മേയർ വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇലോൺ മസ്കിന്‍റെ പിന്തുണ നേടി സൊഹ്റാൻ മംദാനി

വാഷിങ്ടൺ: ന്യൂയോർക്ക് സിറ്റി മേയർ സ്ഥനാർഥിയായ സൊഹ്റാൻ മംദാനിക്ക് പിന്തുണയുമായി ശതകോടീശ്വരനും സ്പേസ് എക്സ് സി.ഇ.ഒയുമായ ഇലോൺ മസ്ക്. 8.5 ദശലക്ഷം ജനസംഖ്യയുള്ള നഗരത്തിലെ വോട്ടെടുപ്പ് ആരംഭിക്കാനിരിക്കെയാണ് സൊഹ്റാന് മസ്കിന്‍റെ പിന്തുണ ലഭിച്ചിരിക്കുന്നത്.

ഡെമോക്രാറ്റിക് പാർട്ടിയുടെ ഭാവിയാണ് സൊഹ്റാൻ എന്നാണ് മേയർ സ്ഥാനാർഥിയെ മസ്ക് വിശേഷിപ്പിച്ചത്. മസ്കിനെ കൂടാതെ ഏറ്റവുമൊടുവിൽ സെനറ്റർ ബെർണി സാൻഡേഴ്‌സ്, അലക്‌സാണ്ട്രിയ ഒകാസിയോ-കോർട്ടെസ് എന്നിവരുൾപ്പെടെ പ്രമുഖ യു.എസ് ഇടതുപക്ഷക്കാരുടെ പിന്തുണ സൊഹ്‌റാന് ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം തന്‍റെ മുസ്‍ലിം ഐഡന്റിറ്റിയിൽ വൈകാരിക പ്രതികരണവുമായി സൊഹ്റാൻ മംദാനി രംഗത്തെത്തിയിരുന്നു. ദീർഘകാലമായി നഗരത്തിലെ മുസ്‍ലിംകൾ അനുഭവിക്കുന്ന പ്രശ്നം ചൂണ്ടിക്കാട്ടിയ അദ്ദേഹം, സെപ്തംബർ 11ലെ ആക്രമണത്തിന് ശേഷം തന്റെ അമ്മായി സബ് വേകളിൽ കയറാൻ ഭയപ്പെട്ടിരുന്നുവെന്ന് പറഞ്ഞു. ഹിജാബ് ധരിച്ച് സബ് വേകളിൽ സഞ്ചരിക്കാൻ അവർക്ക് ഭയമായിരുന്നു. ന്യൂയോർക്കിലെ മുസ്‍ലിംകൾ സ്വപ്നം കാണുന്നത് മറ്റുള്ളവരെ പോലെ തങ്ങളേയും പരിഗണിക്കണമെന്നത് മാത്രമാണെന്ന് മംദാനി പറഞ്ഞിരുന്നു.

തന്റെ എതിരാളിയുമായുള്ള അവസാന സംവാദത്തിൽ സൊഹ്‌റാൻ മംദാനി ശ്രദ്ധിക്കപ്പെട്ടിരുന്നു. ന്യൂയോർക്കുകാർ നൽകിവരുന്ന അമിത വാടക മരവിപ്പിക്കുകയും പൊതുഗതഗാതം സൗജന്യമാക്കുകയും ചെയ്യുമെന്നുമാണ് അദ്ദേഹം വാഗ്ദാനം ചെയ്യുന്നത്. താങ്ങാനാവുന്ന നിരക്കിൽ സൗജന്യ ബസ് യാത്ര, ന്യൂയോർക്കുകാർക്കുള്ള വാടക മരവിപ്പിക്കൽ, സാർവത്രിക ശിശു സംരക്ഷണം എന്നിവയാണ് സൊഹ്റാൻ മംദാനി ഉയർത്തുന്ന വാഗ്ദാനങ്ങൾ.

നേരത്തെ, ന്യൂയോർക്കിൽ നടന്ന ദീപാവലി ആഘോഷങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മംദാനി വിമർശനമുന്നയിച്ചിരുന്നു. ഇന്ത്യയെ ചില വിഭാഗങ്ങൾക്ക് മാത്രം ഇടമുള്ള ഒരു സ്ഥലമാക്കി മാറ്റുകയാണ് മോദിയുടേയും ബി.ജെ.പിയുടെയും ലക്ഷ്യമെന്നായിരുന്നു വിമർശനം. എല്ലാ വിഭാഗം ആളുകളെയും എല്ലാ മതസ്ഥരേയും ഉൾക്കൊള്ളുന്ന ഇന്ത്യയെന്ന തന്റെ സങ്കൽപമാണ് മോദി വിമർശനത്തിന്റെ കാതലെന്നും സൊഹ്റാൻ മംദാനി പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പ് സംവാദങ്ങളിൽ ഇസ്രായേലിന്റേത് വംശഹത്യ തന്നെയാണെന്ന തന്‍റെ നിലപാട് സൊഹ്റാൻ മംദാനി ആവർത്തിച്ചിരുന്നു.

നവംബർ 4 നാണ് ന്യൂയോർക്ക് നഗരത്തിലെ തെരഞ്ഞെടുപ്പ് നടക്കുക. പുതിയ മേയർ പുതുവർഷത്തിൽ അധികാരമേൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    
News Summary - Elon Musk calls Zohran Mamdani the future of Democratic party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.