ഹേഗിൽ ഡച്ച് പൊലീസും വലതുപക്ഷ കുടിയേറ്റ വിരുദ്ധരും തമ്മിൽ ഏറ്റുമുട്ടി; 30 പേർ അറസ്റ്റിൽ

ഹേഗ്: ഹേഗിൽ നടന്ന അക്രമാസക്തമായ കുടിയേറ്റ വിരുദ്ധ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ഡച്ച് പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. മുപ്പതു പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു. കാമറ ദൃശ്യങ്ങൾ പരിശോധിക്കുന്നതായും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും അധികൃതർ സൂചിപ്പിച്ചു.

ദേശീയ തെരഞ്ഞെടുപ്പിന് ഒരു മാസം മുമ്പ്, കർശനമായ കുടിയേറ്റ നയങ്ങളും അഭയാർഥികളെ നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ട് ഒരു വലതുപക്ഷ സംഘടന നടത്തിയ പ്രതിഷേധത്തിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട ഡച്ച് പതാകകൾ വീശിയ നിരവധി പ്രതിഷേധക്കാർ പൊലീസുമായി അക്രമാസക്തരായി ഏറ്റുമുട്ടുകയും കല്ലുകളും കുപ്പികളും എറിയുകയും ചെയ്തതായി മാധ്യമ ദൃശ്യങ്ങൾ കാണിച്ചു. പൊലീസ് വാഹനത്തിന് തീയിടുകയും പ്രകടനം നടന്ന സ്ഥലത്തിന് സമീപത്തെ ഹൈവേ താൽക്കാലികമായി അടക്കുകയും ചെയ്തു. ബാരിക്കേഡുൾ സ്ഥാപിച്ച ഡച്ച് പാർലമെന്റ് സമുച്ചയത്തിലേക്ക് ഒരു കൂട്ടം കലാപകാരികൾ നീങ്ങി. മധ്യ-ഇടതുപക്ഷ ഡി66 പാർട്ടിയുടെ ആസ്ഥാനത്ത് പ്രതിഷേധക്കാർ നിരവധി ജനലുകൾ തകർത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

‘നിങ്ങൾക്ക് ഞങ്ങളെ ഭയപ്പെടുത്താൻ കഴിയുമെന്ന് കരുതുന്നുവെങ്കിൽ കഷ്ടം. തീവ്ര കലാപകാരികൾ നമ്മുടെ മനോഹരമായ രാജ്യം ഇല്ലാതാക്കാൻ ഞങ്ങൾ ഒരിക്കലും അനുവദിക്കില്ല’ എന്ന് ഡി 66 പാർട്ടിയുടെ നേതാവ് റോബ് ജെറ്റൻ ‘എക്സിൽ’ എഴുതി. നെതർലൻഡ്‌സിലെ മുൻ തെരഞ്ഞെടുപ്പിൽ വിജയിച്ച കുടിയേറ്റ വിരുദ്ധ പോപ്പുലിസ്റ്റ് രാഷ്ട്രീയക്കാരനായ ഗീയർട്ട് വൈൽഡേഴ്‌സിനെ പ്രകടനത്തിൽ സംസാരിക്കാൻ ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം പങ്കെടുത്തില്ല.

Tags:    
News Summary - Dutch police clash with anti-immigration protesters in The Hague

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.