പാരിസ് ഉച്ചകോടി ഒരു ദിവസത്തേക്കുകൂടി നീട്ടി

പാരിസ്: കാലാവസ്ഥാ വ്യതിയാനത്തിന് ഹേതുവായ ആഗോളതാപനം നിയന്ത്രിക്കുന്ന ഉടമ്പടിയുടെ അന്തിമാംഗീകാര പ്രഖ്യാപനം ശനിയാഴ്ച നടക്കും. ഉടമ്പടിയുടെ അവസാന മിനുക്കുപണികള്‍ വെള്ളിയാഴ്ച പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഉച്ചകോടി ഒരുദിവസത്തേക്കുകൂടി ദീര്‍ഘിപ്പിക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നുവെന്ന് ഉച്ചകോടിയുടെ അധ്യക്ഷനും ഫ്രഞ്ച് വിദേശകാര്യമന്ത്രിയുമായ ലോറന്‍റ് ഫാബിയാസ് അറിയിച്ചു.വ്യാഴാഴ്ച രാത്രി ചര്‍ച്ച പൂര്‍ത്തീകരിച്ച് വെള്ളിയാഴ്ച അന്തിമകരാര്‍ പ്രഖ്യാപിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍, രണ്ട് പതിറ്റാണ്ടായി നടക്കുന്ന ചര്‍ച്ചകളുടെ വിജയം ഒറ്റരാത്രികൊണ്ട് കൈവരിക്കാനാകില്ളെന്ന സൂചനയോടെ തിരക്കിട്ട നയതന്ത്ര നീക്കുപോക്കുകള്‍ പാരിസില്‍ തുടരുകയാണ്. ആഗോളതാപന നിരക്ക് രണ്ട് ഡിഗ്രി സെല്‍ഷ്യസിന് താഴെയാക്കണമെന്ന താഴ്ന്നനിരപ്പില്‍ കഴിയുന്ന സമുദ്രമേഖലാ രാഷ്ട്രങ്ങളുടെ നിര്‍ദേശം കരട്പ്രഖ്യാപനത്തില്‍ ഇടംനേടിയതായി നയതന്ത്രകേന്ദ്രങ്ങള്‍ അറിയിച്ചു.
താപനനിയന്ത്രണ പദ്ധതികള്‍ക്ക് വികസ്വരരാഷ്ട്രങ്ങള്‍ക്ക് കൂടുതല്‍ ഫണ്ട് അനുവദിക്കല്‍, കാലാവസ്ഥാവ്യതിയാന പ്രശ്നത്തിന്‍െറ ബാധ്യതകള്‍ ആരാണ് വഹിക്കേണ്ടത് തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രീകരിച്ച ചര്‍ച്ചകളാണ് ഭിന്നതകള്‍ക്കിടയാക്കിയത്. ഈ തര്‍ക്കങ്ങള്‍ വെള്ളിയാഴ്ച രാത്രിയോടെ പരിഹരിക്കപ്പെടുമെന്ന് യു.എന്‍ കാലാവസ്ഥാ വിഭാഗം തലവന്‍ ക്രിസ്റ്റിയാന ഹിഗൂറസ് പ്രത്യാശ പ്രകടിപ്പിച്ചു.
അതേസമയം, ഉച്ചകോടി തയാറാക്കിയ 27 പേജ് വരുന്ന കരട്പ്രഖ്യാപനം നിരാശാജനകമാണെന്ന് പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ പറഞ്ഞു. കാലാവസ്ഥാവ്യതിയാനത്തിന്‍െറ ഏറ്റവും കടുത്ത പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്ന വിഭാഗങ്ങളെ കരട്പ്രഖ്യാപനം നിരാശപ്പെടുത്തുമെന്ന് വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫ്രണ്ട് അഭിപ്രായപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.