ആഗോള താപനം: പാരീസ് ഉടമ്പടിക്ക് അംഗീകാരം

പാരിസ്: ആഗോള താപനത്തിന്‍െറ മുഖ്യ കാരണമായ ഹരിത ഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ കുറക്കാനുള്ള നിര്‍ണായക പാരിസ് കരാറിന് ലോക രാജ്യങ്ങളുടെ അംഗീകാരം. 13 ദിവസം നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കുമൊടുവിലാണ് 196 രാജ്യങ്ങളുടെ പ്രതിനിധികള്‍ കരാറിന് അംഗീകാരം നല്‍കിയത്. രണ്ട് ദശാബ്ദമായി സാധ്യമാകാതിരുന്ന കരാറാണ് ശനിയാഴ്ച യാഥാര്‍ഥ്യമായത്.

2050ഓടെ ആഗോള താപനവര്‍ധന തോത് രണ്ട് ഡിഗ്രി സെല്‍ഷ്യസിലും താഴെയാക്കാനുള്ള തീരുമാനമാണ് കരാറിലെ മുഖ്യ സവിശേഷത. ഭാഗികമായി എല്ലാ രാജ്യങ്ങളും നിര്‍ബന്ധമായും പാലിക്കേണ്ടതും ഭാഗികമായി സ്വമേധയാ നടപ്പാക്കേണ്ടതുമാണ് കരാറിലെ വ്യവസ്ഥകള്‍. ചൂടുപിടിച്ച സംവാദങ്ങള്‍ക്കൊടുവിലാണ് കരട് ഉടമ്പടിരേഖ ശനിയാഴ്ച രാവിലെ പൂര്‍ത്തിയായത്. ഉച്ചകോടിയിലെ തീരുമാനങ്ങള്‍ മര്‍മപ്രാധാന്യം അര്‍ഹിക്കുന്നതാണെന്ന് അധ്യക്ഷനായ ഫ്രഞ്ച് വിദേശകാര്യമന്ത്രി ലോറന്‍റ് ഫാബിയസ് അഭിപ്രായപ്പെട്ടു. കാലാവസ്ഥാ ഉടമ്പടി ചരിത്രത്തിലെ നിര്‍ണായക വഴിത്തിരിവാകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ആഗോള താപന നിരക്ക് രണ്ട് ഡിഗ്രി സെല്‍ഷ്യസില്‍നിന്ന് കുറക്കുക എന്ന ലക്ഷ്യം, കാര്‍ബണ്‍ ബഹിര്‍ഗമന വ്യവസായശാലകളില്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നതിലൂടെയാകും ലോകരാഷ്ട്രങ്ങള്‍ കൈവരിക്കുകയെന്നും ഈ നിരക്ക് വ്യവസായ പൂര്‍വ കാലഘട്ടത്തിലെ 1.5 എന്ന നിരക്കിലേക്ക് ചുരുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുമെന്നും ഫാബിയസ് അറിയിച്ചു.

ഉടമ്പടി ശരിവെക്കാന്‍ ശനിയാഴ്ച രാവിലെ ഉച്ചകോടിയില്‍ സംബന്ധിച്ച ഫ്രഞ്ച് പ്രധാനമന്ത്രി ഫ്രാങ്സ്വാ ഓലന്‍ഡ് പ്രതിനിധികളെ ആഹ്വാനം ചെയ്തു. ഉടമ്പടി യാഥാര്‍ഥ്യമായാല്‍ കാലാവസ്ഥാ വ്യതിയാന നിയന്ത്രണത്തിനുള്ള പ്രഥമ ആഗോള ഉടമ്പടിയായി ഇത് വാഴ്ത്തപ്പെടുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
നമ്മുടെ ജീവിതത്തെ സ്ഥായിയായി നിലനിര്‍ത്തുന്ന ഭൂഗോളത്തെ സംരക്ഷിക്കേണ്ടത് നമ്മുടെ കര്‍ത്തവ്യമാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അംഗങ്ങളെ ഓര്‍മിപ്പിച്ചു. ഉടമ്പടിയുടെ കരട് ശനിയാഴ്ച രാവിലെ പൂര്‍ത്തീകരിക്കാന്‍ സാധ്യമായിരുന്നെങ്കിലും ആറ് യു.എന്‍ അംഗീകൃത ഭാഷകളിലേക്കുള്ള തര്‍ജമ വൈകിയതിനാല്‍ ഉച്ചതിരിഞ്ഞ ശേഷമായിരുന്നു കരടുകള്‍ അംഗീകാരത്തിനായി സമര്‍പ്പിക്കപ്പെട്ടത്. 1997ലെ ക്യോട്ടോ പ്രോട്ടോകോളിന് പകരം പരിസ്ഥിതി സംരക്ഷണത്തിന് ഇനി പാരിസ് ഉടമ്പടി ആധാരമാകും. ആഗോളതാപനത്തിന് കാരണമാകുന്ന ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നത് കുറക്കുന്നത് സംബന്ധിച്ചും പിന്നാക്കരാജ്യങ്ങള്‍ക്ക് നല്‍കുന്ന കാലാവസ്ഥ ഫണ്ട് സംബന്ധിച്ചും അഭിപ്രായഭിന്നത നിലനിന്നിരുന്നു. ഈ സാഹചര്യത്തെ തുടര്‍ന്നാണ് സമവായമുണ്ടാക്കാന്‍ ഉന്നതതല സമിതി യോഗം ചേര്‍ന്നത്.

ഉടമ്പടി അനുസരിച്ച് വികസ്വര രാജ്യങ്ങള്‍ക്ക് കാലാവസ്ഥാ മാറ്റത്തെ നേരിടാന്‍ 100 കോടി ഡോളര്‍ സഹായം നല്‍കും. ഉടമ്പടി ഒപ്പുവെച്ച രാജ്യങ്ങളെല്ലാം അഞ്ചുവര്‍ഷം കൂടുമ്പോള്‍ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും വ്യവസ്ഥ ചെയ്യുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.