യുദ്ധവിമാനം വെടിവെച്ച നടപടി: പിന്നിൽ നിന്നുള്ള കുത്ത് -പുടിൻ

മോസ്കോ: റഷ്യന്‍ വിമാനം വീഴ്ത്തിയ നടപടി പിന്നില്‍നിന്നേറ്റ കുത്താണെന്നും തുര്‍ക്കിയുമായുള്ള റഷ്യയുടെ ബന്ധത്തില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് ഈ സംഭവം ഇടയാക്കുമെന്നും റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍. സിറിയന്‍ അതിര്‍ത്തിയില്‍ ഒരു കിലോമീറ്റര്‍ ഉള്ളിലായിരിക്കെയാണ് വിമാനത്തിന് വെടിയേറ്റതെന്നും സിറിയന്‍ അതിര്‍ത്തിയില്‍നിന്ന് നാലു കിലോമീറ്റര്‍ ഉള്ളിലായാണ് വിമാനം വീണതെന്നും പുടിന്‍ പറഞ്ഞു.
സിറിയയിലെ ഇസ്ലാമിക ഭീകരര്‍ക്കെതിരെയുണ്ടായ ആക്രമണത്തിന് നിയോഗിക്കപ്പെട്ട റഷ്യന്‍ പൈലറ്റുമാരും വിമാനവും ഒരു വിധത്തിലും തുര്‍ക്കിക്ക് ഭീഷണിയുയര്‍ത്തിയിരുന്നില്ല. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ പിടിച്ചടക്കിയ മേഖലകളില്‍നിന്ന് എണ്ണയും അനുബന്ധ ഉല്‍പന്നങ്ങളും തുര്‍ക്കിയില്‍ എത്തുന്നതായി മുമ്പേ തന്നെ തങ്ങള്‍ വ്യക്തമാക്കിയിരുന്നു. വിമാനം വീഴ്ത്തിയ സംഭവവുമായി യു.എസ് സൈന്യത്തിന് ഒരു ബന്ധവുമില്ളെന്ന് യു.എസ് വ്യക്തമാക്കി. നിയമാനുസൃതമായി മാത്രമാണ് പ്രവര്‍ത്തിച്ചതെന്ന് തുര്‍ക്കി ആവര്‍ത്തിച്ച് വ്യക്തമാക്കി.
1950കള്‍ക്കുശേഷം ആദ്യമായാണ് ഒരു സോവിയറ്റ്-റഷ്യന്‍ വിമാനം നാറ്റോ സഖ്യത്തിലെ ഒരു രാജ്യം വീഴ്ത്തുന്നത്. നാറ്റോ രാജ്യങ്ങളുമായി അടിയന്തര ചര്‍ച്ചകള്‍ക്ക് തുര്‍ക്കി പ്രധാനമന്ത്രി അഹ്മദ് ദാവൂദ് ഒഗ്ലു നിര്‍ദേശം നല്‍കി. നാറ്റോ അംബാസഡര്‍മാരുടെ അടിയന്തര യോഗം വിളിച്ചു. തിരക്കിട്ട നീക്കങ്ങള്‍ ഇരു രാജ്യങ്ങളിലും ആശങ്കക്കിടയാക്കിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.