ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ ആദരിച്ച് യുഎസ് പ്രതിനിധി സഭയിൽ പ്രമേയം
വാഷിങ്ടൺ: ദുബൈയിൽ നിന്ന് തെൽ അവീവിലേക്കുള്ള ഫ്ലൈദുബൈ വിമാനത്തിലെ യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ചുകൊണ്ട് യു.എസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ചു. ന്യൂജേഴ്സിയിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗമായ ജോഷ് ഗോട്ടെയ്മറാണ് ഈ പ്രമേയം അവതരിപ്പിച്ചത്.
ഫ്ലൈദുബൈക്ക് നേരെ ഉണ്ടായ ആക്രമണത്തെ ഒരു ഭീകരപ്രവർത്തനമായും അന്താരാഷ്ട്ര വ്യോമയാന സുരക്ഷക്ക് നേരെയുള്ള കടന്നുകയറ്റമായും പ്രമേയത്തിൽ അപലപിച്ചു. കൂടാതെ, വിമാനത്തിനുള്ളിൽ അതിക്രമം തടയാൻ സഹായിച്ച ഡ്യൂട്ടിയിലല്ലാതിരുന്ന പൈലറ്റുമാർ, കാബിൻ ക്രൂ അംഗങ്ങൾ, യാത്രക്കാർ എന്നിവരുടെ ഇടപെടലുകളെയും പ്രമേയത്തിൽ അഭിനന്ദിച്ചു.
സൗദി അറേബ്യയും യു.എ.ഇയും സംഭവത്തിൽ സമഗ്രവും വേഗത്തിലുള്ളതുമായ അന്വേഷണം നടത്തണമെന്നും അമേരിക്കയെയും ഇസ്രായേലിനെയും ഇതിന്റെ വിവരങ്ങൾ കൃത്യമായി അറിയിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നുണ്ട്.
ദുബൈയിൽ നിന്ന് ഇസ്രായേലിലേക്ക് പുറപ്പെട്ട വിമാനത്തിൽ വെച്ച് സഹപൈലറ്റ് വിമാനം തകർക്കാൻ ശ്രമിച്ചെന്നും, അതിനെ ക്യാപ്റ്റൻ സ്മിത് മച്ചാർ സാഹസികമായി ചെറുത്തു തോൽപ്പിച്ചെന്നുമാണ് റിപ്പോർട്ടുകൾ. ഒമാൻ പൗരനായ ഹമാം അൽ-ഹമ്മാമി ആണ് മച്ചാറെ ആക്രമിക്കുകയും വിമാനത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്തത്. തീവ്രവാദ ആശയങ്ങളുമായി ബന്ധപ്പെട്ട് ഇയാളെ ഒമാനിൽ പറക്കുന്നതിൽ നിന്ന് നേരത്തെ വിലക്കിയിരുന്നതായി റിപ്പോർട്ടുകളുണ്ട്.
കോക്പിറ്റിലെ എമർജൻസി കോടാലി ഉപയോഗിച്ചാണ് സഹപൈലറ്റ് ക്യാപ്റ്റൻ മച്ചാറെ ആക്രമിക്കുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തത്. 174 യാത്രക്കാരുമായി സഞ്ചരിച്ച വിമാനം 34,000 അടി ഉയരത്തിൽ നിന്ന് 17,000 അടിയിലേറെ താഴ്ചയിലേക്ക് അതിവേഗം താഴേക്ക് പതിച്ചു. ഗുരുതരമായി പരിക്കേറ്റ ക്യാപ്റ്റൻ മച്ചാർ കോക്പിറ്റ് വാതിൽ തള്ളിത്തുറന്നതിനെ തുടർന്ന് യാത്രക്കാർക്ക് അകത്തുകയറി അക്രമിയെ കീഴ്പെടുത്തുകയായിരുന്നു.
തുടർന്ന് ഡ്യൂട്ടിയിലല്ലാതിരുന്ന രണ്ട് പൈലറ്റുമാർ ചേർന്ന് സൗദി അറേബ്യയിലെ തബൂക്ക് നഗരത്തിലുള്ള പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽ അസീസ് എയർപോർട്ടിൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. അക്രമിയായ പൈലറ്റിനെ സുരക്ഷാ സേന കസ്റ്റഡിയിലെടുത്തു. ഗുരുതരമായി പരിക്കേറ്റ ക്യാപ്റ്റൻ മച്ചാറെ ആദ്യം അടുത്തുള്ള ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി അബുദബിയിലേക്കും മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.