പാരിസ് ഭീകരാക്രമണം: ഒരാളുടെ ചിത്രം പുറത്തുവിട്ടു; സിറിയയിൽ ഫ്രഞ്ച് സേനയുടെ വ്യോമാക്രമണം

പാരിസ്: പാരിസിൽ ഭീകരാക്രമണം നടത്തിയ സഹോദരങ്ങളിൽ ഒരാളുടെ ചിത്രം ഫ്രഞ്ച് പൊലീസ് പുറത്തുവിട്ടു. ഫ്രഞ്ച് പൗരൻ സാലാ അബ്ദുൽ സലാം എന്ന 26കാരന്‍റെ ചിത്രവും വിവരങ്ങളുമാണ് പൊലീസ് പുറത്തുവിട്ടത്. ബാറ്റാക്ലൻ തിയറ്റർ ഹാളിലേക്ക് കാറോടിച്ച് എത്തിയത് ഇയാളാണെന്ന് അന്വേഷണ ഏജൻസി സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തിന് ശേഷം ഫ്രഞ്ച്-ബെൽജിയം അതിർത്തി വഴി തലനാരിഴക്കാണ് അബ്ദുൽ സലാം രക്ഷപ്പെട്ടത്. അബ്ദുൽ സലാമിന്‍റെ സഹോദരങ്ങളിൽ ഒരാൾ ബെൽജിയത്തിൽ പിടിയിലായി. മറ്റൊരാളായ ഇബ്രാഹിം അബ്ദുൽ സലാം സ്ഫോടനത്തിനിടെ കൊല്ലപ്പെട്ടെന്നാണ് പൊലീസിന്‍റെ നിഗമനം.

ബ്രസൽസ് സ്വദേശിയായ അബ്ദുൽസലാം ജീവിച്ചിരിപ്പുണ്ടെന്ന നിഗമനത്തിൽ ബെൽജിയം അന്താരാഷ്ട്ര അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചു. ഇയാൾക്കായി വ്യാപക തെരച്ചിൽ ബ്രസൽസിൽ പുരോഗമിക്കുകയാണ്. വിരലടയാള പരിശോധനയിൽ ബാറ്റാക്ലൻ ആക്രമണത്തിൽ ഫ്രഞ്ച് പൗരനും 29കാരനുമായ ഉമർ ഇസ്മായിൽ മുസ്തഫയുടെ പങ്ക് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ ആറു ബന്ധുക്കൾ പൊലീസ് കസ്റ്റഡിയിലാണ്.

കിഴക്കൻ പാരിസിലെ മൊൺട്രിയലിൽ തീവ്രവാദികൾ ഉപയോഗിച്ച ആയുധങ്ങളും സ്ഫോടകവസ്തുക്കളും അടങ്ങുന്ന ബ്ലാക് സിയറ്റ് ലിയോൺ കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇവിടെ നിന്ന് അക്രമികളിൽ ചിലർ ബെൽജിയം വഴി രക്ഷപ്പെട്ടിരിക്കാമെന്നാണ് സൂചന. അബ്ദുൽ സലാം വാടകക്ക് എടുത്ത ബെൽജിയം രജിസ്ട്രേഷനുള്ള ഫോക്സ് വാഗൺ പോളോ കാർ ബാറ്റാക്ലന്‍റെ മുമ്പിൽ നിന്ന് കണ്ടെത്തിയിരുന്നു. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ബെൽജിയത്തിൽ ഇതുവരെ ഏഴു പേർ പിടിയിലായിട്ടുണ്ട്.

അതേസമയം, സിറിയയിലെ റാഖയിലുള്ള ഐ.എസ് ക്യാമ്പിൽ നിന്ന് പരിശീലനം നേടിയവരാണ് പാരിസിൽ ഭീകരാക്രമണം നടത്തിയതെന്ന് ഇറാഖി രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായി അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്തു. 24 അംഗ സംഘത്തെയാണ് ആക്രമണത്തിനായി ഐ.എസ് തയാറാക്കിയത്. ഇതിൽ 19 പേരെ ആക്രമണം നടത്താനും അഞ്ചു പേരെ വാഹന സൗകര്യങ്ങളും പദ്ധതികളും തയാറാക്കാനുമാണ് നിയോഗിച്ചത്. എന്നാൽ, ഇറാഖ് പുറത്തുവിട്ട വിവരങ്ങൾ ഫ്രഞ്ച് അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.

ഇതിനിടെ, സിറിയയിലെ റാഖയിൽ ഐ.എസിനെതിരെ ഫ്രഞ്ച് സേന കനത്ത വ്യോമാക്രമണം നടത്തി. പത്ത് യുദ്ധവിമാനങ്ങൾ നടത്തിയ ആക്രമണത്തിൽ ഐ.എസ് പരിശീലന കേന്ദ്രം, റിക്രൂട്ട്മെൻറ് കേന്ദ്രം, കമാൻഡ് പോസ്റ്റ് എന്നിവ തകർന്നതായി ഫ്രഞ്ച് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

നവംബർ 14നാണ് പാരിസിലെ ആറിടത്ത് ഐ.എസ് നടത്തിയ ആക്രമണത്തിൽ 129 പേർ കൊല്ലപ്പെട്ടത്. ഗുരുതര നിലയിലുള്ള 99 പേരടക്കം 352 പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ 103 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.