വാഷിങ്ടൺ ഡി.സി: ഇന്ത്യയിലെ വോട്ടർമാർക്കിടയിൽ ബോധവത്കരണം നടത്തി വോട്ടിങ് ശതമാനം വർധിപ്പിക്കുന്നതിനായി വകയിരുത്തിയ 21 മില്യൺ ഡോളർ ഉൾപ്പെടെ, വിദേശ രാജ്യങ്ങൾക്കുള്ള വിവിധ ധനസഹായ പദ്ധതികൾ നിർത്തലാക്കി യു.എസ്. ലോക കോടീശ്വരൻ ഇലോൺ മസ്ക് നേതൃത്വം നൽകുന്ന യു.എസ് വകുപ്പായ ഡിപാർട്മെന്‍റ് ഓഫ് ഗവൺമെന്‍റ് എഫിഷ്യൻസി (ഡോജ്)യുടേതാണ് തീരുമാനം. ട്രംപ് അധികാരത്തിൽ വന്നതിന് പിന്നാലെ തുടരുന്ന ഭരണപരിഷ്കാരങ്ങളുടെ ഭാഗമായാണ് ഇതും.
യു.എസിലെ നികുതിദായകർ നൽകുന്ന പണം കൊണ്ടുള്ള വിവിധ പദ്ധതികൾ റദ്ദാക്കിയിരിക്കുന്നുവെന്ന് ഡോജ് എക്സ് പോസ്റ്റിലൂടെ അറിയിക്കുകയായിരുന്നു. വിവിധ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയ ശക്തിപ്പെടുത്തുന്നതിനായി 486 മില്യൺ ഡോളർ യു.എസ് നൽകുന്നുണ്ട്. ഇത് റദ്ദാക്കി. ഇന്ത്യയിലെ വോട്ടിങ് ശതമാനം വർധിപ്പിക്കാനുള്ള 21 മില്യൺ ഡോളർ, മോൾഡോവയിലെ തെരഞ്ഞെടുപ്പ് പങ്കാളിത്തത്തിനുള്ള 22 മില്യൺ ഡോളർ എന്നിവ ഇതിലുൾപ്പെടും.
അതേസമയം, ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ യു.എസ് ഫണ്ട് ചെലഴിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പ്രതികരിച്ചിട്ടില്ല.
ആകെ 750 മില്യൺ ഡോളറിന്‍റെ പദ്ധതികളാണ് യു.എസ് റദ്ദാക്കിയിരിക്കുന്നത്. ഏഷ്യയിലെ പഠനസാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള 47 മില്യൺ ഡോളർ, മാലിയിലെ സാമൂഹിക ഐക്യത്തിനുള്ള 14 മില്യൺ ഡോളർ, നേപ്പാളിലെ ജൈവവൈവിധ്യ സംരക്ഷണത്തിനുള്ള 19 മില്യൺ ഡോളർ, ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യം ശക്തിപ്പെടുത്തുന്നതിനുള്ള 29 മില്യൺ ഡോളർ തുടങ്ങിയവ നിർത്തലാക്കിയ പദ്ധതികളിലുൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.