'ജനാധിപത്യത്തിന് നേരെയുണ്ടായ ആക്രമണം; നാം ഇതും സഹിക്കും, അതിജീവിക്കും'

വാഷിങ്ടൺ: ജനാധിപത്യത്തിന് നേരെയുണ്ടായ ആക്രമണമാണ് യു.എസ് പാർലമെന്‍റ് മന്ദിരത്തിന് നേരെ ട്രംപ് അനുകൂലികൾ കാണിച്ച അക്രമമെന്ന് നിയുക്ത യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ. യുദ്ധത്തിലൂടെയും കലാപത്തിലൂടെയും ഏറെ സഹിച്ചവരാണ് അമേരിക്കൻ ജനത. നാം ഇതും സഹിക്കുമെന്നും അതിജീവിക്കുമെന്നും ജോ ബൈഡൻ പറഞ്ഞു.

നമ്മുടെ ജനാധിപത്യം ദുർബലമാണെന്ന വേദനിപ്പിക്കുന്ന ഓർമപ്പെടുത്തലാണ് ഇന്നത്തെ സംഭവം. ജനാധിപത്യത്തെ സംരക്ഷിക്കാൻ ഇച്ഛാശക്തിയുള്ള നേതാക്കൾ വേണം. നിവർന്നു നിൽക്കാൻ ധൈര്യമുള്ള, വ്യക്തിതാൽപര്യങ്ങൾക്കതീതമായി പൊതു നന്മക്കായി അധികാരം വിനിയോഗിക്കുന്ന നേതൃത്വം വേണം.

ലോകം മുഴുവൻ നമ്മെ കാണുകയാണ്. ഞാൻ അക്ഷരാർഥത്തിൽ സ്തബ്ധനാണ്. യുദ്ധത്തിലൂടെയും കലാപത്തിലൂടെയും ഏറെ സഹിച്ചവരാണ് അമേരിക്കൻ ജനത. നാം ഇതും സഹിക്കും. ജനാധിപത്യം, മര്യാദ, ആദരവ്, ബഹുമാനം, നിയമവാഴ്ച എന്നിവ പുന:സ്ഥാപിക്കാനാവും ഈ നിമിഷത്തിലെയും വരാനിരിക്കുന്ന നാല് വർഷത്തെയും പരിശ്രമം -ബൈഡൻ പറഞ്ഞു.

ഇപ്പോൾ നടക്കുന്നത് വിയോജിപ്പല്ല, അക്രമമാണ്. രാജ്യദ്രോഹത്തിന്‍റെ വക്കോളമെത്തി. ഇത് അവസാനിപ്പിക്കണം. പ്രസിഡന്‍റ് ട്രംപ് ദേശീയ ടെലിവിഷനിലൂടെ അക്രമികളോട് പിൻവാങ്ങാൻ നിർദേശിക്കണമെന്നും ബൈഡൻ ആവശ്യപ്പെട്ടു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.