തുര്‍ക്കിയില്‍ വിവാഹ ചടങ്ങിനിടെ സ്ഫോടനം; 50 മരണം

അങ്കാറ: തുര്‍ക്കിയിലെ തെക്കുകിഴക്കന്‍ പ്രവിശ്യയായ ഗാസിയാന്‍തെപില്‍ വിവാഹ ചടങ്ങിനിടെയുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടു. 94 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സിറിയന്‍ അതിര്‍ത്തിക്കടുത്താണ് ഈ മേഖല. ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയില്‍നിന്ന് ഇതുവഴിയാണ് ആളുകള്‍ പലായനം ചെയ്യുന്നത്.  
ശനിയാഴ്ച വൈകീട്ടാണ് സംഭവം. ചടങ്ങ് അവസാനിക്കാറായ സമയമായിരുന്നതിനാല്‍ നിരവധി കുടുംബങ്ങള്‍ വേദി വിട്ടിരുന്നു. കൊല്ലപ്പെട്ടവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.  ആക്രമണത്തില്‍നിന്ന് നിസ്സാര പരിക്കുകളോടെ വധൂവരന്മാര്‍ രക്ഷപ്പെട്ടു. 12 പേരെ ശനിയാഴ്ചതന്നെ ഖബറടക്കി. ശരീരങ്ങള്‍ ചിതറിത്തെറിച്ചതിനാല്‍  അവശേഷിക്കുന്നവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡി.എന്‍.എ പരിശോധനക്കായി കാത്തിരിക്കുകയാണെന്ന് സുരക്ഷാവിഭാഗങ്ങള്‍ അറിയിച്ചു.
കുര്‍ദിഷ് വിവാഹത്തിനത്തെിയ അതിഥികളെ ലക്ഷ്യംവെച്ചാണ് ആക്രമണമെന്ന് കരുതുന്നു.  ആഘോഷത്തിനിടെ ആളുകള്‍ നൃത്തം ചെയ്യുന്നതിനിടെയായിരുന്നു സ്ഫോടനം. ചില അംഗങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നതായി കുര്‍ദ് അനുകൂല പീപ്ള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് വ്യക്തമാക്കി. സ്ഫോടനത്തെ തുടര്‍ന്ന് തെരുവ് ആളുകളെ കൊണ്ട് തിങ്ങിനിറഞ്ഞു.
ആക്രമണത്തിന് പിന്നില്‍ ഐ.എസ് ആണെന്ന് പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ആരോപിച്ചു. 12-14 വയസുള്ള കുട്ടിച്ചാവേറാണ് ആക്രമണം നടത്തിയത്. ഐ.എസും കുര്‍ദ് വിമതരും ഗുലന്‍ സംഘങ്ങളും തമ്മില്‍ ഒരു വ്യത്യാസവുമില്ല. മാതൃരാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ഈ ഭീകരസംഘങ്ങളുടെ ശ്രമം അനുവദിക്കില്ളെന്നും അദ്ദേഹം പറഞ്ഞു. സംഭവം ഭീകരാക്രമണമാണെന്ന് ഗാസിയാന്‍തെപ് ഗവര്‍ണര്‍ അലി യെര്‍ലികായ പ്രഖ്യാപിച്ചു. വിവാഹസംഘത്തില്‍ നുഴഞ്ഞുകയറിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ഉപപ്രധാനമന്ത്രി മെഹ്മത് സിംസകിനെ ഉദ്ധരിച്ച് എന്‍.ടി.വി റിപ്പോര്‍ട്ട് ചെയ്തു.  
അതേസമയം, ആക്രമണത്തിനു പിന്നില്‍ കുര്‍ദ് വിമതരുടെ സാന്നിധ്യവും തള്ളിക്കളയുന്നില്ല. ഒരു വര്‍ഷത്തിനിടെ നിരവധി രക്തരൂഷിത ആക്രമണങ്ങള്‍ക്കാണ്് തെക്കുകിഴക്കന്‍ തുര്‍ക്കി ഇരയാക്കപ്പെട്ടത്. ആക്രമണങ്ങളുടെയെല്ലാം സംശയമുന നീളുന്നത് ഐ.എസിലേക്കും കുര്‍ദിസ്താന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയിലേക്കുമാണ്. ജൂലൈയില്‍ അത്താതുര്‍ക്ക് വിമാനത്താവളത്തില്‍ നടന്ന സ്ഫോടനത്തില്‍ 44 പേര്‍ കൊല്ലപ്പെട്ടു. ഈ വര്‍ഷം തുര്‍ക്കിയില്‍ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു ഇത്. മാര്‍ച്ചില്‍ 40 പേര്‍ കൊല്ലപ്പെട്ട ചാവേറാക്രമണത്തിന്‍െറ ഉത്തരവാദിത്തം കുര്‍ദ് വിമത സംഘം ഏറ്റെടുത്തിരുന്നു. കുര്‍ദ് വിമതരുമായി നിലവിലുണ്ടായിരുന്ന വെടിനിര്‍ത്തല്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. അതിനുശേഷം കുര്‍ദുകള്‍ രാജ്യത്ത് എണ്ണമറ്റ ആക്രമണങ്ങള്‍ നടത്തി. ആഴ്ചകള്‍ക്കു മുമ്പ് രാജ്യത്തു നടന്ന പട്ടാള അട്ടിമറി ശ്രമവും പരാജയപ്പെട്ടിരുന്നു.

Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.