തുര്‍ക്കിക്കെതിരെ റഷ്യ ഉപരോധം പ്രഖ്യാപിച്ചു

മോസ്കോ: സിറിയന്‍ അതിര്‍ത്തിയില്‍ യുദ്ധവിമാനം വെടിവെച്ചിട്ടതിന് പ്രതികാരമായി തുര്‍ക്കിക്കെതിരെ റഷ്യ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചു. തുര്‍ക്കിയില്‍നിന്നുള്ള ഇറക്കുമതിക്ക് സമ്പൂര്‍ണ വിലക്കേര്‍പ്പെടുത്തിയതിനുപുറമെ റഷ്യയില്‍ തുര്‍ക്കി കമ്പനികള്‍ക്കും തുര്‍ക്കി പൗരന്മാര്‍ക്കും പ്രവര്‍ത്തന നിരോധം പ്രഖ്യാപിക്കുന്ന ഉത്തരവില്‍ പ്രസിഡന്‍റ് വ്ളാദ്മിര്‍ പുടിന്‍ ഒപ്പുവെച്ചു. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ചാര്‍ട്ടര്‍ ചെയ്ത വിമാനങ്ങളുടെ സര്‍വിസും നിര്‍ത്തിവെച്ചിട്ടുണ്ട്.

വിമാനം വെടിവെച്ചിട്ടതില്‍ മാപ്പുപറയാന്‍ തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വിസ്സമ്മതിച്ചിരുന്നു. സംഭവത്തില്‍ ദു$ഖം പ്രകടിപ്പിച്ച അദ്ദേഹം പക്ഷേ, സിറിയയില്‍ മോസ്കോ തീകൊണ്ട് കളിക്കുന്നതായി കുറ്റപ്പെടുത്തി.

തുര്‍ക്കിയും റഷ്യയും തമ്മില്‍ കാലങ്ങളായി സാമ്പത്തികസൗഹൃദം നിലനില്‍ക്കുന്നുണ്ട്. 30 ലക്ഷം റഷ്യക്കാര്‍ കഴിഞ്ഞവര്‍ഷം മാത്രം തുര്‍ക്കി സന്ദര്‍ശിച്ചിട്ടുണ്ട്. തുര്‍ക്കിയുടെ ഏറ്റവുംവലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയുമാണ് റഷ്യ. രണ്ടുലക്ഷത്തോളം തുര്‍ക്കി പൗരന്മാര്‍ റഷ്യയിലുണ്ട്. ഇവരെയൊക്കെ ബാധിക്കുന്നതാണ് പുതിയ പ്രഖ്യാപനം.

തുര്‍ക്കിയിലേക്ക് വിനോദ സഞ്ചാര പാക്കേജുകള്‍ അനുവദിക്കുന്നതിനും റഷ്യന്‍ സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. തുര്‍ക്കിയുമായുള്ള സ്വതന്ത്ര യാത്രാ കരാര്‍ വെള്ളിയാഴ്ച റഷ്യ നിര്‍ത്തലാക്കിയിരുന്നു. വ്യോമാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് ഒരാഴ്ച മുമ്പാണ് റഷ്യന്‍ യുദ്ധവിമാനം തുര്‍ക്കി വെടിവെച്ചിട്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.