ലണ്ടൻ: യു.കെയിൽ ഒമിക്രോൺ വകഭേദത്തിന്‍റെ സമൂഹവ്യാപനം നടന്നിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി സാജിദ് ജാവിദ്. നിലവിലുള്ള കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ഒമിക്രോൺ മറികടക്കുമോയെന്ന് ഇപ്പോൾ പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ എല്ലാവരും തയാറാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
ഇംഗ്ലണ്ടിൽ ഇതുവരെ 261 ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. സ്കോട്ട്ലാൻഡിൽ 71 പേർക്കും വെയ്ൽസിൽ നാല് പേർക്കും രോഗം സ്ഥിരീകരിച്ചു. ഇതുവരെ 336 പേർ രോഗബാധിതരായെന്നാണ് കണക്കാക്കുന്നത്.
രോഗം സ്ഥിരീകരിച്ചവർക്ക് അന്താരാഷ്ട്ര യാത്ര നടത്തിയ ചരിത്രമില്ല. അതുകൊണ്ട് ഒമിക്രോണിന്‍റെ സമൂഹവ്യാപനം ഇംഗ്ലണ്ടിൽ നടന്നുവെന്നാണ് കണക്കാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ ഒമിക്രോൺ തടയാൻ കർശന നിയന്ത്രണങ്ങൾ ആവശ്യമില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. എന്നാൽ, ക്രിസ്മസിന് മുമ്പ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ലെന്ന് പറയാനാകില്ലെന്നും യു.കെ പ്രധാനമന്ത്രി പറഞ്ഞു.
നൈജീരിയ, ദക്ഷിണാഫ്രിക്ക ഉൾപ്പടെയുള്ള ഒമ്പത് രാജ്യങ്ങളിൽ നിന്നും എത്തുന്നവർ ബ്രിട്ടനിൽ എത്തുന്നതിന് മുമ്പ് കോവിഡ് പരിശോധന നടത്തണമെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്. ഇതുകൂടാതെ ഏഴ് ദിവസം ഹോട്ടലുകളിൽ ഇവർ ക്വാറന്‍റീനിലും കഴിയണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ക്വാറന്‍റീനിനുള ഹോട്ടൽ റൂമുകളുടെ എണ്ണം ഇരട്ടിയാക്കും. ഒമിക്രോൺ വകഭേദം വാക്സിനെ മറികടക്കുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.