ട്വിറ്റർ ജീവനക്കാരെ കാണാനൊരുങ്ങി ഇലോൺ മസ്ക്

സാൻ ഫ്രാൻസിസ്കോ: ട്വിറ്റർ ഏറ്റെടുക്കാനിരിക്കെ ജീവനക്കാരെ കാണാനൊരുങ്ങി ഇലോൺ മസ്ക്. ആദ്യമായാണ് മസ്ക് ട്വിറ്റർ ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തുന്നത്. വ്യാഴാഴ്ച നടക്കുന്ന യോഗത്തിൽ മസ്ക് പങ്കെടുക്കുമെന്നും ജീവനക്കാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുമെന്നുള്ള റിപ്പോർട്ടുകൾ ട്വിറ്റർ വക്താവ് സ്ഥിരീകരിച്ചു. വിൽപനയുമായി ബന്ധപ്പെട്ട് ഓഹരി ഉടമകളുടെ വോട്ട് ആഗസ്റ്റ് ആദ്യം നടത്താമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ട്വിറ്റർ വ്യക്തമാക്കിയതിനു പിന്നാലെയാണ് മസ്ക് ജീവനക്കാരെ കാണാനൊരുങ്ങുന്നത്.

മസ്ക് ട്വിറ്റർ ഏറ്റെടുക്കുമെന്ന വാർത്ത പുറത്തുവന്നതോടെ എതിർപ്പുമായി ജീവനക്കാർ രംഗത്തെത്തിയിരുന്നു. മസ്ക് ട്വിറ്റർ ഏറ്റെടുത്താൽ അത് സോഷ്യൽ മീഡിയ കമ്പനിയുടെ ബിസിനസ്സിനെ അസ്ഥിരപ്പെടുത്തുമെന്നും സാമ്പത്തികമായി ബാധിക്കുമെന്നും നിരവധി ട്വിറ്റർ ജീവനക്കാർ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

നേരത്തെ നിരവധി ട്വിറ്റർ അക്കൗണ്ടുകൾ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് വ്യാജ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിൽ പരാജയപ്പെട്ടാൽ, കമ്പനി ഏറ്റെടുക്കുന്നതിനുള്ള കരാറിൽ നിന്ന് താൻ പിന്മാറുമെന്ന് കഴിഞ്ഞ ആഴ്ച മസ്‌ക് ട്വിറ്ററിന് മുന്നറിയിപ്പ് നൽകി.

എന്നാൽ ടെസ്‌ല സ്റ്റോക്കിന്റെ മൂല്യത്തിലുണ്ടായ വൻ ഇടിവ് കാരണം ട്വിറ്റർ ഇടപാടിൽ പുറത്ത് കടക്കാന്‍ മസ്ക് ആഗ്രഹിക്കുന്നുണ്ടെന്നും ഇതിനാണ് മുടന്തന്‍ ന്യായങ്ങൾ ഉന്നയിക്കുന്നതെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഏപ്രിൽ 14നാണ് ഒരു ഷെയറിന് 54.20 ഡോളർ നിരക്കിൽ ട്വിറ്റർ വാങ്ങുന്നതിനെ കുറിച്ച് മസ്‌ക് പരസ്യപ്പെടുത്തുന്നത്.

Tags:    
News Summary - Elon Musk to address Twitter employees for first time in Town Hall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.