ലൂവ്റ് മ്യൂസിയം
ഫ്രാൻസിനെയും ലോകത്തെയും ഞെട്ടിച്ചുകൊണ്ട് പാരീസിലെ ലൂവ്റ് മ്യൂസിയത്തിൽനിന്ന് അപൂർവ വസ്തുക്കൾ മോഷ്ടിച്ചവരിൽ മൂന്നുപേരെ ഒരാഴ്ച കൊണ്ടാണ് പൊലീസ് പിടികൂടിയത്. പകൽവെളിച്ചത്തിൽ നടന്ന ഈ മോഷണത്തെ എങ്ങനെയാണ് ഫ്രഞ്ച് പൊലീസ് നേരിട്ടത്? കള്ളൻമാരിലേക്ക് ഒരാഴ്ച കൊണ്ട് പൊലീസ് എത്തിയതെങ്ങനെ?
തുടക്കത്തിൽ ‘പെർഫെക്ട് ഓപറേഷൻ’ എന്ന് തോന്നിച്ചിരുന്ന മോഷണ ദൗത്യത്തെ ഒറ്റുകൊടുത്തത് കള്ളൻമാരുടെ ശരീരം തന്നെയാണെന്ന് പിന്നീട് വ്യക്തമായി. ഇപ്പോൾ പിടിയിലായ മൂന്നുപേരിലേക്കും ഫ്രഞ്ച് പൊലീസ് എത്തിയത് ഇവരുടെ ഡി.എൻ.എ കാരണമാണ്. യൂറോപ്യൻ മ്യൂസിയങ്ങളിലെ സുരക്ഷാപാളിച്ചകളുടെ പരസ്യമായിരുന്നു ലൂവ്റ് കൊള്ളയെങ്കിൽ ഫ്രാൻസിലെ കുറ്റാന്വേഷണ സംവിധാനത്തിൽ ഡി.എൻ.എയുടെ വർധിച്ച പങ്ക് വെളിപ്പെടുത്തുന്നതായിരുന്നു കേസ് അന്വേഷണം.
ലൂവ്റിലെ ഒരു ജാലകം, കള്ളൻമാർ ഉപയോഗിച്ച ഒരു ഹൈ പവർ മോട്ടോർ സ്കൂട്ടർ എന്നിവയിൽ നിന്നാണ് രണ്ടുപേരുടെ ഡി.എൻ.എ സാമ്പിൾ ലഭിച്ചത്. മൂന്നാമന്‍റേത് ലൂവ്റിന്‍റെ രണ്ടാം നിലയിലേക്ക് കയറാൻ ഇവർ ഉപയോഗിച്ച മെക്കാനിക്കൽ ലാഡറിന്‍റെ ബക്കറ്റിൽ നിന്നും. ലൂവ്റ് സുരക്ഷാഗാർഡുമാരിൽ നിന്നും പൊലീസിൽ നിന്നും രക്ഷപ്പെടാനുള്ള തിടുക്കത്തിൽ ഒരു ഗ്ലൗ, മോഷ്ടിച്ചെടുത്ത ഒരു കിരീടം, മെക്കാനിക്കൽ ലാഡർ ഘടിപ്പിച്ച ട്രക്ക് എന്നിവയാണ് കള്ളൻമാർക്ക് നഷ്ടപ്പെട്ടത്. ട്രക്കിനെ തീവെച്ച് നശിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ക്രൈം സീനിൽ നിന്നും കള്ളൻമാർ ഉപേക്ഷിച്ച വസ്തുക്കളിൽ നിന്നുമായി 150 ഫോറൻസിക് സാമ്പിളുകളാണ് അന്വേഷണ ഉദ്യോഗസ്ഥർ ആകെ ശേഖരിച്ചത്. അതിലാണ് മൂന്നുപേരുടെ ഡി.എൻ.എ സാമ്പിളും ഉൾപ്പെട്ടത്. പിടിയിലായ മൂന്നുപേരുടെയും ഡി.എൻ.എ സാമ്പിൾ ഫ്രഞ്ച് പൊലീസിന്‍റെ പക്കൽ നേരത്തെ തന്നെയുണ്ടായിരുന്നു. ഇവരുടെ ക്രിമിനൽ ചരിത്രം കാരണമാണ് ഡി.എൻ.എ സാമ്പിൾ പൊലീസിന്‍റെ പക്കലെത്തിയത്. കൂടുതൽ മോഷണ കേസുകളാണ് ഇവർക്കെതിരെ നേരെത്തയുണ്ടായിരുന്നത്. പൊലീസിന്‍റെ ഡി.എൻ.എ ഡാറ്റാബേസിലെ സാമ്പിളുകളുമായി ലൂവ്റ് സാമ്പിളുകൾ മാച്ച് ചെയ്തിരുന്നില്ലെങ്കിൽ അടുത്തെങ്ങും കള്ളൻമാരിലേക്ക് എത്താൻ പൊലീസിന് കഴിയുമായിരുന്നില്ലെന്ന് മാഴ്സെയിലെ ക്രിമിനൽ അഭിഭാഷകൻ ഗെയ്ത്താൻ പൊയ്തെവിൻ പറയുന്നു. ഫ്രാൻസിലെ ഡി.എൻ.എ ഡാറ്റ ബേസിൽ ഗവേഷണം നടത്തിയയാളാണ് ഗെയ്ത്താൻ.
നാഷനൽ ഓട്ടോമേറ്റഡ് ജനറ്റിക് ഫിംഗർപ്രിന്‍റ് ഫയൽ എന്നറിയപ്പെടുന്ന ഫ്രാൻസിന്‍റെ ഡാറ്റബേസിൽ 44 ലക്ഷം ഡി.എൻ.എ പ്രൊഫൈലുകളാണ് ഉള്ളത്. കഴിഞ്ഞ 30 വർഷം കൊണ്ട് ശേഖരിച്ചതാണ് ഇത്രയും ഡാറ്റ. വിവിധ കുറ്റ കൃത്യങ്ങളിൽ സംശയിക്കപ്പെടുന്നവർ, ശിക്ഷിക്കപ്പെട്ടവർ, പ്രകൃതി ദുരന്തങ്ങളിൽ കൊല്ലപ്പെട്ടവർ എന്നിവരിൽ നിന്നും ശേഖരിച്ചതാണ് ഇത്രയും ഡാറ്റ. കഴിഞ്ഞ മൂന്നുപതിറ്റാണ്ടായി ഫ്രഞ്ച് കുറ്റാന്വേഷണത്തിന്‍റെ ആണിക്കല്ലാണ് അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ഈ ഡാറ്റബേസ്. ഉമിനീർ, വിയർപ്പ്, മുടി, ത്വക്ക്, സെമൻ, രക്തം എന്നിവ വഴിയാണ് ഫോറൻസിക് അന്വേഷകർ ഡി.എൻ.എ തേടുന്നത്.
1998ലാണ് ഫ്രാൻസിൽ ഡി.എൻ.എ ഡാറ്റബേസ് ശാസ്ത്രീയമായി ആരംഭിച്ചത്. ‘ഈസ്റ്റേൺ പാരീസ് കില്ലർ’ എന്നറിയപ്പെട്ട കുപ്രസിദ്ധ കൊലയാളി ഗയ് ജോർജസിന്‍റെ അറസ്റ്റാണ് അതിലേക്ക് നയിച്ചത്. ആയുധം കൊണ്ട് ഒരു യുവതിയെ അക്രമിച്ചതിന് ജോർജസ് അറസ്റ്റിലായിരുന്നു. അന്നത്തെ രീതി പോലെ അയാളുടെ ഡി.എൻ.എ ശേഖരിക്കുകയും ചെയ്തു. പക്ഷേ, കേന്ദ്രീകൃത ഡാറ്റ ബേസ് അക്കാലത്ത് ഉണ്ടായിരുന്നില്ല.
അതുകൊണ്ട് തന്നെ ഇയാൾ ഇതിന് മുമ്പ് ചെയ്ത അഞ്ചു ബലാൽസംഗ കൊലപാതകങ്ങളിലെ ഡി.എൻ.എ സാമ്പിളുകളുടെ വിവരം അറസ്റ്റ് സമയത്ത് അറിഞ്ഞിരുന്നുമില്ല. ഏതാനും മാസത്തെ ശിക്ഷക്ക് ശേഷം ഇയാൾ സുഖമായി പുറത്തിറങ്ങി. പിന്നെയും രണ്ടും വനിതകളെ ബലാൽസംഗം ചെയ്തു കൊന്നു. ഈ കേസുകളിൽ പിടിയിലായി ഇയാളുടെ പശ്ചാത്തലം അന്വേഷിച്ചപ്പോഴാണ് പഴയ കേസുകൾ കൂടി തെളിഞ്ഞത്. ഇതോടെയാണ് ദേശീയ തലത്തിൽ ഏകീകൃത ഡി.എൻ.എ ഡാറ്റാബേസിന്‍റെ ആവശ്യകത എല്ലാവരും തിരിച്ചറിഞ്ഞത്. ആദ്യകാലത്ത് ലൈംഗിക കുറ്റവാളികളുടെ ഡി.എൻ.എ മാത്രമാണ് ഡാറ്റാബേസിൽ ഉൾക്കൊള്ളിച്ചത്. അഞ്ചുവർഷത്തിന് ശേഷം എല്ലാത്തരം കുറ്റവാളികളുടെയും വിവരങ്ങൾ ഉൾപ്പെടുത്തി ആശയം വിപുലപ്പെടുത്തി. കൊലപാതകം, ഭീകരവാദം, മയക്കുമരുന്ന് കടത്ത്, ആക്രമണം, മോഷണം, വസ്തുവകകൾ നശിപ്പിക്കൽ തുടങ്ങിയ കേസുകളിലാണ് പ്രധാന ഫോക്കസ്.
സംഭവം ഇങ്ങനെയൊക്കെ ആണെങ്കിലും, ഡി.എൻ.എ ഉപയോഗിച്ച് കള്ളൻമാരെ പിടിച്ചെങ്കിലും അവർ അടിച്ചുകൊണ്ടുപോയ ലൂവ്റിലെ അമൂല്യ വസ്തുക്കളുടെ അവസ്ഥ എന്താണെന്നത് ഇപ്പോഴും നിഗൂഡമായി തുടരുകയാണ്. അത് സംബന്ധിച്ച് കൂടുതൽ വിവരങ്ങളൊന്നും ഫ്രഞ്ച് പൊലീസ് പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.