എബോള വൈറസ്: ബാധിതർ 600 കടന്നു, 139 മരണം സ്ഥീരീകരിച്ചെന്ന് ലോകാരോഗ്യ സംഘടന മേധാവി

ജനീവ: ലോകത്തെ വീണ്ടും ഭീതിയിലാഴ്ത്തുന്ന എബോള വൈറസ് ഇതുവരെ 600 ഓളം പേർക്ക് ബാധിച്ചിട്ടുണെന്ന് സംശയിക്കുന്നതായും 139 പേർ മരണപ്പെട്ടതായും ലോകാരോഗ്യ സംഘടനയുടെ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയസൂസ് അറിയിച്ചു. രോഗലക്ഷണങ്ങൾ കണ്ടെത്തുന്നതിന് മുമ്പുതന്നെ വൈറസ് വ്യാപനം ശക്തമായതിനാൽ വരുംദിവസങ്ങളിൽ മരണസംഖ്യയും രോഗബാധിതരുടെ എണ്ണവും ഇനിയും ഉയർന്നേക്കാമെന്നാണ് വിലയിരുത്തൽ.

വൈറസിന്റെ അപൂർവ ഇനമായ 'ബുണ്ടിബുഗ്യോ' വകഭേദമാണ് ഇപ്പോൾ പടർന്നുപിടിക്കുന്നത്. ജനീവയിൽ ചേർന്ന ലോകാരോഗ്യ സംഘടനയുടെ അടിയന്തര സമിതി യോഗം നിലവിലെ സാഹചര്യത്തെ 'അന്താരാഷ്ട്ര ആശങ്ക നിറഞ്ഞ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ'യായി പ്രഖ്യാപിച്ചു. എന്നാൽ, ഇത് ഒരു ആഗോള മഹാമാരിയായി മാറിയിട്ടില്ലെന്നും യോഗം വിലയിരുത്തി.

സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത്, വിദഗ്ധ സമിതിയോട് മുൻകൂട്ടി ആലോചിക്കാതെത്തന്നെ ഡയറക്ടർ ജനറൽ കഴിഞ്ഞ വാരാന്ത്യത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ചരിത്രത്തിലാദ്യമായാണ് ലോകാരോഗ്യ സംഘടന മേധാവി ഇത്തരമൊരു അടിയന്തര നടപടി സ്വീകരിക്കുന്നത്.

അതേസമയം, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് ബാധ പടർന്നുപിടിക്കുന്നുണ്ട്. രോഗവ്യാപനം തടയുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമുള്ള തീവ്രശ്രമത്തിലാണ് ലോകാരോഗ്യ സംഘടന.

എന്താണ് എബോള?

രോഗബാധിതരായ വ്യക്തികളുടെ ശരീരസ്രവങ്ങളുമായോ രക്തവുമായോ നേരിട്ട് സമ്പർക്കത്തിൽ വരുന്നതിലൂടെ പടരുന്ന മാരകമായ രക്തസ്രാവ പനിയാണ് എബോള. വളരെ അപൂർവമായി മാത്രം കാണപ്പെടുന്ന ഈ രോഗം ബാധിച്ചാൽ മരണം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. എബോള വൈറസ് ബാധിച്ചാൽ സാധാരണയായി 2 മുതൽ 21 ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. തുടക്കത്തിൽ സാധാരണ പനിയുടെ ലക്ഷണങ്ങളാണെങ്കിലും പിന്നീട് ഇത് ഗുരുതരമായ അവസ്ഥയിലേക്ക് മാറും.

Tags:    
News Summary - Ebola virus: Cases exceed 600, 139 deaths confirmed, says WHO chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.