പെട്രോ സൗദി കമ്പനിക്ക് ടോണി ബ്ളയര്‍ ഒത്താശ ചെയ്തെന്ന്

ലണ്ടന്‍: സൗദി രാജകുമാരന്‍െറ കച്ചവടസ്ഥാപനത്തിനു വേണ്ടി  ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ളയര്‍ ഒത്താശചെയ്തെന്ന് ഇ-മെയില്‍ രേഖകളെ അടിസ്ഥാനമാക്കി ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട്. സൗദി രാജകുമാരന്‍ തുര്‍കി ബിന്‍ അബ്ദുല്ലയുടെ സഹ ഉടമസ്ഥതയിലുള്ള പെട്രോ സൗദിക്കുവേണ്ടി ചൈനയുടെ നാഷനല്‍ പെട്രോളിയം കോര്‍പറേഷനുമായി ഇടപാടുകള്‍ക്ക് ഇടനിലക്കാരനായി പ്രധാനമന്ത്രിയായിരിക്കെ ടോണി ബ്ളയര്‍ പ്രവര്‍ത്തിച്ചെന്നാണ് ഗാര്‍ഡിയന്‍ ചൂണ്ടിക്കാട്ടുന്നത്. മാസംപ്രതി 30 ലക്ഷം രൂപയും കരാര്‍ തുകയുടെ രണ്ടു ശതമാനവും പ്രതിഫലം ഉറപ്പിച്ചായിരുന്നുവത്രെ ഉടമ്പടി.
ഇടപാടിനു വേണ്ടി 2010ല്‍ ചൈനീസ് ഉപപ്രധാനമന്ത്രിയായിരുന്ന  ലെ കെക്വിയാങ്ങുമായി സംസാരിക്കാന്‍ ബ്ളയര്‍ അവസരമൊരുക്കിയെന്ന് ഇ-മെയിലുകള്‍ പറയുന്നു. ചൈനയിലെ നേതാക്കളുമായി പരിചയപ്പെടുത്തലിന് പുറമെ ചൈനീസ് കമ്പനികളോട് ഇടപാടിനു വേണ്ടി സമ്മര്‍ദം ചെലുത്തണമെന്നും സൗദി കമ്പനി ബ്ളയറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ചൈനീസ് നേതാവിനെ പരിചയപ്പെടുത്തുക മാത്രമാണ് ബ്ളയര്‍ ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായതിനാല്‍ ഇടപാടുകള്‍ക്കു വേണ്ടി ചൈനീസ് കമ്പനിക്കു മേല്‍ സമ്മര്‍ദം ചെലുത്തുന്നതിന് പരിമിതിയുണ്ടെന്നും ബ്ളയറിന്‍െറ മെയിലുകള്‍ പറയുന്നു.
2010ന്‍െറ അവസാനത്തില്‍ പെട്രോ സൗദി അധികൃതരും ചൈനയിലെ ചൈന നാഷനല്‍ പെട്രോളിയം കോര്‍പറേഷനും തമ്മില്‍ കൂടിക്കാഴ്ച നടക്കുകയും ചെയ്തു.
നിയമപ്രകാരം, നിക്ഷേപകര്‍ക്ക് ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് പ്രധാനമന്ത്രിക്ക് വിലക്കുണ്ട്.പ്രധാനമന്ത്രിയായിരിക്കെ ഇടപാടുകാരെ പരസ്പരം പരിചയപ്പെടുത്തുക മാത്രമാണ് ബ്ളയര്‍ ചെയ്തതെന്നും, നിയമവിരുദ്ധമായ ഇടപാടുകളിലൊന്നും അദ്ദേഹം പങ്കാളിയായിട്ടില്ളെന്നും അദ്ദേഹത്തിന്‍െറ വക്താവ് പ്രതികരിച്ചു.
പശ്ചിമേഷ്യയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് യു.എസ്, യു.എന്‍, യൂറോപ്യന്‍ യൂനിയന്‍, റഷ്യ എന്നിവരുടെ സമാധാന ദൂതനെന്ന നിലയില്‍ വ്യക്തിപരമായ കച്ചവട താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തിച്ചതെന്ന ബ്ളയറിനെതിരായ ആരോപണം ഇതോടെ ശക്തമായിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.