഗരാജ്യങ്ങള്‍ക്കിടയില്‍ വിസാരഹിത യാത്ര സാധ്യമാക്കുന്ന ഷെന്‍ഗെന്‍ കരാറിലും ബ്രിട്ടന്‍ പങ്കാളിയല്ല. യൂറോപ്യന്‍ യൂനിയനുമായുള്ള വ്യാപാര സാമ്പത്തിക കരാറുകള്‍ ബ്രിട്ടന്‍െറ പരമാധികാരത്തെയും സ്വാതന്ത്ര്യത്തെയും ഹനിക്കുന്നുവെന്നാണ് ബ്രിട്ടന്‍ വിട്ടുപോകണമെന്ന് ആവശ്യപ്പെടുന്നവരുടെ വാദം. മുന്‍ ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്‍സണും യൂകീപ് പാര്‍ട്ടി നേതാവ് നിഗേല്‍ ഫറാഷുമാണ് ‘ലീവ്’ ചേരിക്ക് നേതൃത്വം നല്‍കുന്നത്.
അതേസമയം, പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍, പ്രതിപക്ഷ നേതാവ് ജെറെമി കോര്‍ബൈന്‍, ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍, മുന്‍ പ്രധാനമന്ത്രിമാരായ സര്‍ ജോണ്‍ മേജര്‍, ടോണി ബ്ളെയര്‍ എന്നിവരുള്‍പ്പെടെ ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള നിരവധി പ്രമുഖര്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരണമെന്ന ‘റിമെയ്ന്‍’ പക്ഷക്കാരാണ്.

പ്രധാനമന്ത്രി ഡേവിഡ് കാമറണും പത്നി സാമന്തയും വെസ്മിന്‍സ്റ്ററിലെ സെന്‍ട്രല്‍ മെതോഡിസ്റ്റ് ഹാളിലും ലേബര്‍ പാര്‍ട്ടി നേതാവ് ജെറെമി കോര്‍ബിന്‍ ഇസ്ലിങ്ടണിലെ ബൂത്തിലും വോട്ട് രേഖപ്പെടുത്തി. ആഗോളവിപണികള്‍ ഹിതപരിശോധനയുടെ ഫലമറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

ഹിതപരിശോധന ജനാധിപത്യത്തിന് കരുത്ത് പകരും

 ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരണോ വേണ്ടയോ എന്ന് നിര്‍ണയിക്കാന്‍ വ്യാഴാഴ്ച നടന്ന ഹിതപരിശോധന ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്ന് പ്രമുഖ ദിനപത്രം ഇന്‍ഡിപെന്‍ഡന്‍റ്. ഹിതപരിശോധനാഫലം എന്തുമാകട്ടെ, ജനാഭിലാഷം പരിഗണിച്ച് നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന ഈ രീതി ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ആര്‍ഭാടപൂര്‍ണമാണെന്ന് പത്രം മുഖപ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. ഹിതപരിശോധനയിലെ വര്‍ധിച്ച പങ്കാളിത്തവും ഉയര്‍ന്ന പോളിങ്ങും ശുഭസൂചനയാണ്. പ്രചാരണവേളയില്‍ അനിഷ്ട സംഭവങ്ങള്‍ അരങ്ങേറി, ഒപ്പം പ്രോത്സാഹജനകമായ സംഭവ വികാസങ്ങളും ഉണ്ടായി. വനിതാ എം.പി നവനാസി ചിന്താഗതിക്കാരനാല്‍ വധിക്കപ്പെട്ടത് അപലപനീയമായി.അതേസമയം, പ്രചാരണകൊട്ടിക്കലാശവേളയില്‍ ബി.ബി.സി സംഘടിപ്പിച്ച ജനകീയ സംവാദം  ആവേശോജ്ജ്വലമായിരുന്നു. ബ്രിട്ടന്‍ അതിന്‍െറ എല്ലാ നന്മകളും ഏതാനും ഹീനതകളും പ്രദര്‍ശിപ്പിച്ച പ്രചാരണം. ജനാധിപത്യത്തിനുനേരെ നിരവധി വെല്ലുവിളികള്‍ ഉയരുന്നുണ്ടെങ്കിലും വ്യത്യസ്ത ചിന്താഗതിക്കാര്‍ അണിനിരന്ന ഹിതപരിശോധന ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലാകും -ഇന്‍ഡിപെന്‍ഡന്‍റ് വിലയിരുത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.