ചെര്‍ണോബില്‍ ദുരന്തത്തിന് 30 ആണ്ട്

കിയവ്: ചെര്‍ണോബില്‍ ദുരന്തത്തിന് 30 ആണ്ട് തികഞ്ഞു. 1986 ഏപ്രില്‍ 26നായിരുന്നു ലോകമന$സാക്ഷിയെ ഞെട്ടിച്ച ആ മഹാദുരന്തം. ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ രാജ്യത്തെ വിവിധ പള്ളികളില്‍ മെഴുകുതിരികള്‍ തെളിയിച്ചു. കിയവില്‍ നടന്ന പ്രത്യേക ചടങ്ങില്‍ യുക്രെയ്ന്‍ പ്രസിഡന്‍റ് പെട്രോ പൊറോഷെങ്കോ പങ്കെടുത്തു. പഴയ സോവിയറ്റ് യൂനിയന്‍െറ ഭാഗമായിരുന്ന യുക്രെയ്ന്‍-ബെലറൂസ് അതിര്‍ത്തിയിലാണ് ചെര്‍ണോബില്‍ ആണവനിലയം സ്ഥിതിചെയ്തിരുന്നത്. ആവശ്യത്തിന് നിയന്ത്രണ ദണ്ഡുകള്‍ ഇല്ലാത്തതിനാലും ശീതീകരണ സംവിധാനം തകരാറിലായതിനാലും ഒരു റിയാക്ടറിലെ ആണവ ഇന്ധനം ക്രമാതീതമായി ചൂടാവുകയും റിയാക്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.


 ദുരന്തത്തിന്‍െറ പരിണതഫലമായി മാരകശേഷിയുള്ള റേഡിയോ ആക്ടിവ് വികിരണങ്ങള്‍ സോവിയറ്റ് റഷ്യയിലെ വിവിധ സ്ഥലങ്ങളിലേക്കും പടിഞ്ഞാറന്‍ യൂറോപ്പിന്‍െറ അതിരുകളിലേക്കും പടര്‍ന്നു. ചെര്‍ണോബിലില്‍നിന്ന് 18 കിലോമീറ്റര്‍ വടക്ക് സ്ഥിതിചെയ്യന്ന പ്രിപ്യറ്റ് എന്ന കൊച്ചുപട്ടണം നാമാവശേഷമായി.  അണുവികിരണം മണ്ണിനടിയിലേക്കും പടര്‍ന്നു. ഇപ്പോഴും ദുരന്തസ്ഥലത്തിനു 30 കിലോമീറ്റര്‍ ചുറ്റളവ് അപകടമേഖലയാണ്. ഈ പ്രദേശത്തേക്ക് മനുഷ്യര്‍ക്ക് പ്രവേശം നിഷേധിച്ചിട്ടുണ്ട്.

1970ലാണ് യുക്രെയ്നിലെ പ്രിപ്യറ്റ് പട്ടണത്തിനു സമീപമുള്ള ചെര്‍ണോബില്‍ കേന്ദ്രമാക്കി സോവിയറ്റ് യൂനിയന്‍ ആണവനിലയങ്ങളുടെ പണിയാരംഭിച്ചത്. നാല് റിയാക്ടറുകളായിരുന്നു ചെര്‍ണോബിലില്‍ ഉണ്ടായിരുന്നത്. ഇതില്‍ നാലാം നമ്പര്‍ റിയാക്ടറിലുണ്ടായ പൊട്ടിത്തെറിയാണ് രണ്ടാം ലോകയുദ്ധത്തിനുശേഷം ലോകംകണ്ട ദുരന്തങ്ങളിലൊന്നായി ചെര്‍ണോബിലിനെ മാറ്റിയത്.ഹിരോഷിമയില്‍ പ്രയോഗിച്ച തരത്തിലുള്ള 400 ബോംബുകളുടെ ശക്തിയിലുള്ള പൊട്ടിത്തെറിയായിരുന്നു ചെര്‍ണോബിലില്‍ നടന്നത്. 1.5 ലക്ഷം മൈല്‍ വരെ അണുവികിരണമുണ്ടായി.

അപകടത്തില്‍ ഇതുവരെ മരിച്ചവരുടെ കണക്കില്‍ വൈരുധ്യം നിലനില്‍ക്കുകയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 50 പേര്‍ അപകടത്തെ തുടര്‍ന്ന് മരിച്ചു.എന്നാല്‍, റഷ്യന്‍ അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ് ഇതിനെതിരെ ശക്തമായി രംഗത്തുവന്നിരുന്നു. അവരുടെ കണക്ക് പ്രകാരം 2,12,000 പേര്‍ അണുപ്രസരണം മൂലം മരിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.