പാനമ വിവാദം: അനധികൃത സ്വത്തുവിഹിതം കൈപ്പറ്റിയതായി കാമറണ്‍

ലണ്ടന്‍: പിതാവ് നികുതിവെട്ടിച്ച് കൊച്ചുദ്വീപുകളിലെ കമ്പനികളില്‍ നിക്ഷേപിച്ച സമ്പത്തിന്‍െറ വിഹിതം കൈപ്പറ്റിയതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ സമ്മതിച്ചു. പാനമ വിവാദ രേഖകള്‍ പുറത്തായി ദിവസങ്ങള്‍ക്കു ശേഷമാണ് കാമറണിന്‍െറ വെളിപ്പെടുത്തല്‍. ലഭിച്ച വിഹിതം 2010ല്‍ അധികാരമേല്‍ക്കുന്നതിന് നാലുമാസം മുമ്പ് മറിച്ചുവിറ്റതായും അദ്ദേഹം പറഞ്ഞു. ‘ബ്ളെയര്‍മോര്‍ ട്രസ്റ്റിന്‍െറ 5000 യൂനിറ്റുകളാണ് ലഭിച്ചത്. 2010 ജനുവരിയില്‍ അത് 42000 ഡോളറിന് വില്‍ക്കുകയും ചെയ്തു.  സ്വത്ത് കൈവശം വെച്ചിരിക്കുന്നത് പ്രത്യേക താല്‍പര്യത്തിന്‍െറ ഭാഗമാണെന്ന സംസാരം ഒഴിവാക്കുന്നതിനു വേണ്ടിയായിരുന്നു അത്. വിഹിതത്തിന് അനുസരിച്ചുള്ള നികുതിയും അടക്കുന്നുണ്ട്.’ -ബ്രിട്ടനിലെ ഐ.ടി.വി ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ കാമറണ്‍ പറഞ്ഞു.  
 കാമറണിന്‍െറ മരിച്ചുപോയ പിതാവടക്കം നിരവധി ഉന്നതരാണ് മൊസാക് ഫൊന്‍സെകയില്‍ കള്ളപ്പണം നിക്ഷേപിക്കുന്നവരുടെ രേഖകള്‍ പുറത്തായപ്പോള്‍ പ്രതിക്കൂട്ടിലായത്. രേഖകള്‍ പുറത്തായപ്പോള്‍ സ്വകാര്യ വിഷയത്തില്‍ പെട്ടതിനാല്‍ പ്രതികരിക്കാനില്ളെന്നും കള്ളപ്പണ വിഹിതം കൈപ്പറ്റുന്നില്ളെന്നുമായിരുന്നു കാമറണിന്‍െറ ഓഫിസില്‍നിന്ന് അറിയിച്ചത്. അതേ തുടര്‍ന്ന് പ്രധാനമന്ത്രിക്കോ കുടുംബത്തിനോ കള്ളപ്പണ നിക്ഷേപമില്ളെന്ന തലക്കെട്ടോടെയാണ് ബുധനാഴ്ച  പ്രമുഖ പത്രങ്ങള്‍ പുറത്തിറങ്ങിയത്.
നികുതി വെട്ടിപ്പിനെതിരെ പൊരുതുന്ന കാമറണിന്‍െറ വീരപരിവേഷമാണ് ഇതോടെ അഴിഞ്ഞുവീണത്. സര്‍ക്കാറിന്‍െറ കഴിവുകേടാണ് വിവാദത്തിലൂടെ പുറത്തുവന്നതെന്ന് പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി ആരോപിച്ചു. 76 രാജ്യങ്ങളിലെ 375 മാധ്യമപ്രവര്‍ത്തകര്‍  ഒരു വര്‍ഷത്തോളം നീണ്ട കഠിനപ്രയത്നത്തിലൂടെയാണ് 1.5 കോടിയോളം വരുന്ന രേഖകള്‍ ചോര്‍ത്തിയത്.
പാനമ, സീഷല്‍സ്, ബ്രിട്ടീഷ് വെര്‍ജിന്‍ ദ്വീപുകള്‍, ബഹാമസ് തുടങ്ങിയ ചെറുദ്വീപ് രാഷ്ട്രങ്ങളിലായി 24,000ത്തോളം ചെറുകിട കമ്പനികളിലായാണ് സെലിബ്രിറ്റികളും രാഷ്ട്രത്തലവന്മാരുമുള്‍പ്പെടുന്ന ഉന്നതര്‍ നികുതിവെട്ടിക്കാനായി പണം നിക്ഷേപിച്ചിരുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.