എഡ് ഷീരൻ, മാക്കിൾമോർ

'ഗസ്സയിൽ നടക്കുന്നത് നീതീകരിക്കാനാവാത്ത വലിയ ദുരന്തം'; വിവാദങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി എഡ് ഷീരൻ

ഫിലാഡൽഫിയ: ഫലസ്തീൻ അനുകൂല പരാമർശം നടത്തിയതിനെ തുടർന്ന് സഹഗായകൻ മാക്കിൾമോറിനെ ടൂറിൽ നിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി പ്രശസ്ത ഗായകൻ എഡ് ഷീരൻ. തന്റെ സംഗീതവും വേദികളും രാഷ്ട്രീയത്തിനുള്ളതല്ലെന്നും മറിച്ച് ഐക്യത്തിനും മനുഷ്യത്വത്തിനും വേണ്ടിയുള്ളതാണെന്നും വ്യക്തമാക്കിയ അദ്ദേഹം, ഗസ്സയിൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ 'വലിയ ദുരന്തവും ഒട്ടും നീതീകരിക്കാനാവാത്തതുമാണ്' എന്ന് തുറന്നുപറഞ്ഞു. ഫിലാഡൽഫിയയിലെ ലിങ്കൺ ഫിനാൻഷ്യൽ ഫീൽഡിൽ നടന്ന സോളോ സംഗീത പരിപാടിയുടെ തുടക്കത്തിലായിരുന്നു ഷീരന്റെ പ്രതികരണം.

2023 ഒക്ടോബർ 7-ന് ഇസ്രായേലിൽ നടന്ന ആക്രമണങ്ങൾ ഭയാനകമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഗസ്സയിലെ സിവിലിയൻമാരുടെയും കുട്ടികളുടെയും കൂട്ടമരണങ്ങളും വൻ നാശനഷ്ടങ്ങളും തന്റെ ഹൃദയം തകർക്കുന്നതാണെന്ന് സദസ്സിനോട് പറഞ്ഞു. സെപ്റ്റംബർ 5-ന് ന്യൂജേഴ്‌സിയിൽ നടന്ന ഷോയിൽ 'ഫ്രീ ഫലസ്തീൻ' എന്ന് മാക്കിൾമോർ പരസ്യമായി മുദ്രാവാക്യം മുഴക്കിയതിനെ തുടർന്നാണ് അദ്ദേഹത്തെ ടൂറിൽ നിന്ന് മാറ്റിയത്. ന്യൂ ഇംഗ്ലണ്ട് പാട്രിയറ്റ്സ് ടീം ഉടമ റോബർട്ട് ക്രാഫ്റ്റിന്റെ സമ്മർദ്ദത്തെ തുടർന്നാണ് ഈ തീരുമാനമെന്നും ഇതിൽ തനിക്ക് നേരിട്ട് പങ്കില്ലെന്നും ഷീരൻ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ മാക്കിൾമോറിനെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് ഷീരന്റെ വരാനിരിക്കുന്ന ടൂറുകളിൽ നിന്ന് ലൂക്കാസ് ഗ്രഹാം, ആരോൺ റോവ് എന്നിവരും, ബില്ലി എയ്‌ലിഷിന്റെ സഹോദരൻ ഫിനിയാസും നേരത്തെ തന്നെ സ്വമേധയാ പിന്മാറിയിരുന്നു.

പരിപാടി ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് വേദിക്ക് പുറത്ത് ഫലസ്തീൻ അനുകൂല സംഘടനകൾ ഷീരന്റെ നിലപാടിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു. ഒരു വർഷം മുമ്പ് ടിക്കറ്റ് എടുത്ത പല ആരാധകരും ഷീരന്റെ നിഷ്പക്ഷ നിലപാടിൽ പ്രതിഷേധിച്ച് ടിക്കറ്റ് റദ്ദാക്കി സമരത്തിൽ പങ്കാളികളായി. അതേസമയം, ഫലസ്തീൻ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മാക്കിൾമോർ 10 ലക്ഷം ഡോളർ സംഭാവന പ്രഖ്യാപിക്കുകയും റോബർട്ട് ക്രാഫ്റ്റിനോട് ഇതിനൊപ്പം പങ്കുചേരാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഷീരനും ക്രാഫ്റ്റും 20 ലക്ഷം ഡോളർ വീതം ദുരിതാശ്വാസത്തിന് സംഭാവന ചെയ്യാൻ സമ്മതിച്ചതായി റിപ്പോർട്ടുകളുണ്ടെങ്കിലും ഇത് ഏത് ഏജൻസിക്കാണ് നൽകുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. വിവിധ വീക്ഷണങ്ങളുള്ള ഏവർക്കും തന്റെ സംഗീത പരിപാടികളിലേക്ക് സ്വാഗതമാണെന്നും സ്നേഹവും പ്രതീക്ഷയും പങ്കിടാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ഷീരൻ കാണികളോട് വ്യക്തമാക്കി.

Tags:    
News Summary - Gaza Crisis 'Unjustifiable': Ed Sheeran Breaks Silence at Philadelphia Concert Amid Macklemore Tour Row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.