വത്തിക്കാന്‍ സിറ്റി: അഗതികളുടെ മാതാവ് എന്നറിയപ്പെടുന്ന മദര്‍ തെരേസയുടെ രണ്ടാമത്തെ അദ്ഭുതപ്രവൃത്തി ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിച്ചതിനാല്‍ വിശുദ്ധപദവി പ്രഖ്യാപനം അടുത്തവര്‍ഷം നടക്കുമെന്ന് റിപ്പോര്‍ട്ട്. 2015 സെപ്റ്റംബര്‍ നാലിന് മദറിന്‍െറ വിശുദ്ധപ്രഖ്യാപനം നടക്കുമെന്ന് ഇറ്റാലിയന്‍ കത്തോലിക്കാ പത്രമായ ആവേനയറാണ് റിപ്പോര്‍ട്ട് ചെയ്തത്. തലച്ചോറില്‍ നിരവധി ട്യൂമറുകളുണ്ടായിരുന്ന ബ്രസീലുകാരനായ യുവാവിന്‍െറ അസുഖം മദര്‍ തെരേസവഴി ഭേദമായതാണ് രണ്ടാമത്തെ അദ്ഭുതമെന്ന് വത്തിക്കാന്‍ പറഞ്ഞു. ഇതോടെയാണ് മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കാനുള്ള നടപടിക്രമങ്ങള്‍ കത്തോലിക്കാസഭ പൂര്‍ത്തിയാക്കിയത്. 2003ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് മദറിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്. മദറിന്‍െറ മരണശേഷം താമസിയാതെതന്നെ അവരെ വാഴ്ത്തപ്പെട്ടവളാക്കാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. മരണാനന്തരം അഞ്ചു വര്‍ഷത്തിനുള്ളില്‍ അവര്‍ വാഴ്ത്തപ്പെട്ടവളായി. കുറഞ്ഞകാലംകൊണ്ട് ഒരു വ്യക്തിയെ വാഴ്ത്തപ്പെട്ടയാളാക്കുന്നത് വത്തിക്കാന്‍െറ ചരിത്രത്തില്‍ ആദ്യമായായിരുന്നു. മദര്‍ മരിച്ച് ഒരുവര്‍ഷം തികഞ്ഞ സമയത്ത് മിഷനറീസ് ഓഫ് ചാരിറ്റിയിലെ സന്യാസിനിമാരുടെ പ്രാര്‍ഥനകൊണ്ട് മോണിക്ക ബെസ്റ എന്ന ബംഗാളി സ്ത്രീയുടെ ട്യൂമര്‍ ഭേദമായ സംഭവമാണ് മദര്‍ തെരേസയെ വാഴ്ത്തപ്പെട്ടവളാക്കാന്‍ വത്തിക്കാന്‍ സ്ഥിരീകരിച്ച ദിവ്യാദ്ഭുതങ്ങളില്‍ ആദ്യത്തേത്. 87ാമത്തെ വയസ്സില്‍ 1997ലാണ് മദര്‍ തെരേസ അന്തരിച്ചത്. 2003ലാണ് വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയത്. കൊല്‍ക്കത്തയിലെ ചേരിനിവാസികളില്‍ മദറിന്‍െറ സേവനപ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് നൊബേല്‍ സമ്മാനം നല്‍കി ലോകം ആദരിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.