ഇസ്തംബൂളില്‍ ബോംബാക്രമണം; 11 മരണം, 36പേര്‍ക്ക് പരിക്ക്


ഇസ്തംബൂള്‍: സെന്‍ട്രല്‍ ഇസ്തംബൂളിലെ തിരക്കേറിയ റോഡില്‍ പൊലീസ് ബസിനുനേരെയുണ്ടായ കാര്‍ബോംബാക്രമണത്തില്‍ ഏഴ് ഉദ്യോഗസ്ഥരും നാല് സിവിലിയന്മാരുമടക്കം 11പേര്‍ കൊല്ലപ്പെട്ടു. 36പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. ബെയാസിത് ജില്ലയിലൂടെ കടന്നുപോവുകയായിരുന്ന പൊലീസ് ബസിനുനേരെയാണ് ആക്രമണമുണ്ടായത്.
 പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും ഇസ്തംബൂള്‍ സര്‍വകലാശാലാ കെട്ടിടവും സ്ഥിതിചെയ്യുന്ന തിരക്കേറിയ പ്രദേശത്ത് രാവിലെയാണ് ആക്രമണമുണ്ടായത്. സംഭവത്തിന്‍െറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കനത്ത ശബ്ദത്തോടെയാണ് സ്ഫോടനമുണ്ടായതെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ച പ്രസിഡന്‍റ് ഉര്‍ദുഗാന്‍ തീവ്രവാദത്തിനെതിരെ പോരാട്ടം അവസാന നിമിഷംവരെ തുടരുമെന്ന് പ്രസ്താവിച്ചു. ജനങ്ങളുടെ സുരക്ഷാ ഉത്തരവാദിത്തമുള്ള പൊലീസുകാര്‍ക്കെതിരെയുള്ള ആക്രമണം മാപ്പുനല്‍കാന്‍ കഴിയാത്ത തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐ.എസ് തീവ്രവാദികളെയും കുര്‍ദിഷ് സായുധകാരികളെയും സംഭവത്തില്‍ സംശയിക്കുന്നുണ്ട്. കുര്‍ദിഷ് വിമത ഗ്രൂപ്പുകള്‍ തുര്‍ക്കി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുനേരെ നേരത്തേ ആക്രമണങ്ങള്‍ നടത്തിയിരുന്നു. കുര്‍ദ് ഭൂരിപക്ഷ പ്രദേശങ്ങളില്‍ സ്വയംഭരണത്തിന് പോരാടുന്ന പി.കെ.കെയാണ് കുര്‍ദ് വിമത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പി.കെ.കെയുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഇല്ലാതായ ശേഷമുണ്ടായ ആക്രമണങ്ങളില്‍ നൂറുകണക്കിന് തുര്‍ക്കി സുരക്ഷാ ഉദ്യോഗസ്ഥരാണ് വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.
യൂറോപ്യന്‍ യൂനിയനും അമേരിക്കയും പി.കെ.കെയെ തീവ്രവാദ ഗ്രൂപ്പായാണ് പരിഗണിക്കുന്നത്. ഐ.എസിനെതിരായ സൈനിക നീക്കത്തില്‍ അമേരിക്കയടക്കമുള്ള രാജ്യങ്ങളെ തുര്‍ക്കി സഹായിക്കുന്നുണ്ട്. ഈ വര്‍ഷം മാത്രം രണ്ട് ആക്രമണങ്ങളാണ് ഇസ്തംബൂളിലുണ്ടായത്. ഇതോടെ വിനോദ സഞ്ചാരികളുടെ വരവിലും വന്‍ ഇടിവുണ്ടായിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.