തുര്‍ക്കിയില്‍ ഭീകരാക്രമണ ഭീഷണി: യു.എസ്, ഇസ്രായേല്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ്

ഇസ്തംബൂള്‍: ഭീകരാക്രമണ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന തുര്‍ക്കിയിലെ യു.എസ്, ഇസ്രായേല്‍ പൗരന്മാര്‍ക്ക് രാജ്യംവിടാനുള്ള മുന്നറിയിപ്പ്. അടുത്തുതന്നെയുണ്ടാവാനിടയുള്ള ആക്രമണങ്ങളില്‍നിന്ന് രക്ഷനേടാനായി തുര്‍ക്കിയിലെ ഇസ്രായേലി പൗരന്മാര്‍ സ്വന്തം നാട്ടിലേക്ക് മടങ്ങണമെന്നാണ് ഇസ്രായേല്‍ നിര്‍ദേശിച്ചത്.
ഇസ്തംബൂളിലെയും അന്‍റാലിയയിലെയും ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ക്ക് ഭീകരാക്രമണ ഭീഷണിയുണ്ടെന്ന് കാണിച്ച് യു.എസ് എംബസിയും പൗരന്മാര്‍ക്ക് അടിയന്തര സന്ദേശമയച്ചിട്ടുണ്ട്.
തുര്‍ക്കിയില്‍ ഈ വര്‍ഷം നാലു ചാവേറാക്രമണങ്ങളുണ്ടായി. ഇതില്‍ അവസാനത്തേത് കഴിഞ്ഞമാസം ഇസ്തംബൂളില്‍ നടന്നതായിരുന്നു.
കഴിഞ്ഞദിവസം മെസിഡിയെകോയ് ജില്ലയില്‍ റോഡരികിലുണ്ടായിരുന്ന ബോംബ് പൊട്ടിത്തെറിച്ച് മൂന്നുപേര്‍ക്ക് നിസ്സാര പരിക്കേറ്റതായി ഗവണ്‍മെന്‍റ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭീകരാക്രമണ ഭീഷണിയത്തെുടര്‍ന്ന് രാജ്യത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജര്‍മനി, ഇറ്റലി തുടങ്ങിയ വിദേശ കോണ്‍സുലേറ്റുകള്‍ക്കു മുന്നില്‍ സായുധസേനയെ വിന്യസിച്ചിട്ടുണ്ടെന്ന് റോയിട്ടേഴ്സ് ലേഖകര്‍ റിപ്പോര്‍ട്ട് ചെയ്തു. ജനങ്ങള്‍ക്കിടയില്‍ ഭയമില്ല, ജനജീവിതം സാധാരണപോലെ നടക്കുന്നുണ്ട്. എന്നാല്‍, സുരക്ഷ മുമ്പത്തേക്കാള്‍ ശക്തമാണെന്ന് അല്‍ജസീറ ലേഖകനായ ഹാരി ഫോസെറ്റ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.