പാരിസ് ആക്രമണം: രണ്ട് തീവ്രവാദികളുടെ കൂടി ഫോട്ടോ ബെൽജിയം പൊലീസ് പുറത്തുവിട്ടു

പാരിസ്: പാരിസ് ആക്രമണത്തിൽ പങ്കെടുത്ത് ഒളിവിലായ തീവ്രവാദി സലാം അബ്ദുൽ സലാമിന്‍റെ സഹായികളുടെ ഫോട്ടോ ബെൽജിയം പൊലീസ് പുറത്തുവിട്ടു. സുഫിയാൻ ഖയാൽ, സമിർ ബാസിദ് എന്നീ വ്യാജപേരുകളിൽ ഐ.ഡി കാർഡെടുത്ത രണ്ടുപേരുടെ ഫോട്ടോയാണ് പൊലീസ് പുറത്തുവിട്ടത്.  കഴിഞ്ഞ സെപ്തംബറിൽ അബ്ദുൽ സലാമിനെ ഹംഗറിയിലെത്തിക്കാൻ സഹായിച്ചത് ഇവർ രണ്ടുപേരുമാണെന്നാണ് പൊലീസ് നിഗമനം. വ്യാജപേരുകളിൽ അറിയപ്പെടുന്ന ഇരുവരും അത്യന്തം അപകടകാരികളും ആയുധധാരികളുമാണെന്നാണ് പൊലീസ് ഭാഷ്യം.

സൂഫിയാൻ ഖയാലിന്‍റെ വാടകവീട് നവംബറിൽ തന്നെ പൊലീസ് റെയ്ഡ് ചെയ്തിരുന്നു. ആക്രമണത്തിന്‍റെ മുഖ്യസൂത്രധാരനായ അബദുൽ ഹമീദ് അബൗദിന്‍റെ ബന്ധുവിന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്തത് സമിർ ബാസിദ് ആണ്. അബൗദും ബന്ധുവും പിന്നീട് സെന്‍റ് ഡെനിസിൽ  പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.

ബെൽജിയം പൊലീസ് പുറത്തുവിട്ട ഫോട്ടോകൾ
 

ആക്രമണത്തിൽ അബ്ദുൽ സലാമിന്‍റെ പങ്ക് എന്തായിരുന്നു എന്നതിനെക്കുറിച്ച് വ്യക്തതയില്ലെങ്കിലും സ്റ്റാഡെ ഡി ഫ്രാൻസ് സ്റ്റേഡിയത്തിലേക്ക്  ചാവേറുകളെ അയച്ചത് അബ്ദുൽ സലാമാണെന്ന് കരുതപ്പെടുന്നു.  

പാരിസിലെ റെസൺസ് പെട്രോൾ പമ്പിനരികിൽ അബ്ദുസലമിനെ എത്തിച്ച ഡ്രൈവർ മുഹമ്മദ് അബ്രിനി(29)ക്ക് വേണ്ടി ബെൽജിയം പൊലീസ് അന്താരാഷ്ട്ര അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 

നവംബർ 14നാണ് പാരിസിലെ ആറിടത്ത് ഐ.എസ് നടത്തിയ ആക്രമണത്തിൽ 129 പേർ കൊല്ലപ്പെട്ടത്. ഗുരുതര നിലയിലുള്ള 99 പേരടക്കം 352 പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ 103 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.